ചിത്രകൂട് : യുപിയിലെ ക്ഷേത്രത്തിൽ നിന്നും വിഗ്രഹങ്ങൾ മോഷ്ടിച്ചവർ ഭയപ്പാടിൽ മോഷണവസ്തുക്കൾ ദിവസങ്ങൾക്കകം തിരികെ എത്തിച്ചു. ചിത്രകൂടിലുള്ള ബാലാജി ക്ഷേത്രത്തിലെ പതിനാറ് വിഗ്രഹങ്ങളാണ് മോഷണം പോയത്. എട്ട് ലോഹങ്ങളുടെ കൂട്ടിൽ നിർമ്മിക്കപ്പെട്ട 'അഷ്ടധാതു' വിഗ്രഹങ്ങളാണ് മോഷണം പോയത്. ഏറെ മൂല്യമുള്ള വിഗ്രഹങ്ങൾ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ഗ്രാമവാസികൾ ഇപ്പോൾ.
തരൗൺഹയിലെ പുരാതന ബാലാജി ക്ഷേത്രത്തിൽ നിന്നാണ് കോടികൾ വിലമതിക്കുന്ന 16 അഷ്ടധാതു വിഗ്രഹങ്ങൾ മോഷ്ടിക്കപ്പെട്ടത്. ഇതിൽ പതിനാലെണ്ണമാണ് തിരികെ ലഭിച്ചത്. തിരികെ വിഗ്രഹങ്ങൾ കൊണ്ടിട്ട മോഷ്ടാക്കൾ അതിൽ ഒരു കത്തും വച്ചിരുന്നു. വിഗ്രഹങ്ങൾ മോഷ്ടിച്ചത് മുതൽ തങ്ങൾക്ക് ഉറക്കം നഷ്ടമായെന്നും. എന്നും ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരുന്നതായും കത്തിൽ വിവരിക്കുന്നു. പുരോഹിതന്റെ വീടിന് സമീപത്ത് നിന്നുമാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ വിഗ്രഹങ്ങളടങ്ങിയ ചാക്ക് ലഭിച്ചത്.