SignIn
Kerala Kaumudi Online
Thursday, 25 April 2024 2.36 PM IST

വനസംരക്ഷണവും ജനസംരക്ഷണവും ലക്ഷ്യം

photo

കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക്, പ്രത്യേകിച്ച് വനങ്ങൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയും ജനങ്ങളുടെ സംരക്ഷണത്തിനുമായി ഒട്ടേറെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നത്.

പശ്ചിമഘട്ട മലനിരകൾ ഉഷ്ണമേഖലാ വനങ്ങളിൽ ഉൾപ്പെടുന്നതിനാലാണ് പശ്ചിമഘട്ടം ലോകപൈതൃക പട്ടികയിൽ ഇടംപിടിച്ചത്. കേരളത്തിൽ വേമ്പനാട്, ശാസ്താംകോട്ട, തൃശ്ശൂരിലെ കോൾ നിലങ്ങൾ, അഷ്ടമുടി എന്നിവ അന്തർദ്ദേശീയ സംരക്ഷണ പ്രാധാന്യമർഹിക്കുന്ന റാംസർ സൈറ്റുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.


കാട്ടാനശല്യം

നിയന്ത്രിക്കാൻ

ജനവാസകേന്ദ്രങ്ങളിലെ കാട്ടാനശല്യം നിയന്ത്രിക്കാൻ സൗരോർജ്ജവേലി, കിടങ്ങുകൾ, ക്രാഷ്ഗാർഡ് റോപ്പ് ഫെൻസിംഗ്, റാപ്പിഡ് റെസ്പോൺസ് ടീം (ആർ.ആർ.ടി), ജനങ്ങളുമായി സഹകരിച്ച് ജനജാഗ്രതാ സമിതികൾ (ജെ.ജെ.എസ്), ആനകൾക്ക് റേഡിയോ കോളറിംഗ്, കുങ്കിയാനകളുടെ സ്‌ക്വാഡ്, എസ്.എം.എസ്. അലർട്ട് സിസ്റ്റം എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യ-വന്യജീവി

സംഘർഷം

ആവാസവ്യവസ്ഥകളുടെ ശോഷണം, വനങ്ങളുടെ പാർശ്വവത്‌കരണം, വന്യജീവിവേട്ട, ആഹാരലഭ്യതയിലെ പരിമിതികൾ തുടങ്ങിയ ഒട്ടേറെ കാരണങ്ങളാലാണ് കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്നത് . ഇതിന് പരിഹാരമൊരുക്കാൻ 620 കോടി ചെലവ് വരുന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ്.

കാട്ടുപന്നിശല്യം

നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നത് ഉൾപ്പെടെ അവയുടെ ശല്യം നിയന്ത്രിക്കാൻ പുതുക്കിയ മാർഗനിർദ്ദേശങ്ങളും നടപടിക്രമങ്ങളും പുറത്തിറക്കി. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2800 കാട്ടുപന്നികളെ കൊന്നു. കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്ര വനം - പരിസ്ഥിതി മന്ത്രിയെ സംസ്ഥാന വനംമന്ത്രി കണ്ട് ആവശ്യപ്പെട്ടിരുന്നു. അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചതിനാൽ വീണ്ടും സമ്മർദ്ദം ചെലുത്താൻ എം.പിമാർ വനംമന്ത്രിക്ക് കത്തയച്ചിരിക്കുകയാണ് .

ഒഴിവുകൾ

റിപ്പോർട്ട് ചെയ്‌തു

വനംവകുപ്പിൽ 2021 ജൂൺ വരെ എല്ലാ തസ്തികകളിലുമുള്ള ഒഴിവുകൾ പി.എസ്.സി യ്ക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 682 ഒഴിവുകളാണ് ഈ കാലയളവിൽ സംസ്ഥാന വനംവകുപ്പിലുണ്ടായത്. ആദിവാസി വിഭാഗത്തിലുള്ളവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വനംവകുപ്പിൽ 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തിക സൃഷ്ടിച്ചു.

കാട്ടുതീ

തടയൽ

വനങ്ങളിൽ കാട്ടുതീ നിവാരണത്തിനായി എല്ലാ സർക്കിളുകളിലും ബ്ലോക്കുതലം മുതൽ ഫയർ മാനേജ്‌മെന്റ് പ്ലാൻ മുൻകൂറായി തയ്യാറാക്കി. ഇ.ഡി.സി/വി.എസ്.എസ് അംഗങ്ങളെ ഉൾപ്പെടുത്തി കാട്ടുതീ മേഖലകളിലേക്ക് അവരെ നിയോഗിക്കുകയും ചെയ്യുന്നു. ഫയർ അലർട്ട് സംവിധാനം ഉപയോഗപ്പെടുത്തി 24 മണിക്കൂറും കൺട്രോൾ റൂം സൗകര്യവും സജ്ജമാക്കി .

സ്വാഭാവികവന

പുനഃസ്ഥാപനം

കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും കരകയറാൻ സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനായുള്ള നയരേഖ രൂപീകരിച്ചു. കേരളത്തിലെ സംരക്ഷിത കേന്ദ്രങ്ങളിൽ 28,641.64 ഹെക്ടർ വനപ്രദേശം തേക്ക്, യൂക്കാലിപ്റ്റസ്, വാറ്റിൽ തുടങ്ങിയ വൃക്ഷങ്ങളുടെ തോട്ടങ്ങളായി ഇനിയും അവശേഷിക്കുന്നുണ്ട്. ഇവയിൽ 62 ശതമാനവും തേക്ക് തോട്ടങ്ങളാണ്.അവയെല്ലാം സ്വാഭാവിക വനമാക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നു.


47 ലക്ഷം

വൃക്ഷത്തൈകൾ

കേരളത്തിന്റെ ഹരിതാവരണം വർദ്ധിപ്പിക്കൽ, അന്തരീക്ഷ താപം കുറയ്ക്കുന്നതിനുള്ള കാർബൺ ന്യൂട്രൽ എന്നീ ലക്ഷ്യങ്ങളോടെ നല്ലയിനം തൈകൾ ഉൽപ്പാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വച്ചുപിടിപ്പിക്കാനും അവയുടെ പരിപാലന പ്രവർത്തനങ്ങൾക്കുമായി വനംവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 'വൃക്ഷസമൃദ്ധി' നടപ്പിലാക്കി.

ഗ്രീൻ ഇന്ത്യ പദ്ധതി

വനാശ്രിത സമൂഹത്തിന്റെ വനാശ്രിതത്വം കുറയ്‌ക്കാനും ക്ഷയോന്മുഖ വനങ്ങളുടെ പുനഃസ്ഥാപനത്തിനും ഗ്രീൻ ഇന്ത്യ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കി വരുന്നു. സംസ്ഥാനത്തെ 465 ആദിവാസി കോളനികൾക്ക് സമീപത്തായി ഒരുലക്ഷത്തോളം വൃക്ഷത്തൈകൾ വനാശ്രിത സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നട്ടുപിടിപ്പിച്ചു.

കുറിഞ്ഞിതൈകളും

തണലൊരുക്കലും

മൂന്നാർ കുറിഞ്ഞിമല സങ്കേതത്തിൽ 10,000 കുറിഞ്ഞിത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുകയും 12625 കുറിഞ്ഞി തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ജലജീവികളുടെ സംരക്ഷണത്തിന് ഉതകുന്ന രീതിയിൽ നദീതീരങ്ങളിൽ തണലൊരുക്കുക, ഭക്ഷ്യലഭ്യത ഉറപ്പാക്കുക എന്നീ ലക്ഷ്യത്തോടെ 12957 വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിച്ചത്.

........................................

സ്വാഭാവിക വനങ്ങളുടെ പുനഃസ്ഥാപനത്തിനായി നയം രൂപീകരിക്കാൻ കഴിഞ്ഞതും വൃക്ഷസമൃദ്ധി, മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതി, വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാര കുടിശികയുടെ 95 ശതമാനവും നൽകാൻ കഴിഞ്ഞതും അഭിമാനാർഹമായി കരുതുന്നു.


എ.കെ.ശശീന്ദ്രൻ

വനം വന്യജീവി വകുപ്പ് മന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FORESTS, WILD LIFE PROTECTION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.