മലപ്പുറം: തിരൂരിൽ സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച കുറ്റികൾ മഴ കനക്കുന്നതിന് മുമ്പേ വെള്ളത്തിനടിയിലായി. പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെ പദ്ധതി കടന്നുപോകുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളുടെ മുന്നറിയിപ്പാണ് ഇതെന്നാണ് നാട്ടുകാരുടെ പ്രതികരണം. തിരൂരിന് സമീപം വെങ്ങലൂരിലെ റെയിൽവേ ട്രാക്കിനോട് ചേർന്ന് കിടക്കുന്ന താഴ്ന്ന ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന കല്ലുകളാണ് മഴയ്ക്ക് മുമ്പ് തന്നെ വെള്ളത്തിലായിരിക്കുന്നത്.
ചെറിയ മഴ പെയ്തപ്പോഴാണ് ഒരു മീറ്ററുള്ള കുറ്റിയുടെ മുക്കാൽ ഭാഗവും മുങ്ങിയത്. ഇടവപ്പാതി പെയ്താൽ ഒന്നര മീറ്ററോളം വെള്ളം കയറും. പദ്ധതി കൂടി വന്നുകഴിഞ്ഞാൽ ജനവാസ പ്രദേശം വെള്ളത്തിലാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. മുൻ വർഷങ്ങളിൽ മഴ ശക്തമായപ്പോൾ അപകടകരമായ രീതിയിലാണ് പ്രദേശത്ത് വെള്ളം ഉയർന്നത്. പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളും സംഘർഷങ്ങളും നടന്ന പ്രദേശം കൂടിയാണിത്.