ആലങ്ങാട്: തോട് അടഞ്ഞതുമൂലമുള്ള കൃഷിനാശത്തിനു പിന്നാലെ കരുമാല്ലൂർ പഞ്ചായത്തിൽ മണ്ണെടുത്ത തോടുകളുടെ അരികിടിഞ്ഞ് അപകട ഭീഷണി. മാഞ്ഞാലിയിലെ ചെളിനിലം - കറുകിടമൂപ്പും, മുള്ളേരിപ്പള്ളം - അഞ്ചാംപരുത്തി തോടുകളുടെ തീരത്തു താമസിക്കുന്നവരാണ് മണ്ണിടിച്ചിൽ മൂലം ജീവനും സ്വത്തിനും സുരക്ഷ തേടുന്നത്. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടപ്പാക്കിയ 'തെളിനീരൊഴുക്കാം' പദ്ധതിയിലൂടെ മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കിയ തോടുകളാണിത്. മഴ കനത്തതോടെ വ്യാപകമായി തീരം ഇടിഞ്ഞു വീഴുകയാണ്. അഞ്ചാംപരുത്തി തോടിന് സമീപം താമസിക്കുന്ന ചീനംകോട് അബ്ദുൾസലാമിന്റെ വീടിന്റെ മുറ്റമിടിഞ്ഞ് സെപ്റ്റിക് ടാങ്ക് പുറത്തു കാണാറായി. തറയോടു ചേർന്നുള്ള ഭാഗംവരെ ഇടിഞ്ഞു.
അഞ്ചു പറയിൽ സുജിത്ത്, പുഞ്ചയിൽ പുത്തൻ ചന്തയിൽ രാജു പള്ളത്ത്സത്യൻ, വസ്തേരിക്കൽ രാജീവ്, പോട്ടശ്ശേരി സുധ, തോട്ടുങ്കൽ രഞ്ജിത്ത് എന്നിവർക്കും സമാനമായ നാശനഷ്ടമുണ്ടായി. അനിയന്ത്രിതമായ മണ്ണെടുത്തതുമൂലം തോടുകളുടെ ഇരുവശങ്ങളും സ്വകാര്യ വ്യക്തികളുടെ ചിറയും മതിലും ഇടിഞ്ഞ് തോട്ടിലേക്ക് വീണു. കാനകളും കനാലുകളും ശുചീകരിക്കാത്തതിനാൽ താഴ്ന്ന ഭാഗങ്ങളിൽ വെള്ളംകെട്ടിനിന്ന് ഏത്തവാഴ, കപ്പ, പച്ചക്കറി കൃഷികൾ നശിച്ചു.
നേരത്തെ കലിങ്ക് നിർമ്മാണത്തിനായി മുറിയാക്കൽ തോടിൽ തടയണ നിർമ്മിച്ചതിനെതുടർന്ന് ആദ്യമഴയിൽ തന്നെ വയലിൽ വെള്ളംകെട്ടി കരുമാല്ലൂർ പാടശേഖരത്തിലെ വിളവെടുപ്പിനു പാകമായ നെൽകൃഷി പൂർണ്ണമായി നശിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആഴ്ചകളായി അനൗദ്യോഗിക അവധിയിലായതിനാൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തന അവലോകനവും മഴക്കെടുതികൾ സംബന്ധിച്ച നടപടികളും കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ അംഗം എ.എം. അലി ആരോപിച്ചു. റവന്യൂ, കൃഷി വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു.