തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിലെ ദേശീയ പണിമുടക്കിൽ കെ.എസ്.ആർ.ടി.സിക്ക് 17 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്ന് മാനേജ്മെന്റ് വ്യക്തമാക്കുന്നു. തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കു മൂലം മേയ് ആറിന് സർവീസ് നടത്താതിരുന്നതിന് 10 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഇങ്ങനെ 27 കോടിയാണ് രണ്ട് മാസത്തിനിടെ വരുമാന നഷ്ടം.
ബസ് സർവീസുകളുടെ എണ്ണം കൂട്ടി കെ.എസ്.ആർ.ടി.സിയുടെ ദിവസ വരുമാനം 8.5 കോടി മുതൽ 9 കോടി രൂപ വരെയാക്കാനുള്ള പദ്ധതികളുൾപ്പെട്ട റിപ്പോർട്ടുകൾ പൂട്ടികെട്ടി വച്ചതിന്റെ ഫലമാണ് ശമ്പളം പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കാൻ കാരണം. നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പരിഷ്കരണ പദ്ധതികളാകട്ടെ രാഷ്ട്രീയ ചേരിയുടെ അടിസ്ഥാനത്തിൽ നിന്ന് അന്ധമായി തൊഴിലാളി സംഘടനകൾ എതിർക്കുമ്പോൾ തകിടം മറിയും. ഫലം അനുഭവിക്കുന്നത് തൊഴിലാളികളും.
ഈ മാസം സർവീസിനയച്ചത് 2702 മുതൽ 3721 വരെ ബസുകളാണ്. 3714 ബസുകൾ നിരത്തിലെത്തിയ 15ന് 7.27 കോടി രൂപയായിരുന്നു കളക്ഷൻ. ലോക്ക് ചെയ്ത് മാറ്റിയിട്ടിരിക്കുന്നവയിൽ ചെറിയ അറ്റകുറ്റപ്പണികൾ ചെയ്ത് നിരത്തിലിറക്കാവുന്ന 1650 ബസുകളുണ്ട്. ഈ ബസുകൾ ഗതാഗതയോഗ്യമാക്കി ട്രാൻസ്പോർട്ട് സർവേ നടത്തിയ റൂട്ടുകളിൽ അയച്ചാൽ ദിവസ വരുമാനം 9 കോടി രൂപയിൽ കൂടുതൽ കിട്ടുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
''മാനേജ്മെന്റ് സംവിധാനത്തിന്റെ കഴിവുകേടാണ് കെ.എസ്.ആർ.ടി.സിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. എന്റേത് ഉൾപ്പെടെ പല പഠനറിപ്പോർട്ടുകളും നടപ്പാക്കാത്തതിന് ഒരു കാരണം ട്രേഡ‌് യൂണിയൻ സമ്മർദ്ദമായിരിക്കാം. പക്ഷെ, അത് മറികടക്കേണ്ടത് മാനേജ്മെന്റിന്റെ ജോലിയാണ്''
പ്രൊഫ. സുശീൽഖന്ന