കോഴിക്കോട്: കൊവിഡാനന്തര കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് ഊന്നൽ നൽകുന്നതിനും കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതർക്ക് വ്യവസായ സംരംഭകരാകാനും തൊഴിൽ ദാതാവാകാനും കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 'ഒരു വില്ലേജിൽ ഒരു വ്യവസായ സംരംഭം ' എന്ന പദ്ധതി നടപ്പാക്കുന്നു. ഖാദി ഗ്രാമ വ്യവസായ ബോർഡ് നടപ്പാക്കിവരുന്ന പി.എം.ഇ.ജി.പി/ 'എന്റെ ഗ്രാമം' പദ്ധതികളുടെ തുടർച്ചയാണ് പദ്ധതി. പരമാവധി 25 ലക്ഷം രൂപ വരെ അടങ്കലുള്ള ഗ്രാമ വ്യവസായ യൂണിറ്റുകൾ ആരംഭിക്കാം. 95 ശതമാനം വരെ ബാങ്ക് വായ്പ ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രൊജക്ട് തുകയുടെ 25 ശതമാനം മുതൽ 40 ശതമാനം വരെ സബ്സിഡി ഗ്രാൻഡ് ഖാദി ബോർഡ് വഴി നൽകും. താത്പര്യമുള്ളവർക്ക് ചെറൂട്ടി റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: 0495-2366156.