ന്യൂഡൽഹി: മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ച് 13.37 ഏക്കർ ഭൂമി ശ്രീകൃഷ്ണ ക്ഷേത്രത്തിന് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി നിലനിൽക്കുമെന്ന് മഥുര ജില്ലാ കോടതി വിധിച്ചു. ഹർജി നിലനിൽക്കില്ലെന്ന മഥുര സിവിൽ കോടതി ഉത്തരവിനെതിരെ രഞ്ജന അഗ്നിഹോത്രിയും കൂട്ടരും സമർപ്പിച്ച അപ്പീലിലാണ് ഉത്തരവ്. ഇതോടെ, ഹർജിയിൽ വിശദമായ വാദം കേൾക്കൽ ആരംഭിക്കും.
മുഗൾ ചക്രവർത്തി ഔറംഗസേബാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമ്മിച്ചത്. ശ്രീകൃഷ്ണൻ ജനിച്ച സ്ഥലത്തിന് മുകളിലെ ക്ഷേത്രം പൊളിച്ചാണ് മസ്ജിദ് നിർമ്മിച്ചതെന്നും, അതിനാൽ മസ്ജിദ് പൊളിച്ച് ഭൂമി ക്ഷേത്രത്തിന് കൈമാറണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. മസ്ജിദ് പൊളിക്കണമെന്ന ഹർജി ആദ്യം മഥുര സിവിൽ കോടതിയിലാണ് നൽകിയത്. എന്നാൽ, എല്ലാ ആരാധനാലയങ്ങളുടെയും സ്വഭാവം സ്വാതന്ത്യം ലഭിച്ച കാലത്തെ പോലെ നിലനിറുത്തണമെന്ന് നിഷ്കർഷിക്കുന്ന 1991ലെ നിയമം ചൂണ്ടിക്കാട്ടി മഥുര സിവിൽ കോടതി 2020 സെപ്തംബർ 30ന് ഹർജി തള്ളിയിരുന്നു.
വാരണാസി ഗ്യാൻവാപി പള്ളിയിലേത് പോലെ ഷാഹി ഈദ്ഗാഹ് മസ്ജിദ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് മഥുര പ്രാദേശിക കോടതിയിൽ അഭിഭാഷകരായ മഹേന്ദ്ര പ്രതാപ് സിംഗ്, രാജേന്ദ്ര മഹേശ്വരി എന്നിവർ നൽകിയ ഹർജി ജൂലായ് ഒന്നിന് സിവിൽ കോടതി പരിഗണിക്കും.