SignIn
Kerala Kaumudi Online
Thursday, 25 April 2024 6.27 AM IST

കാൻ ഇന്ത്യയെ ആഘോഷിക്കുമ്പോൾ

photo

കാൻ ചലച്ചിത്രോത്സവത്തിന്റെ 75-ാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ് ഫ്രഞ്ച് റിവിയേരയുടെ നിശബ്ദ തീരങ്ങൾ. ഇക്കൊല്ലം 'മാർച്ചെ ഡു ഫിലിംസിന്റെ' പ്രഥമ നിശയിൽ 'ഫോക്കസ് കൺട്രി' നമ്മുടെ ഇന്ത്യയാണ്. രാജ്യത്തിന്റെ ചലച്ചിത്ര മികവ്, സാങ്കേതിക വൈദഗ്ദ്ധ്യം, സമ്പന്നമായ സംസ്‌കാരം, കഥപറച്ചിലിന്റെ മഹത്തായ പൈതൃകം എന്നിവ ആഗോള പ്രേക്ഷകർക്കു പകർന്നുനൽകാൻ ഇതിലൂടെ സാധിക്കും. നയതന്ത്ര ബന്ധത്തിന്റെ 75-ാം വർഷം ആഘോഷിക്കുകയാണ് ഇന്ത്യയും ഫ്രാൻസും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാരീസ് സന്ദർശനവും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷിചർച്ചയും ഈ സാഹചര്യത്തിൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഈ സുപ്രധാന നയതന്ത്ര പശ്ചാത്തലത്തിലാണ് കാൻ ചലച്ചിത്രോത്സവത്തിലെ 'മാർച്ചെ ഡു ഫിലിമി'ലെ ആദ്യത്തെ 'കൺട്രി ഓഫ് ഓണർ' ആയി ഇന്ത്യയെ തിരഞ്ഞെടുത്തത്.

ഇന്ത്യ-ഫ്രാൻസ് ബന്ധം കരുത്താർജ്ജിക്കുന്നതിൽ 'ഫെസ്റ്റിവൽ ഡി കാൻസ്' തുടക്കം മുതൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1946ൽ ഇന്ത്യൻ ചലച്ചിത്രകാരൻ ചേതൻ ആനന്ദിന്റെ 'നീച നഗർ' എന്ന ചിത്രത്തിന് പാം ഡി ഓർ സമ്മാനിച്ചുകൊണ്ടായിരുന്നു ആദ്യ ചുവട്. ദശാബ്ദത്തിനിപ്പുറം 1956ൽ സത്യജിത് റേയുടെ 'പഥേർ പാഞ്ചാലി' പാം ഡി ഓർ നേടി. 2013ൽ അമിതാഭ് ബച്ചനെ ചലച്ചിത്രോത്സവത്തിനു തുടക്കം കുറിക്കാൻ ക്ഷണിച്ചു. വർഷങ്ങളായി നിരവധി ഇന്ത്യൻ സിനിമാപ്രവർത്തകർ കാൻ മേളയിൽ ജൂറി അംഗങ്ങളായിട്ടുണ്ട്.

നിരവധി കാര്യങ്ങളാൽ കാനിൽ ഇക്കൊല്ലം ഇന്ത്യയുടെ സാന്നിദ്ധ്യം പ്രാധാന്യമർഹിക്കുന്നു. ഇതാദ്യമായാണ് നമ്മുടെ സിനിമാ മികവിന്റെ വൈവിദ്ധ്യം റെഡ് കാർപ്പറ്റിൽ അണിനിരക്കുന്നത്. വിവിധ ഭാഷകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള അഭിനേതാക്കളുടേയും ചലച്ചിത്ര നിർമ്മാതാക്കളുടെയും പ്രതിനിധികൾ മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമിൽ നിന്നുള്ളവരും ഇവിടെയെത്തുന്നു. മികച്ച സംഗീത സംവിധായകരുടെയും ആബാലവൃദ്ധം പ്രേക്ഷകരുടെയും ഹൃദയത്തിലിടം നേടിയ നാടോടി കലാകാരന്റെയും കരുത്തുറ്റ സാന്നിദ്ധ്യവും ഇക്കുറി കാനിലുണ്ടാകും. മേളയിൽ ഇന്ത്യൻ സിനിമയുടെ ഊർജ്ജസ്വലതയും വൈവിദ്ധ്യവും വെളിവാക്കാനായി ഇന്ത്യൻ സംഗീതജ്ഞരുടെ കലാവിരുന്ന് ഇന്ത്യാ പവലിയനിൽ അരങ്ങേറും.

മാദ്ധ്യമ-വിനോദ മേഖലകളിൽ നിന്നുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പുകളും തങ്ങളുടെ സാങ്കേതിക വൈദഗ്ദ്ധ്യം ലോകത്തെ തുറന്നുകാട്ടാൻ ഇവിടെയെത്തും. ലോകോത്തര നിലവാരമുള്ള അനിമേഷൻ പ്രൊഫഷണലുകളും എവിജിസി മേഖലയിൽ കുതിച്ചുചാട്ടത്തിനായി അണിനിരക്കും. കാനിൽ ആദ്യമായി പ്രദർശിപ്പിക്കുന്ന വിവിധ പ്രാദേശിക ഭാഷകളിലെ നിരവധി സിനിമകൾക്കൊപ്പം 'റോക്കട്രി'യുടെ ലോകത്തെ ആദ്യ പ്രദർശനം ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സത്യജിത് റേയുടെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന്റെ 'പ്രതിധ്വന്തി'യുടെ 'റീമാസ്റ്റേർഡ് പതിപ്പ്' കാൻ ക്ലാസിക് വിഭാഗത്തിൽ പ്രദർശിപ്പിക്കും.

കാനിൽ ഇന്ത്യ ആഘോഷിക്കപ്പെടുന്നതും നമ്മുടെ ചലച്ചിത്ര മികവിന് ലോകം തരുന്ന ആദരവും നമ്മുടെ രാജ്യത്തെ 'ലോകത്തിന്റെ കണ്ടന്റ ഹബ്' ആക്കി മാറ്റുകയാണ്. ഇന്ന് രുചിയും തിരഞ്ഞെടുപ്പും ആഖ്യാനവും പടിഞ്ഞാറിൽ നിന്നു മാറി കിഴക്കിലെത്തിയിരിക്കുന്നു. ഇന്ത്യയുടെ പ്രയാണം സിനിമകളിലൂടെ മനോഹരമായി ചിത്രീകരിക്കപ്പെടുകയും വിവരിക്കുകയും ചെയ്തിട്ടുണ്ട്. 'ആസാദി കാ അമൃത് മഹോത്സവം' ആഘോഷിക്കുന്ന വേളയിൽ, നമ്മുടെ സ്വാതന്ത്ര്യ പോരാട്ടത്തിൽ, പ്രക്ഷുബ്ധമായ സമയങ്ങളിലും നമ്മുടെ വിജയങ്ങളിലും, സിനിമ വഹിച്ച നിർണായക പങ്ക് നാം ഓർക്കേണ്ടതുണ്ട്.

മാദ്ധ്യമങ്ങളും വിനോദമേഖലയും ഇന്ന് ഇന്ത്യൻ 'സർഗാത്മക' സമ്പദ്‌വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നൽകുന്നതിനൊപ്പം അവയെ ലോകത്തിനു മുന്നിലെത്തിക്കുകയും ചെയ്യുന്നു. ചലച്ചിത്രനിർമാണവും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി സർക്കാർ നിരവധി സംരംഭങ്ങളാണ് വിഭാവനം ചെയ്തിട്ടുള്ളത്. 2018ൽ, 12 'ചാമ്പ്യൻ സേവന മേഖലകളിൽ' ഒന്നായി ഓഡിയോ വിഷ്വൽ സേവനങ്ങളെ കണക്കാക്കി. ഈ മേഖലയിൽ കുതിച്ചുചാട്ടത്തിനും നയരൂപരേഖ തയ്യാറാക്കാനും വ്യവസായ പ്രമുഖർ ഉൾപ്പെടുന്ന എവിജിസി ദൗത്യസംഘത്തിന് രൂപം നൽകി. ഇന്ത്യയെ 'ലോകത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ഹബ്' ആയി മാറ്റാനാണ് മുൻഗണന നൽകുന്നത്.

നമ്മുടെ സിനിമാ പാരമ്പര്യം സംരക്ഷിക്കാനും ഭാവിതലമുറയ്ക്ക് പ്രോത്സാഹനമേകാനുമുള്ള കാഴ്ചപ്പാടിന് അനുസൃതമായി ഏതാനും ആഴ്ചകൾക്ക് മുമ്പ്, ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽവത്‌കരണവും പുനരുദ്ധാരണ പ്രക്രിയയും ആരംഭിച്ചു. 5900 ഷോർട്ട് ഫിലിമുകൾ, ഡോക്യുമെന്ററികൾ, ഫീച്ചറുകൾ എന്നിവ ഇതിലൂടെ പുനഃസൃഷ്ടിച്ചു.

ലോകമെമ്പാടും മാദ്ധ്യമവ്യവസായത്തിന്റെയും ഉള്ളടക്ക നിർമ്മാണത്തിന്റെയും ഉപഭോഗത്തിന്റെയും വിതരണത്തിന്റെയും സ്വഭാവം മാറിയിരിക്കുന്നു. നിർമ്മിതബുദ്ധിയുടെ ആവിർഭാവം, വെർച്വൽ റിയാലിറ്റി, മെറ്റാവേർസ് പോലുള്ള സാങ്കേതികവിദ്യകൾ തുടങ്ങിയവ ഐ.ടി വൈദഗ്ദ്ധ്യമുള്ള നമ്മുടെ രാജ്യത്തെ തൊഴിലാളികൾക്ക് വലിയ സാദ്ധ്യതകൾ നല്‌കുന്നു. ഇന്ത്യയിലെ ഒടിടി വ്യവസായം 2023ഓടെ പ്രതിവർഷം 21ശതമാനം വർദ്ധിച്ച് ഏകദേശം 12,000 കോടി രൂപയിലെത്തുമെന്നാണ് കണക്കാക്കുന്നത്. ഇന്ന്, ഇന്ത്യൻ പ്ലാറ്റ്‌ഫോമുകൾ വിദേശത്തുള്ളവയേക്കാൾ അധികമാണ്. പ്രക്ഷേപകരും ടെലികോം കമ്പനികളും സ്വന്തമായി ഇത്തരം പ്ലാറ്റ്ഫോമുകൾ സജ്ജീകരിക്കാനുള്ള ശ്രമത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CAN FESTIVEL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.