യുക്രെയിന് അധിനിവേശത്തെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായ റഷ്യ ആഗോളസംഘടനകളുമായുള്ള ബന്ധം വിച്ഛേദിക്കാനൊരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകളുടെ ഒരു പട്ടിക കഴിഞ്ഞ ദിവസം റഷ്യന്‍ വിദേശകാര്യമന്ത്രി പാര്‍ലമെന്റിന് അയച്ചിട്ടുണ്ട്. രാജ്യത്തിന് ഉപകാരപ്രദമല്ലാത്തതും അതേസമയം ദോഷകരവുമായ കരാറുകളില്‍ നിന്നും പിന്‍വാങ്ങണമെന്ന് വിദേശകാര്യമന്ത്രി പറയുന്നു. പാര്‍ലമെന്റ് ഡെപ്യൂട്ടി സ്പീക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ പട്ടികയില്‍ ലോകാരാഗ്യസംഘടനയും ലോക വ്യാപാര സംഘടനയും ഉണ്ടെന്ന് റഷ്യന്‍ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉപരോധം വഴി റഷ്യയുടെ ആഗോള വ്യാപാരത്തിന്റെ വലിയൊരു ഭാഗം പാശ്ചാത്യശക്തികള്‍ ഇല്ലാതാക്കിയതിനെ തുടര്‍ന്നാണിത്. ഉപരോധത്തിന് ഒപ്പം നിരവധി പാശ്ചാത്യ കമ്പനികള്‍ റഷ്യയില്‍ നിന്നും പിന്‍വാങ്ങുന്നുമുണ്ട്. സാധാരണയായി രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാത്ത ലോകാരോഗ്യസംഘടനയിലെ ചില അംഗ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം റഷ്യന്‍ അധിനിവേശത്തിനെതിരെ നിലപാടെടുക്കാന്‍ സംഘടനയെ നിര്‍ബന്ധിതരാക്കിയിരുന്നു. യുക്രെയിനിലെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് നേരെ റഷ്യ നടത്തിയ ആക്രമണങ്ങളെ അപലപിക്കുന്ന പ്രമേയം പാസ്സാക്കിയതോടെ റഷ്യ അവിടെയും ഒറ്റപ്പെടുകയായിരുന്നു. അതോടൊപ്പം മോസ്കോയിലെ ലോകാരോഗ്യ സംഘടനയുടെ ഓഫീസുകള്‍ അടച്ചുപൂട്ടണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നുണ്ട്.