SignIn
Kerala Kaumudi Online
Thursday, 25 April 2024 2.25 PM IST

കാൻസർ പരിശോധന

photo

ഒരു വർഷം കേരളത്തിൽ 35,000 പേർക്ക് പുതുതായി കാൻസർ ബാധിക്കുന്നതായാണ് കാൻസർ രജിസ്ട്രി ഡേറ്റ വ്യക്തമാക്കുന്നത്. പ്രമേഹവും രക്തസമ്മർദ്ദവും ഹൃദ്രോഗവും കഴിഞ്ഞാൽ കാൻസറാണ് കേരളീയരെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്ന രോഗം. ഒരുലക്ഷം പേരിൽ 135 പേർക്കെങ്കിലും ഈ രോഗമുണ്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടിയ നിരക്കാണിത്. സാങ്കേതികമായും സാമ്പത്തികമായും പുരോഗമിച്ച സംസ്ഥാനമെന്ന നിലയിൽ ആഹാരരീതിയിലും ജീവിതശൈലിയിലും പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിലും വന്ന അപകടകരമായ മാറ്റമാണ് ഇതിനിടയാക്കിയത്.

ഇന്ത്യയിലാകെ രണ്ടരക്കോടിയോളം പേർ കാൻസർ ബാധിതരാണ്. പ്രാരംഭദശയിൽ തന്നെ കണ്ടെത്തിയാൽ ഭൂരിപക്ഷം കാൻസറുകളും പൂർണമായി ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ പരിശോധനാ ക്ളിനിക്കുകൾ നഗരങ്ങളിലാണ് കൂടുതലും. കാൻസർ ബാധിച്ച് രോഗലക്ഷണങ്ങൾ വളരെയധികം പ്രകടമാകുമ്പോഴാണ് പലരും ചികിത്സക്കെത്തുക. ഇത് ചികിത്സയുടെ ചെലവ് കൂട്ടുന്നതിനൊപ്പം രോഗനിയന്ത്രണം ഏറെക്കുറെ അസാദ്ധ്യമാക്കുകയും ചെയ്യും. ഈ സാഹചര്യം ഒഴിവാക്കാതെ കാൻസറിനെ ഫലപ്രദമായി തടയാനാകില്ല. ആർദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് എല്ലാ സർക്കാർ ആശുപത്രികളിലും ആഴ്ചയിലൊരു ദിവസം കാൻസർ പരിശോധനാ ക്ളിനിക്കുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന കാൻസർ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി തുടക്കത്തിൽത്തന്നെ രോഗം കണ്ടെത്താനുള്ള സൗകര്യങ്ങളാവും സർക്കാർ ആശുപത്രികളിൽ ഒരുക്കുക. കാൻസർ സെന്ററുകളെയും മെഡിക്കൽ കോളേജുകളെയും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളെയും ഉൾപ്പെടുത്തി കാൻസർ കെയർ ഗ്രിഡ് രൂപീകരിച്ച് ചികിത്സ വികേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. ബോധവത്‌കരണ പരിപാടികളും വീടുകളിലെത്തിയുള്ള വിവരശേഖരണവും ഉണ്ടാകും. ജീവിതശൈലീ രോഗങ്ങൾ കേരളത്തിൽ അപകടകരമായ നിരക്കിലാണ് വർദ്ധിക്കുന്നത്. ഇതുമൂലം കേരളം ആരോഗ്യരംഗത്ത് കൈവരിച്ച നേട്ടങ്ങളുടെ തിളക്കം കുറയും. ഇതു മുൻകൂട്ടിക്കണ്ട് 30 വയസ് കഴിഞ്ഞവരുടെയെല്ലാം ജീവിതശൈലീ രോഗവിവരം ആശാവർക്കർമാർ വഴി ശേഖരിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ജന്തുജന്യ രോഗങ്ങളുടെ പഠനവും അതിന്റെ അടിസ്ഥാനത്തിലുള്ള ഇടപെടലുകളും ലക്ഷ്യമിട്ടുള്ള വൺ ഹെൽത്ത് പദ്ധതിയും ഇതിനൊപ്പം നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

കഴിഞ്ഞ രണ്ടുവർഷമായി ആരോഗ്യരംഗത്തിന്റെ കൂടുതൽ ശ്രദ്ധയും കൊവിഡ് നിയന്ത്രണത്തിലേക്ക് മാറിയിരുന്നു. മറ്റു രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർ കുറെയൊക്കെ അവഗണിക്കപ്പെടാനും ഇതിടയാക്കി. എല്ലാവിഭാഗം രോഗികൾക്കും തുല്യശ്രദ്ധ കിട്ടുന്ന രീതിയിലേക്കുള്ള തിരിച്ചുപോക്കാണ് ഇനി ആവശ്യം. ഇതിന്റെ മുന്നോടിയായാണ് സർക്കാർ ആശുപത്രികളിൽ കാൻസർ പരിശോധനാ ക്ളിനിക്കുകൾ തുടങ്ങുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ കാണേണ്ടത്. ആദ്യഘട്ടത്തിൽ ഈ പരിശോധനാ ക്ളിനിക്കുകൾ നിയോജക മണ്ഡലങ്ങളിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഘട്ടം ഘട്ടമായി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സമയബന്ധിതമായി ഇത് പൂർത്തിയാക്കിയാൽ കാൻസറിനെ നേരിടുന്നതിൽ വലിയൊരു മുന്നേറ്റമായി ഇത് മാറാതിരിക്കില്ല. പ്രാരംഭദശയിൽ തന്നെ രോഗം കണ്ടെത്താൻ സഹായിക്കുമെന്നതാണ് ഇത്തരം ക്ളിനിക്കുകളുടെ ഏറ്റവും വലിയ പ്രയോജനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CANCER TEST
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.