SignIn
Kerala Kaumudi Online
Thursday, 25 April 2024 9.25 PM IST

പൊതുമേഖലാ സംരക്ഷണത്തിന്റെ കേരള മാതൃക

photo

കേന്ദ്രസർക്കാർ സ്വകാര്യവത്‌കരണത്തിന്റെ ഭാഗമായി കൈയൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാരേറ്റെടുത്ത് പുന:സംഘടിപ്പിച്ച വെള്ളൂർ കേരള പേപ്പർ പ്രൊഡക്‌ട്സ് ലിമിറ്റഡ് ഇന്ന് പ്രവർത്തനമാരംഭിക്കുകയാണ്. റെക്കോഡ് വേഗതയിലാണ് കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി പ്രവർത്തനമാരംഭിക്കുന്നത്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള എച്ച്.എൻ.സിയുമായി സംസ്ഥാനം 1972 ൽ കരാറൊപ്പിടുകയും 1979 ൽ 700 ഏക്കർ ഭൂമിയേറ്റെടുത്ത് കമ്പനിക്ക് കൈമാറുകയും ചെയ്തു. തടി ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്തുക്കൾ, വെള്ളം, വൈദ്യുതി എന്നീ സൗകര്യങ്ങളെല്ലാമൊരുക്കി കേരളം വളർത്തിയതാണ് എച്ച് .എൻ.എൽ. വിൽക്കാൻ തീരുമാനിച്ചപ്പോഴും കേരളത്തിന് കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർത്ഥന കേന്ദ്രം പരിഗണിച്ചില്ല. ഇതേത്തുടർന്ന് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ മുമ്പാകെ ലേലത്തിൽ പങ്കെടുത്താണ് സംസ്ഥാനം കമ്പനി ഏറ്റെടുത്തത്. ട്രിബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാദ്ധ്യതകളും അടച്ചുതീർത്തു. സംസ്ഥാന സർക്കാരിന് വേണ്ടി കിൻഫ്ര സമർപ്പിച്ച റെസല്യൂഷൻ പ്ലാൻ അംഗീകരിച്ച് സ്ഥാപനം കേരളത്തിന് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയന്റേയും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റേയും ഇച്ഛാശക്തിയാണ് പൊതുമേഖലയിൽ നിലനിറുത്തി സ്ഥാപനം പ്രവർത്തിപ്പിക്കണമെന്ന തീരുമാനത്തിൽ പ്രതിഫലിച്ചത്.

3000 കോടി വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ചുലക്ഷം മെട്രിക് ടൺ ഉത്‌പാദന ശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറും.

നാല് ഘട്ടങ്ങളായാണ് കെ.പി.പി.എല്ലിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തത്.
ഒന്നാം ഘട്ടമായി അഞ്ചു മാസംകൊണ്ട് ഫാക്ടറി ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കി.


ഫാക്ടറി നവീകരണത്തിനു മാത്രമായി 34.3 കോടിയാണ് അഞ്ചുമാസത്തേക്ക് വകയിരുത്തിയത്. ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 152 ജീവനക്കാരെയും മാനേജീരിയൽ കേഡറിൽ 40 പേരെയും നോൺ മാനേജീരിയൽ കേഡറിൽ 112 പേരെയും കെ.പി.പി.എൽ താത്‌കാലികമായി നിയമിച്ചു. രണ്ടാംഘട്ടത്തിൽ 44.94 കോടി മുതൽ മുടക്കി കെമിക്കൽ മെക്കാനിക്കൽ പ്ലാന്റുകളുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടു.


ഒന്നാം ഘട്ടത്തിൽ നിയമിച്ചവർക്ക് പുറമേ കരാറടിസ്ഥാനത്തിൽ നൂറോളം ജീവനക്കാരെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് മാത്രമായി നിയമിച്ചു. രണ്ടാംഘട്ടം പൂർത്തിയാകുന്നതോടെ കമ്പനിയുടെ നിലവിലുള്ള ശേഷി മുഴുവൻ ഉപയോഗിക്കാനാവും. ഉത്‌പാദനം പുനരാരംഭിക്കുമ്പോൾ പുറത്തുനിന്ന് വാങ്ങുന്ന പൾപ്പാവും കൂടുതലുപയോഗിക്കുക. വുഡ് പൾപ്പിംഗ് സ്ട്രീമുകൾക്കൊപ്പം റീസൈക്കിൾ ചെയ്ത പൾപ്പ് കൂടി ഉപയോഗിക്കുന്നതിലൂടെ കെ.പി.പി.എല്ലിന് താത്‌കാലികമായി പ്രവർത്തിക്കാനാവും. ചെറിയ തോതിൽ റീസൈക്കിൾഡ് പൾപ്പ്, വെർജിൻ പൾപ്പ്, മെക്കാനിക്കൽ പൾപ്പ് എന്നിവ പേപ്പർ നിർമാണത്തിനായി ഉപയോഗിച്ചു തുടങ്ങും.
ആദ്യ മാസങ്ങൾ പരീക്ഷണഘട്ടമായിരിക്കും. മൂന്നാം ഘട്ടത്തിൽ 650 കോടി രൂപയാണ് നിക്ഷേപം. പ്രവർത്തനമാരംഭിച്ച് ഒമ്പതു മാസമാകുമ്പോൾ ലാഭത്തിൽ പ്രകടമായ മാറ്റമുണ്ടാകും. പ്രവർത്തനമാരംഭിച്ചശേഷം കമ്പനിയുടെ സ്വന്തം സംവിധാനത്തിലൂടെയും ബാങ്കുകളുടെ പിന്തുണയോടെയുമാണ് തുക സമാഹരിക്കുക.

മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതിതയ്യാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്.
തൊഴിലാളികളുടെ ജീവിത ചെലവിനൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തികസ്ഥിതിയും ഉത്‌പാദനക്ഷമതയും പരിഗണിച്ചായിരിക്കും സേവനവേതന വ്യവസ്ഥകൾ നിർണയിക്കുക. ഉത്‌പാദന ചെലവ് ആഗോള നിലവാരത്തിന് ഒപ്പം നിറുത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്‌മെന്റിന് പൂർണമായ സ്വാതന്ത്ര്യമുണ്ടായിരിക്കും. സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപ്പെടുക.

ഓരോരുത്തരുടേയും യോഗ്യതയുടേയും പെർഫോമൻസിന്റേയും അടിസ്ഥാനത്തിലായിരിക്കും ജീവനക്കാരുടെ തുടർച്ച നിശ്ചയിക്കുക. അടിമുടി പ്രൊഫഷണലായ മാനേജ്‌മെന്റായിരിക്കും ബോർഡ് മുതൽ താഴേക്ക് ഉണ്ടാവുക. സ്ഥാപനത്തിനാവശ്യമായ രീതിയിൽ മാറ്റം വരുത്താനാവുന്ന അയവേറിയ ഘടനയായിരിക്കും തൊഴിൽ സ്വഭാവത്തിലുൾപ്പെടെ സ്വീകരിക്കുക. കെ.പി.പി എല്ലിനെ ലാഭകരമായി മാറ്റിതീർത്താൽ മാത്രമേ ഇതാണ് ബദലെന്ന് അവകാശപ്പെടാനാവൂ.
അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായസ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ പ്രധാനനേട്ടമായി വിലയിരുത്തപ്പെടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA PAPER PRODUCTS LIMITED
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.