അറുപത്തിരണ്ടു വയസിലേക്ക് കടക്കുകയാണ് പ്രിയ താരം
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ഇന്ന് അറുപത്തിരണ്ട് വയസിലേക്ക് കടക്കുകയാണ്. സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ ബറോസ് ഒരുങ്ങുമ്പോഴാണ് ഇത്തവണ മോഹൻലാലിന് പിറന്നാൾ.പിറന്നാൾ തലേന്നാണ് ഏറ്റവും പുതിയ ചിത്രമായ ട്വൽത്ത് മാൻ ഒ.ടി.ടി റിലീസായി എത്തിയത്. ദൃശ്യം 2 വിനുശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിച്ച സിനിമ.അണിയറയിൽ ഒരുങ്ങുന്നുണ്ട് ഒരുപിടി ലാൽ ചിത്രങ്ങൾ.
അസാദ്ധ്യ സംവിധായകനാണ് താനെന്ന് തെളിക്കും വിധമാണ് ബറോസിന്റെ ലൊക്കേഷനിൽ മോഹൻലാൽ. ഒരിക്കലും പുതുമുഖ സംവിധായകനല്ല,വളരെ മുൻപേ സംവിധായക കുപ്പായം അണിയേണ്ടതെന്നു തോന്നിപ്പിക്കും. 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് വിജയാ" എന്ന ഭാവത്തിൽ മോണിറ്ററിനു മുൻപിൽ ഇരിക്കുന്ന മോഹൻലാലിനെയായിരിക്കും കാണാൻ കഴിയുക . ചെറിയ കാര്യം പോലും പ്രത്യേകം ശ്രദ്ധിക്കുന്നു. റീ ടേക്കുകൾ രണ്ടോ നാലോ വരെ പോയാലും വിഷയമല്ല . അഭിനയം പോലെ തന്നെ സംവിധാനവും മികവോടെ ചെയ്യുന്നു. ബറോസ് കാണുമ്പോൾ മോഹൻലാലിന്റെ സംവിധാന മാജിക് പ്രേക്ഷകർ തിരിച്ചറിയുമെന്ന് ഉറപ്പ്. ബറോസ് സ്വന്തം സിനിമ എന്ന നിലയിൽ കണ്ടു കൂടെ നിൽക്കുന്നവരാണ് എല്ലാവരും.
മോഹൻലാൽ എന്ന നടൻ കഥാപാത്രമായി നടത്തിയ അഭിനയതലങ്ങളാണ് ഇതുവരെ കണ്ടത്. നവാഗതനല്ലെന്ന് തോന്നിപ്പിക്കുന്ന സംവിധായകന്റെ മികവാണ് ഇനി കാണാൻ പോകുന്നത്.
എത്രയോ വർഷമായി നടൻ എന്ന അനുഭവസമ്പത്തുള്ള ആൾ ഇപ്പോഴും ഇത്രയും ആത്മസമർപ്പണം നടത്തുമ്പോൾ സ്നേഹവും ബഹുമാനവും ഇരട്ടിക്കുന്നുവെന്ന് സഹപ്രവർത്തകർ പങ്കുവയ്ക്കുന്നു.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോൺ, പുലിമുരുകനുശേഷം വൈശാഖുമായി ഒന്നിക്കുന്ന മോൺസ്റ്റർ എന്നീ ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്ന സിനിമകൾ.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ആണ് പൂർത്തിയാകാനുള്ള മോഹൻലാൽ ചിത്രം. ബറോസ് പൂർത്തിയായ ശേഷം റാമിന്റെ ചിത്രീകരണം ആരംഭിക്കാനാണ് ആലോചന.വിദേശ ലൊക്കേഷനുകളിലാണ് ഇനി റാമിന്റെ ചിത്രീകരണം. ദോഹയിലുള്ള മോഹൻലാൽ ഇന്ന് മുംബയ് യിൽ എത്തുമെന്ന് അറിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |