സിനിമാ, സീരിയൽ താരം വരദയും ഭർത്താവും നടനുമായ ജിഷിനും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സോഷ്യൽ മീഡിയയിലൂടെ താരദമ്പതികൾ ആരാധകരുമായി വിശേഷങ്ങളൊക്കെ പങ്കുവയ്ക്കാറുണ്ട്.
എമി മോൾ മോഹൻ എന്നാണ് വരദയുടെ യഥാർത്ഥ പേര്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് നടിയിപ്പോൾ. സ്കൂളിൽ പഠിക്കുന്ന സമയത്ത് പാട്ടിലോ ഡാൻസിലോ ഒന്നും താൻ പങ്കെടുത്തിരുന്നില്ലെന്ന് വരദ പറയുന്നു.
ജിഷിനും വരദയും രണ്ട് മതത്തിൽപ്പെട്ടവരാണ്. ഇതുമായി ബന്ധപ്പെട്ട് വിവാഹത്തിന് മുൻപ് ജിഷിനോട് പറഞ്ഞ കാര്യങ്ങളെക്കുറിച്ചും നടി വെളിപ്പെടുത്തി. 'ജിഷിനേട്ടൻ അങ്ങനൊരു ഭക്തനൊന്നുമല്ല. ജിഷിനേട്ടന്റെ അച്ഛനും അമ്മയും അങ്ങനെതന്നെ. അച്ഛൻ കൃഷ്ണ ഭക്തനാണ്. എന്നാൽ അങ്ങനെ അമ്പലത്തിൽ പോകണമെന്നൊന്നും പറഞ്ഞിട്ടില്ല. എല്ലാം പേഴ്സണൽ ചോയ്സാണ്.
ഞങ്ങളുടെ വിവാഹം നടക്കുമ്പോൾ തന്നെ ആദ്യമേ ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ വിശ്വാസങ്ങൾ എന്റേത്, നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടേത് എന്ന്. മ്യൂച്ചലി നമ്മൾ റസ്പെക്ട് ചെയ്യണം, മനസിലാക്കണം. എനിക്ക് അമ്പലത്തിൽ പോകാൻ താത്പര്യമുള്ളതുകൊണ്ട് ഞാൻ അവരുടെ കൂടെ പോകുന്നു. എന്റെ കൂടെ വേളാങ്കണ്ണിക്കൊക്കെ ജിഷിൻ ചേട്ടൻ വരും. ദൈവമെന്ന് പറയുന്നത് ഒരേയൊരാളേയുള്ളൂ. എല്ലായിടത്തെയും പോസിറ്റീവ് വൈബ് എടുക്കാനാണ് എനിക്കിഷ്ടം.'- വരദ പറഞ്ഞു.
കല്യാണത്തിന്റെ സമയത്ത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ലെന്ന് നടി വ്യക്തമാക്കി. 'രണ്ട് ഫാമിലിയും എല്ലാ മതങ്ങളെയും റെസ്പെക്ട് ചെയ്യുന്നവരായതുകൊണ്ട് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. കൊച്ചിന്റെ കാര്യത്തിൽ ആദ്യമേ ഞങ്ങളൊരു തീരുമാനത്തിലെത്തിയിരുന്നു. അവനെ ഒരു മതത്തിന്റെ ഭാഗമായിട്ട് ഞങ്ങളായി മാറ്റണ്ട എന്ന്. പ്രായപൂർത്തിയാകുമ്പോൾ അവൻ തീരുമാനിക്കട്ടെ. സ്കൂളിലായാലും ജാതിയും മതവും ഒന്നും ചേർത്തിട്ടില്ല.
സിനിമയിലേക്ക് എങ്ങനെയാണ് എത്തിയതെന്നും നടി വെളിപ്പെടുത്തി. 'മമ്മി ബ്യൂട്ടീഷനാണ്. ആ സമയത്ത് മോഡലുകളെയൊക്കെ ഒരുക്കുമായിരുന്നു. ഒരിക്കൽ കലണ്ടറിന് വേണ്ടി ഫോട്ടോയെടുക്കാൻ ചേച്ചിക്കറിയാവുന്ന ആരെങ്കിലുമുണ്ടോ എന്ന് മമ്മിയോട് ഒരാൾ ചോദിച്ചു. വിചാരിച്ച ആരെയും കിട്ടിയില്ല. അങ്ങനെ മമ്മി മോളുണ്ട് എന്ന് പറഞ്ഞു. ആ ഫോട്ടോഷൂട്ടാണ് വഴിത്തിരിവായത്. ഒരു ലോക്കൽ ചാനലിലെ ആങ്കറിങ്ങിലാണ് തുടങ്ങിയത്'.- നടി പറഞ്ഞു.