തൃശൂർ: കഴിഞ്ഞസാമ്പത്തികവർഷം ധനലക്ഷ്മി ബാങ്ക് 56.47 ശതമാനം വളർച്ചയോടെ 134.30 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. 35.90 കോടി രൂപയാണ് അറ്റാദായം. ജനുവരി-മാർച്ചുപാദത്തിൽ പ്രവർത്തനലാഭം 63.62 കോടി രൂപയും അറ്റാദായം 23.42 കോടി രൂപയുമാണ്.
മൊത്തം ബിസിനസ് മുൻവർഷത്തെ 18,834 കോടി രൂപയിൽ നിന്ന് 10.69 ശതമാനം വളർച്ച് 20,847 കോടി രൂപയായി. നിക്ഷേപം 5.90 ശതമാനം ഉയർന്ന് 12,403 കോടി രൂപയിലും വായ്പകൾ 18.56 ശതമാനം വർദ്ധിച്ച് 8,444 കോടി രൂപയിലുമെത്തി. നിക്ഷേപത്തിൽ 34.28 ശതമാനവും കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ട് നിക്ഷേപങ്ങളാണ്.
അറ്റ പലിശവരുമാനം 9.91 ശതമാനം ഉയർന്ന് 362.32 കോടി രൂപയായി. പലിശയിതര വരുമാനം 122.22 കോടി രൂപയിൽ നിന്ന് 169.12 കോടി രൂപയിലെത്തി. ചെറുകിട വായ്പ, സ്വർണപ്പണയ വായ്പ, കറന്റ്/സേവിംഗ്സ് നിക്ഷേപം, കിട്ടാക്കടം തിരിച്ചുപിടിക്കൽ, പലിശയിതര വരുമാനവർദ്ധന എന്നിവയ്ക്കാണ് നടപ്പുവർഷം ബാങ്ക് ഊന്നൽ നൽകുകയെന്ന് ജനറൽ മാനേജർ എൽ.ചന്ദ്രൻ പറഞ്ഞു.
നിഷ്ക്രിയ ആസ്തിയിൽ വൻ കുറവ്
നിഷ്ക്രിയ ആസ്തി വൻതോതിൽ കുറയ്ക്കാൻ കഴിഞ്ഞത് കഴിഞ്ഞവർഷം ധനലക്ഷ്മി ബാങ്കിന് വലിയനേട്ടമായി. മൊത്തം നിഷ്ക്രിയ ആസ്തി 9.23 ശതമാനത്തിൽ നിന്ന് 6.32 ശതമാനത്തിലേക്കും അറ്റ നിഷ്ക്രിയ ആസ്തി 4.76 ശതമാനത്തിൽ നിന്ന് 2.85 ശതമാനത്തിലേക്കുമാണ് കുറഞ്ഞത്.