വർക്കല: സഹജീവികളോടുള്ള കരുണയാവണം മനുഷ്യന്റെ ജീവിത ലക്ഷ്യമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വർക്കല ശിവഗിരി ശ്രീ നാരായണകോളേജിലെ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും വെള്ളാപ്പള്ളി നടേശൻ ധന്യ സാരഥ്യ രജതജൂബിലി ഹാളിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇന്നും സമുദായത്തിന്റെ അടിത്തട്ടിൽ കഷ്ടപ്പെടുന്നവരും, സ്വന്തമായി നല്ലൊരു വീട് പോലുമില്ലാത്തവരുമായ പലരുമുണ്ട്. അവരെ ഉയർത്തിക്കൊണ്ടുവരേണ്ടത് മറ്റുള്ളവരുടെ കടമയാണ്. സ്നേഹം കൊടുത്ത് സ്നേഹം വാങ്ങണം. മാനവ സേവയാണ് യഥാർത്ഥ മാധവ സേവയെന്നും വെള്ളാപ്പള്ളി പറഞ്ഞു. റാങ്കുകളും ഉന്നത വിജയവും നല്ല ഉദ്യോഗവും നേടുന്നതിനൊപ്പം നല്ല മനുഷ്യനായി ജീവിക്കാനുള്ള മാനസികമായ പക്വത കൂടി വിദ്യാർത്ഥികൾ ആർജ്ജിക്കണമെന്നും അതിന് സഹായകരമായ വിദ്യ പകരേണ്ടത് അദ്ധ്യാപകരുടെ ധർമ്മമാണെന്നും ചടങ്ങിൽ ഭദ്രദീപം തെളിച്ച യോഗം ഡയറക്ടർ പ്രീതി നടേശൻ പറഞ്ഞു.
കോളേജ് പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ. ട്രസ്റ്റ് എക്സിക്യുട്ടീവ് അംഗം അജി എസ്.ആർ.എം, ചെമ്പഴന്തി എസ്.എൻ. കോളേജ് മാനേജ്മെന്റ് പ്രതിനിധി ഡി. പ്രേം രാജ്, വർക്കല ആർ.ഡി.സി ചെയർമാൻ സി. വിഷ്ണുഭക്തൻ, ഐ. ക്യു. എ. സി. കോഓർഡിനേറ്റർ ഡോ. എസ്. സോജു, ശിവഗിരി ശ്രീനാരായണഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രൊഫ. വി.എസ്. ലി, നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. പി. ഷീബ, പി.ടി.എ വൈസ് പ്രസിഡന്റ്, എസ്.എൻ. ട്രസ്റ്റ് മെമ്പർ എം. രാജീവൻ, ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, ഓഫീസ് സൂപ്രണ്ട് എം.ജി. ഹരിദാസ്, പി.ടി.എ സെക്രട്ടറി ഡോ. ആർ. ഹിമ. എന്നിവർ സംസാരിച്ചു. വെള്ളാപ്പള്ളിയെയും പ്രീതി നടേശനേയും പ്രിൻസിപ്പൽ ഡോ. കെ.സി. പ്രീത പൊന്നാടയണിയിച്ചു. പി.കെ. സുമേഷ് ദൈവദശകo ആലപിച്ചു. പ്രൊഫ. ടി. സനൽ കുമാർ സ്വാഗതവും. വർക്കല ആർ.ഡി.സി ട്രഷറർ ഡി. വിപിൻ രാജ് നന്ദിയും പറഞ്ഞു.
ഫോട്ടോ -ശിവഗിരി ശ്രീനാരായണകോളേജിൽ നവീകരിച്ച ഓഡിറ്റോറിയത്തിന്റെയും വെള്ളാപ്പള്ളി നടേശൻ ധന്യസാരഥ്യരജത ജൂബിലി ഹാളിന്റെയും ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു. ഡി. പ്രേംരാജ്, സി. വിഷ്ണു ഭക്തൻ, പ്രീതി നടേശൻ, ഡോ. കെ.സി. പ്രീത, അജി എസ്. ആർ.എം, കല്ലമ്പലം നകുലൻ, ഡി. വിപിൻ രാജ് എന്നിവർ സമീപം.