പാനൂർ:അരനൂറ്റാണ്ടിലധികം കാലത്തെ പ്രയത്നം കൊണ്ട് പടുത്തുയർത്തിയ അഞ്ചു ശാഖകളുള്ള 'ഷിക്കാഗോ' തൊഴിലാളികൾക്ക് വിട്ടുകൊടുത്ത് ടി.ടി.സുകുമാരൻ സ്വന്തം നാടായ പത്തായക്കുന്നിലേക്ക് മടങ്ങി. ജീവിതത്തിലുടനീളം തൊഴിലാളികളോട് കൂറുകാട്ടിയ ഈ ഹോട്ടലുടമ ചായക്കട തൊഴിലാളി സംഘം എന്ന കൂട്ടായ്മയ്ക്ക് ഉപാധികളില്ലാതെ വിട്ടുകൊടുത്താണ് ഈ എഴുപത്തിയൊന്നുകാരൻ വിശ്രമജീവിതത്തിനായി നാട്ടിലേക്ക് തിരിച്ചത്.
തൊഴിലാളികളോടുള്ള സ്നേഹം കൊണ്ട് സ്വന്തം കടയ്ക്ക് " ഷിക്കാഗോ" എന്ന് ഇദ്ദേഹം പേരിട്ടത്. അഡയാർ കാമരാജ് അവന്യൂവിൽ ചെറിയ നിലയിൽ ആരംഭിച്ച ഹോട്ടലാണ് അഞ്ചുശാഖകളും 45 തൊഴിലാളികളുമായി വളർന്നത്.
ആഗ്രഹിക്കുന്നതിലേറെ ആനുകൂല്യങ്ങൾ വർഷം തോറും തൊഴിലാളികൾക്ക് സുകുമാരൻ നല്കാറുണ്ടായിരുന്നു. സൗജന്യ താമസം, ഭക്ഷണം വസ്ത്രം, ബോണസ്സ് , ഇൻഷൂറൻസ് , കുടുംബ ധനസഹായം, മുതലായവ എല്ലാ വർഷവും നൽകും. മേയ് ദിനത്തിലാണ് പതിവായി ബോണസ് വിതരണം ചെയ്തിരുന്നത്. അന്ന് തൊഴിലാളികൾക്ക് ശമ്പളത്തോടു കൂടിയ അവധിയാണ്.
മുന്നൂറ് ദിവസം തുടർച്ചയായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് രണ്ടു ഗ്രാം സ്വർണ്ണം സമ്മാനമായി നല്കുന്ന പതിവും ഇദ്ദേഹത്തിനുണ്ടായിരുന്നു. എല്ലാ വർഷവും ദീപാവലിക്കും മേയ് ദിനത്തിനും ശമ്പള വർദ്ധനവ് നടപ്പാക്കും. തൊഴിലാളികൾക്കൊപ്പം ജോലി ചെയ്യുന്നതും ഇദ്ദേഹത്തിന്റെ രീതിയാണ്. അസുഖം ബാധിച്ച തൊഴിലാളികളുടെ ചികിത്സാച്ചിലവും സുകുമാരൻ വഹിക്കാറുണ്ട്.
ചമ്പാട് വെസ്റ്റ് യു.പി സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് ചീര കെട്ടുമായി ചാലക്കരയിലും മാഹിയിലും വില്പന നടത്തിയ ബാല്യവും ഇദ്ദേഹത്തിനുണ്ട്. . ചുണ്ടങ്ങാപൊയിൽ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് കോടിയേരി ബാലകൃഷ്ണനും പി.ജയരാജനും സ്റ്റുഡന്റ് ഫെഡറേഷന്റെ യൂണിറ്റ് രൂപീകരിച്ചപ്പോൾ സുകുമാരനും മുന്നിൽ നിന്നു. സമരത്തിൽ പങ്കെടുത്തതിന് നിയമനടപടിയും നേരിട്ടു. എസ്.എസ്.എൽ.സി പൂർത്തിയാക്കി മദ്രാസിലുള്ള അമ്മാവന്റെ ചായക്കടയിലേക്ക് പോയതാണ് നിർണായകമായത്. ഇതിനിടയിൽ ചായക്കട തൊഴിലാളി സംഘം രൂപികരിച്ച് ക്ഷേമ പ്രവർത്തനങ്ങളിൽ മുഴുകി. ഒരു കേസുമായി ബന്ധപെട്ട് കോടതി വിധിച്ച നഷ്ടപരിഹാര തുക കൊണ്ടാണ് ഷിക്കാഗോയുടെ തുടക്കം.
റിട്ടയേഡ് അദ്ധ്യാപികയായ സരോജിനിയാണ് സുകുമാരന്റെ ഭാര്യ. അദ്ധ്യാപികയായ ലിജി, ഡോ.മിഥുൻ സുദിൻ, എന്നിവർ മക്കളാണ്.