SignIn
Kerala Kaumudi Online
Friday, 19 April 2024 7.45 PM IST

കുതിപ്പിലേക്ക് ഉന്നത വിദ്യാഭ്യാസം,​ ഒപ്പം വ്യവസായ യൂണിറ്റുകളും സ്റ്റാർട്ട് അപ്പുകളും

dr-r-bindu

അക്കാഡമിക് മികവിന് പ്രാധാന്യം നൽകിയും അടിസ്ഥാന സൗകര്യങ്ങളിൽ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കിയും കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബാക്കി മാ​റ്റാനുള്ള യജ്ഞത്തിലാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ഇതിനായി പാഠ്യപദ്ധതിയും പരീക്ഷാരീതിയും ഉൾപ്പടെ പരിഷ്‌കരിക്കുകയും ഗവേഷണരംഗം മെച്ചപ്പെടുത്തുകയും ചെയ്യും. കേരളത്തിന്റെ ഭാവിസാദ്ധ്യതകൾ ഉന്നതവിദ്യാഭ്യാസ മേഖലയെ ആശ്രയിച്ചായതിനാൽ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും സേവനവും മെച്ചപ്പെടുത്തി സർവകലാശാലകളെ സജ്ജമാക്കുകയാണ് സർക്കാർ.

ഉന്നതവിദ്യാഭ്യാസം അക്കാഡമിക് വൃത്തത്തിൽ ചുരുങ്ങാതെ പ്രായോഗിക ജീവിതത്തിന് ഗുണപ്പെടുന്ന തരത്തിലാക്കുമെന്നാണ് ബഡ്ജറ്റിലെ പ്രഖ്യാപനം. എൻജിനിയറിംഗ് കോളേജുകൾ, പോളിടെക്‌നിക്കുകൾ, ഐ.ടി.ഐകൾ, ആർട്സ് ആൻഡ് സയൻസ് കോളേജുകൾ എന്നിവയോട് ചേർന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകളും സ്റ്റാർട്ട് അപ്പുകളും ഉത്പാദന കേന്ദ്രങ്ങളും സജ്ജമാക്കുന്നത് വിപ്ലവകരമായ മാറ്റമായിരിക്കും. പഠനത്തോടൊപ്പം സാമ്പത്തിക ഉത്പാദന പ്രക്രിയയിലും വിദ്യാർത്ഥികളെ പങ്കാളികളാക്കാനുള്ള തൊഴിൽ-സംരംഭക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമൂലമാറ്റം ലക്ഷ്യമിട്ടാണ്. വിജ്ഞാന സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തി മൂല്യവർദ്ധിത ഉത്പാദനവും ആഭ്യന്തരവരുമാനവും വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ഗവേഷണ കണ്ടെത്തലുകൾ നാടിന്റെ ഉത്പാദന മേഖലയ്ക്ക് ഗുണകരമാക്കും. സർവകലാശാലകളിൽ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ വികസിപ്പിക്കുകയും ഇവയോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ കേന്ദ്രങ്ങളുമുണ്ടാക്കുകയും ചെയ്യും. ഒരുവർഷം കൊണ്ടുതന്നെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാറ്റങ്ങൾക്ക് തുടക്കമിടാൻ മന്ത്രി ആർ.ബിന്ദുവിന് കഴിഞ്ഞു.

ബദൽ മാതൃക

വിദ്യാഭ്യാസരംഗത്ത് മാനവികതയിലും സാമൂഹ്യനീതിയിലും ഊന്നിയ കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം നൽകുന്ന ബദൽ മാതൃക സൃഷ്ടിക്കാനാണ് ശ്രമം. കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് തസ്തികകൾ സൃഷ്ടിക്കുകയും നിയമനം നടത്തുകയും ചെയ്തു. നവകേരള സൃഷ്ടിക്കുതകുന്ന ഗവേഷണ ആശയങ്ങൾ സമർപ്പിച്ച 150 പ്രതിഭകൾക്ക് ഒരുലക്ഷം രൂപ വീതമുള്ള നവകേരള പോസ്​റ്റ് ഡോക്ടറൽ ഫെല്ലോഷിപ് നൽകുന്നു.

സമഗ്ര പരിഷ്കരണം

ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണം ലക്ഷ്യമിട്ട് മൂന്നു കമ്മിഷനുകളെ നിയോഗിച്ചു. പൊതുജനങ്ങളിൽ നിന്നടക്കം അഭിപ്രായങ്ങൾ സ്വീകരിച്ചാണ് കമ്മിഷനുകളുടെ പ്രവർത്തനം. പരീക്ഷാ പരിഷ്‌കരണ കമ്മിഷന്റെ ശുപാർശകൾ ഇക്കൊല്ലം നടപ്പാക്കും. ചില പരീക്ഷകളുടെ നടത്തിപ്പ് കോളേജുകൾക്ക് കൈമാറുന്നതിലും ഇന്റേണൽ മാർക്കിന്റെ കാര്യത്തിലും ഈ വർഷം തീരുമാനമുണ്ടാകും. സർവകലാശാലകളിൽ സംരംഭകത്വ വികസന പ്ലാനിംഗും ഈ വർഷം നടപ്പാക്കും. കാമ്പസുകളെ ലൈംഗിക ന്യൂനപക്ഷ - ഭിന്നശേഷി വിഭാഗ സൗഹൃദമാക്കി. ഭിന്നലിംഗ വിഭാഗത്തിലെ വ്യക്തികൾക്കുള്ള സംവരണം, ലൈംഗിക അതിക്രമങ്ങൾക്കെതിരെ കാമ്പസുകളെ സജ്ജമാക്കാനുള്ള 'സമഭാവനയുടെ സത്കലാശാലകൾ' പദ്ധതി എന്നിവ നടപ്പാക്കി. അദ്ധ്യാപകർക്കും അദ്ധ്യാപക വിദ്യാർത്ഥികൾക്കും സൗകര്യപ്രദമായ വസ്ത്രം ധരിക്കാമെന്ന് ഉത്തരവിറക്കി.

മികച്ച റാങ്കിംഗ് ലക്ഷ്യം

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മികച്ച എൻ.ഐ.ആർ.എഫ് റാങ്കിംഗ് നേടാനായി. അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 60:40 അനുപാതത്തിൽ ഫണ്ട് അനുവദിക്കുന്ന റൂസ പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നു. വിദ്യാർത്ഥി പ്രവേശനം മുതൽ സർട്ടിഫിക്ക​റ്റ് നൽകുന്നത് വരെയുള്ള സേവനങ്ങൾ ഒരു വ്യക്തിഗത നമ്പറിന്റെ അടിസ്ഥാനത്തിലാക്കുന്ന വിദ്യാജാലകം പദ്ധതി സർവകലാശാലാ ഭരണസംവിധാനങ്ങളുടെയും പരീക്ഷാവിഭാഗത്തിന്റെയും സമ്പൂർണ ഡിജി​റ്റൽവത്‌കരണം എന്ന ലക്ഷ്യം സാദ്ധ്യമാക്കും.

അനിശ്ചിതമായി നീണ്ടു പോയിരുന്ന പ്രവേശന നടപടികൾക്കും പരീക്ഷാ ഫലപ്രഖ്യാപനങ്ങൾക്കും സമയ ക്ലിപ്തത കൈവരും. കിഫ്ബി സഹായത്തോടെ സ്ഥാപിക്കുന്ന 30 അന്തർസർവകലാശാലാ ഗവേഷണ കേന്ദ്രങ്ങളും പ്രോജക്ട് രീതിയിൽ ആരംഭിക്കുന്ന പുതുതലമുറ കോഴ്സുകളും വലിയ മുന്നേ​റ്റത്തിന് തുടക്കമിടും.

''ഉന്നത വിദ്യാഭ്യാസരംഗത്തെ ജനകീയവത്കരിക്കാനും മാനവികതയിലൂന്നിയ മുന്നേ​റ്റത്തിനും നാന്ദികുറിക്കാനായി. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ കൈപിടിച്ചായിരിക്കും നവകേരളം സാദ്ധ്യമാക്കുക.''

-മന്ത്രി ഡോ. ആർ. ബിന്ദു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HIGHER EDUCATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.