SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.28 PM IST

സയൻസും കോമഡിയും പിന്നെ പരീക്ഷണവുമായി ജാക്ക് എൻ ജിൽ, റിവ്യൂ

jack-and-jill

ഓരോ ഫ്രെയിമുകളിലും മാന്ത്രികത ഒളിപ്പിച്ച് സിനിമാ ആസ്വാദകരെ കാഴ്ചയുടെ പുത്തൻ തലത്തിലേക്ക് കൈപിടിച്ചുയർത്തിയ സന്തോഷ് ശിവൻ എന്ന ഛായാഗ്രാഹകൻ ഒരിടവേളയ്ക്ക് ശേഷം സംവിധായകന്റെ കുപ്പായമണിയുന്ന ചിത്രമാണ് ജാക്ക് എൻ ജിൽ. ചിറക്കൽ കേളുവായി പൃഥ്വിരാജ് നിറഞ്ഞാടിയ ഉറുമിയും ദിഗംബരനായി മനോജ്‌ കെ ജയൻ ഭയപ്പെടുത്തിയ അനന്തഭദ്രവും ഒക്കെ അനുഭവിച്ചറിഞ്ഞ പ്രേക്ഷകർ വളരെയധികം പ്രതീക്ഷയോടെയാണ് മറ്റൊരു സന്തോഷ്‌ ശിവൻ ചിത്രത്തിനായി കാത്തിരുന്നത്.

കോമഡി സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ് ജാക് എൻ ജിൽ. മലയാള സിനിമയ്ക്ക് സുപരിചിതമല്ലാത്ത പ്രമേയമാണ് ചിത്രത്തിന്റെത്. സന്തോഷ് ശിവനൊപ്പം മഞ്ജുവാര്യർ എത്തുന്നു എന്നത് തന്നെയായിരുന്നു ജാക്ക് എൻ ജില്ലിന്റെ പ്രധാന ആകർഷണം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും നേരത്തെതന്നെ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

jack-and-jill

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ വിപ്ലവകരമായ നേട്ടം സ്വന്തമാക്കിയ ഒരു യുവ മലയാളി ശാസ്ത്ര‌‌ജ്ഞൻ തുടർ പരീക്ഷണങ്ങൾക്കായി ലണ്ടനിൽ നിന്ന് നാട്ടിലെത്തുന്നിടത്ത് നിന്നാണ് കഥ ആരംഭിക്കുന്നത്. തുടർന്ന് 'ജാക്ക് എൻ ജിൽ' എന്ന തന്റെ സ്വപ്ന പദ്ധതി വി‌ജയിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനിടെ നേരിടുന്ന തടസങ്ങളുമൊക്കെയായി ചിത്രം പുരോഗമിക്കുന്നു. ശാസ്‌ത്രജ്ഞന്റെ വേഷത്തിൽ കാളിദാസും ഇയാളുടെ അടുത്ത സുഹൃത്തുക്കളായി ബേസിലും അജു വർഗീസും എത്തുന്നു.

പൃഥ്വിരാജിന്റെ ആമുഖത്തോടെ എത്തുന്ന ചിത്രം തുടക്കത്തിൽ പ്രേക്ഷകരെ ചിരിപ്പിച്ചെങ്കിലും കഥ പുരോഗമിക്കുന്തോറും അത് നിലനിർത്താനായില്ല. തമാശകൾ പലതും ഏച്ചുകെട്ടലായി പ്രേക്ഷകന് തോന്നുന്നതും ചിലയിടങ്ങളിൽ ലോജിക്കൽ പ്രശ്നങ്ങളുള്ളതും തിരിച്ചടിയാകുന്നുണ്ട്. രണ്ടാം പകുതിയിൽ ചിത്രത്തിന്റെ സ്വഭാവം മാറുന്നുണ്ടെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ കല്ലുകടിയാകുന്നുണ്ട്.

ബി.കെ ഹരിനാരായണൻ വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജെയിക്സ് ബിജോയിയും ചേർന്നാണ്. ചിത്രം റിലീസ് ആകുന്നതിനു മുൻപ് തന്നെ പുറത്തിറക്കി തരംഗമായി മാറിയ 'കിം കിം' എന്ന ഗാനം മികച്ച് നിന്നെങ്കിലും മറ്റുള്ളവ നിരാശപ്പെടുത്തി.

സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുരേഷ് കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ എന്നിവരാണ് സംഭാഷണം. പതിവ് പോലെ മേക്കിംഗിൽ മികവ് പുലർത്താൻ സന്തോഷ് ശിവന് സാധിച്ചു. പശ്ചാത്തല സംഗീതവും മികച്ചുനിന്നു.

jack-and-jill

കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, എസ്തർ തുടങ്ങിയ വലിയൊരു താരനിരയായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. എന്നാൽ സൗബിൻ ഉൾപ്പടെയുള്ള ചില താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തി. പല താരങ്ങളും മിസ് കാസ്റ്റിംഗായി മാറി. അതേസമയം,പാർവതി എന്ന തന്റെ കഥാപാത്രത്തോട് നീതി പുലർത്താൻ മഞ്ജു വാര്യർക്ക് സാധിച്ചിട്ടുണ്ട്.

ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഒരു സന്തോഷ് ശിവൻ ചിത്രമെന്ന നിലയിൽ അമിത പ്രതീക്ഷയുമായി ജാക്ക് എൻ ജില്ലിനെ സമീപിക്കരുത്. മറിച്ച് മലയാള സിനിമയിൽ അധികം കാണാത്ത സയൻസ് ഫിക്ഷനും കോമഡിയും സമന്വയിപ്പിച്ച ഒരു ചിത്രം എന്ന രീതിയിൽ ജാക്ക് എൻ ജില്ലിനെ സമീപിക്കുന്നതാകും നല്ലത്.

jack-and-jill

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JACK AND JILL, JACK AND JILL MOVIE REVIEW, REVIEW, MANJU, SANTHOSH SIVAN, MANJU WARRIER, KALIDAS JAYARAM
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.