SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.46 AM IST

കർമധീരനായ അനിരുദ്ധൻ

k-anirudhan

തിരുവിതാംകൂർ പ്രദേശത്തെ , ചരിത്രം രേഖപ്പെടുത്തുന്നത് പോരാട്ടത്തിന്റെ ഭൂമികയെന്നാണ്. പോരാട്ടത്തിന്റെ പോർമുഖങ്ങൾ നിരവധി വീരനായകരെയാണ് സമൂഹത്തിന് സംഭാവന ചെയ്‌തത്. ആ നിലയിൽ ചിരസ്മരണീയനായ കെ. അനിരുദ്ധൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ആറുവർഷം.

കൊടിയ മർദ്ദനവും ലോക്കപ്പും തൂക്കുകയറും മാത്രം കമ്മ്യൂണിസ്റ്റ്കാരനെ കാത്തിരുന്ന കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത്, പുരോഗമനോന്മുഖമായ സമൂഹം സൃഷ്ടിക്കാൻ യത്നിച്ച കർമധീരനായിരുന്നു അനിരുദ്ധൻ. കണ്ണമ്മൂലയിലെ സമ്പന്ന കുടുംബത്തിൽ പിറന്ന കെ. അനിരുദ്ധനെ ഏറെ ആകർഷിച്ചത് നിസ്വവർഗത്തിന്റെ പ്രത്യാശാസ്ത്രമായിരുന്നു. തൊഴിലാളികളെ സംഘടിപ്പിക്കാനും പോരാട്ടത്തിന് നേതൃത്വം നൽകാനും അദ്ദേഹം ആദ്യകാലം മുതൽ പ്രവർത്തിച്ചിരുന്നു. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അനിഷേധ്യ നേതാവായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
സി.പി. എം രൂപീകരണത്തോടെ തിരുവനന്തപുരത്തെ അമരക്കാരനായി മാറുകയായിരുന്നു കെ. അനിരുദ്ധൻ.
തൊഴിലാളി പ്രസ്ഥാനത്തിന്റെ നേതാവ് എന്നതിലുപരി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും നേരിട്ട് ഇടപെടാൻ അവസരം ലഭിച്ചു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുടെ ശക്തനായ നേതാവും മുൻ തിരുവിതാംകൂർ മുഖ്യമന്ത്രിയുമായിരുന്ന പട്ടം താണുപിള്ളയോടായിരുന്നു ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പോരാട്ടം. അപ്രസക്തനായ സ്ഥാനാർത്ഥിയെന്ന ധാരണയും, അകമഴിഞ്ഞ വിജയപ്രതീക്ഷയും, പട്ടം താണുപിള്ളയെ നയിച്ചിരുന്ന വേള. ഫലം വന്നപ്പോൾ, തുച്ഛമായ വോട്ടുകൾക്ക് പട്ടം താണുപിള്ള വിജയിച്ചെങ്കിലും ദയനീയമായ രാഷ്ട്രീയ പരാജയമായിരുന്നു ദർശിക്കാനായത്. ഞെട്ടിപ്പോയ പട്ടം താണുപിള്ള, സ്വീകരണ പരിപാടികൾ ബഹിഷ്‌കരിച്ചു.

ജയിലിനുള്ളിൽ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കാൻ കെ.അനിരുദ്ധൻ നേതൃത്വം നൽകുന്ന വേളയിൽ തന്നെയായിരുന്നു അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പാർട്ടി തീരുമാനിക്കുന്നത്. ബന്ധനസ്ഥനായ അനിരുദ്ധനെ വിജയിപ്പിക്കുക എന്ന പ്രചാരണ ബോർഡുകൾ നാടെങ്ങും നിറഞ്ഞു. അനിരുദ്ധന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ആവേശമായി പൊതുസമൂഹം അണിനിരക്കുന്ന കാഴ്ചയാണ് കാണാനായത്. എതിരാളിയാകട്ടെ ശക്തനായ കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന ആർ. ശങ്കർ. ' എന്റെ അച്ഛനെ അന്യായമായി തടവിലാക്കിയിരിക്കുകയാണ്, ഈ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കണം.' മോചനം ലഭിക്കണമെന്ന അഭ്യർത്ഥനയുമായി ഒരു കൊച്ചുപയ്യൻ തിരഞ്ഞെടുപ്പ് കാലത്ത് പ്രസംഗിച്ചുനടന്നു. അംബാസഡർ കാറിന്റെ മുകളിൽ കയറിനിന്ന് വോട്ട് അഭ്യർത്ഥിക്കുന്ന ബാലന്റെ ചിത്രം ജയിലറയിൽ കിടക്കുന്ന സ്ഥാനാർത്ഥിയുടെ ചിത്രം പോലെ ജനപ്രിയമായി മാറി. ഫലം വന്നപ്പോൾ കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ജയന്റ് കില്ലർ എന്ന നാമം അനിരുദ്ധന് ചാർത്തികിട്ടി. അച്ഛന്റെ മോചനത്തിനായി മണ്ഡലത്തിൽ ഉടനീളം പ്രചാരണത്തിനിറങ്ങിയ ചെറിയ പയ്യനാണ് പലതവണ ചിറയിൻകീഴ് പാർലമെന്റ് മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രിയനായ ഡോ: എ.സമ്പത്ത്.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവായിരിക്കെ കഴിവുറ്റ കേഡർമാരെ കണ്ടെത്താനും വളർത്തിക്കൊണ്ടുവരാനും അനിരുദ്ധൻ ശ്രദ്ധിച്ചിരുന്നു. മിച്ചഭൂമി സമരം ഉൾപ്പടെ വിവിധ സമരമുഖങ്ങൾ അനിരുദ്ധന്റെ സാന്നിദ്ധ്യവും, പ്രവർത്തനവും കൊണ്ട് ധന്യമായി. മഹാനായ മനുഷ്യസ്‌നേഹി എ.കെ.ജി മുടവൻമുകൾ കൊട്ടാരത്തിന്റെ കൽതിലുകൾ ചാടിക്കടക്കുമ്പോൾ ആ സമരങ്ങൾക്ക് നേതൃത്വം നൽകാനും അനിരുദ്ധനുണ്ടായിരുന്നു. സമരത്തിലെ 27 വോളന്റിയർമാരിലൊരാളായിരുന്നു ഈ ലേഖകൻ . വിജയമോഹിനി മിൽസിൽ നടന്ന തൊഴിലാളി മുന്നേറ്റവും സമരവും സവിശേഷമായ ഒരേടായിരുന്നു.

അസാന്നിദ്ധ്യത്തിലും സാന്നിദ്ധ്യമായി മാറാൻ അനിരുദ്ധന് കഴിയുന്നത് സമൂഹത്തിന് നൽകിയ വലിയ സംഭാവനകൾ മൂലമാണ്. ആ സംഭാവനകൾ ഭാവി കേരളത്തിന് വേണ്ടിയുള്ള മാർഗരേഖകളായി മാറുന്നു.


ലേഖകന്റെ ഫോൺ - 9446791351

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K ANIRUDHAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.