സിനിമയിൽ രണ്ട് ഡയലോഗ് പറയാൻ അവസരം ലഭിച്ചപ്പോൾ മുതൽ സിജു വിത്സന്റെ പ്രതീക്ഷ ആലുവ പുഴയായി ഒഴുകി. പന്ത്രണ്ടുവർഷം പിന്നിടുന്ന യാത്രയിൽ പ്രതീക്ഷയും ആഗ്രഹവും മുന്നിൽ പോവുന്നതിനൊപ്പം സിജു സഞ്ചരിക്കുന്നു. ഈ യാത്രയിൽ നായകനായി എത്തുമ്പോൾ ആദ്യ വൈദിക വേഷമാണ് വരയൻ സിനിമയിൽ. സിനിമയിലെ പുതിയ വിശേഷങ്ങളെക്കുറിച്ചും മുന്നോട്ടുള്ള യാത്രയെക്കുറിച്ചും സിജു വിത്സൻ സംസാരിക്കുന്നു.
വൈദികനാകണമെന്ന് ആഗ്രഹിച്ചിരുന്നോ ?
എന്റെ കുട്ടിക്കാലത്ത് മമ്മി ആഗ്രഹിച്ചിരുന്നതാണ്. പള്ളിയിൽ അൾത്താര ബാലനായിരുന്നു. യുവജന കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണ് കലയും സംഗീതവുമായി കൂടുതൽ അടുപ്പം ഉണ്ടാവുന്നത്. സത്യത്തിൽ, എന്നിലെ കലാകാരൻ വളരുന്നതിന് പാരീഷിലെ കലാപ്രവർത്തനം ഒരുപാട് സഹായിച്ചിട്ടുണ്ട്. വൈദികരുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു.സിനിമയിൽ വൈദികനായി അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്.
മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റായിഅഭിനയിച്ചിട്ടും മോഹൻലാലിനൊപ്പം ഇതുവരെ സ്ക്രീനിൽ വന്നില്ല ?
ആദ്യ സിനിമയായ മലർവാടി ആർട്സ് ക്ളബിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് എന്ന കഥാപാത്രം തന്ന വിലാസം ഗുണമേ നൽകിയുള്ളൂ. ലാലേട്ടനൊപ്പം അഭിനയിക്കാൻ സിനിമകൾ വന്നെങ്കിലും കഥാപാത്രം സന്തോഷം തരാത്തതിനാൽ ചെയ്തില്ല. ലാലേട്ടനൊപ്പം വൈകാതെ സിനിമ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷ . മമ്മുക്കയോടൊപ്പമുള്ള സിനിമ സംഭവിക്കാനും കാത്തിരിക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് എപ്പോഴായിരിക്കും എത്തുക ?
വൈകാതെ ഉണ്ടാകും. അവസാന ജോലികൾ നടക്കുന്നു. എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്. വിനയൻ സാർ ഈ സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രേക്ഷകർ പ്രതീക്ഷയിലാണ്. ഏറ്റവും മികവിൽ എത്തിക്കുന്നതിന് ഞങ്ങൾ എല്ലാവരും ആത്മാർത്ഥമായി ശ്രമിക്കുന്നു. രണ്ടുവർഷമായി ഞാൻ പത്തൊമ്പതാം നൂറ്റാണ്ടിന്റെ കൂടെയാണ്. നായകനായി മാറാൻ പാകപ്പെടണമെന്നും കഥാപാത്രം തിരഞ്ഞെടുക്കുന്നതിൽ മാറ്റം വേണമെന്നും ചിന്തിക്കുന്ന സമയത്താണ് ചരിത്രപുരുഷനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ അവതരിപ്പിക്കാൻ അവസരം ലഭിച്ചത്.