പെട്രോളിന് വിലകൂടിയതിന് പിന്നാലെ നിത്യോപയോഗ സാധനങ്ങൾക്ക് വിലകൂടി എന്ന വാർത്തകളും പിന്നാലെയെത്തി. പെട്രോളിനൊപ്പം യുക്രെയിനിലെ സംഭവങ്ങളും കൂട്ടിച്ചേർത്താണ് ഇപ്പോൾ സാധനങ്ങളുടെ വിലകൂടുന്നതിന്റെ 'ന്യായീകരണ കാപ്സ്യൂളുകൾ' ഇറങ്ങുന്നത്. എന്നാൽ ഇതിനിടയിൽ നാം നിത്യവും ഉപയോഗിക്കുന്ന നൂറ് കണക്കിന് സാധനങ്ങൾ ഇപ്പോൾ വിലകുറയുന്നില്ലെങ്കിലും വല്ലാതെ മെലിയുകയാണ്. പായ്ക്കറ്റിന്റെ ഭാരത്തിലും വലിപ്പത്തിലുമാണ് ഈ മെലിയൽ. പ്രധാനമായും എഫ്എംസിജി ഉത്പന്നങ്ങളാണ് മെലിയാൻ ആരംഭിച്ചിട്ടുള്ളത്. 'ഷ്രിങ്ക്ഫ്ളേഷൻ' എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
ചില്ലറ ഗ്രാമുകളുടെ കുറവാണ് പല ഉത്പന്നങ്ങളിലും വരുത്തിയിട്ടുള്ളത്. എന്നാൽ ഉപഭോക്താക്കൾക്ക് പെട്ടെന്ന് ഇത് മനസിലാക്കാനും കഴിയില്ല. ജനപ്രിയ ലഘുപാനീയങ്ങളെല്ലാം ഇപ്പോൾ 250 മില്ലിയിൽ നിന്ന് 200 മില്ലി ആയി കുറച്ചിട്ടുണ്ട്. അത് പോലെ കൊവിഡ് കാലത്ത് വിൽപ്പനയിൽ റെക്കോഡിട്ട പ്രമുഖ ബിസ്കറ്റ് അവരുടെ പത്ത് രൂപയുടെ പായ്ക്കറ്റ് 140 ഗ്രാമിന് പകരം 110 ഗ്രാമാക്കിയാണ് കുറച്ചിരിക്കുന്നത്. പല കമ്പനികളും കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെയാണ് മെലിയാൻ തുടങ്ങിയത് എന്ന കാര്യവും ശ്രദ്ധേയമാണ്.
വീടുകളിലെ അടുക്കളിയിൽ അത്യാവശ്യമായ ഡിഷ് വാഷ് സോപ്പുകളും മെലിയാൻ തുടങ്ങിയിട്ടുണ്ട്. 65 ഗ്രാമിൽ നിന്നും 60 ഗ്രാമിലേക്കുള്ള ഈ മെലിയൽ പക്ഷേ സ്ഥിരം കൈകാര്യം ചെയ്യുന്ന വീട്ടമ്മയ്ക്ക് പോലും കണ്ടെത്താൻ കഴിഞ്ഞെന്ന് വരില്ല. പലപ്പോഴും ഉപഭോക്താക്കൾ ശ്രദ്ധിക്കാതെ പോകുന്ന ഈ ചെറിയ കുറവുകൾ കമ്പനികൾ ബിസിനസ് തന്ത്രമാക്കുകയാണ്. പായ്ക്കറ്റിൽ കുറഞ്ഞ അളവ് രേഖപ്പെടുത്തുമെങ്കിലും ഇത്തരം ഉത്പന്നങ്ങളിൽ ഇത് ആരും ശ്രദ്ധിക്കാറില്ല.
വില വർദ്ധിപ്പിച്ചാൽ ഉപഭോക്താവ് മറ്റൊരു ഉത്പന്നത്തിലേക്ക് പോകുമോ എന്ന ഭയമാണ് ഈ തന്ത്രത്തിന് പിന്നിൽ. ഉപഭോക്തൃ അടിത്തറ നിലനിർത്തുന്നതിനും വർദ്ധിച്ചുവരുന്ന ചെലവുകൾ കൈകാര്യം ചെയ്യുന്നതിനുമുള്ള മികച്ച മാർഗമായിട്ടാണ് ഇതിനെ ബിസിനസ് ലോകം കാണുന്നത്.
ഗതാഗത ചെലവിലും കുറവ്
ഉത്പന്നങ്ങളുടെ ഭാരക്കുറവ് ഗതാഗത ചെലവ് കുറയ്ക്കാനും കമ്പനികളെ സഹായിക്കുന്നു. വലിപ്പത്തിലെ ചെറിയ കുറവ് പോലും ഗതാഗത ചെലവിൽ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുന്നു. നേരത്തെ, 10 രൂപയുടെ അറുപത് ബിസ്ക്കറ്റ് പാക്കറ്റുകൾ ഒരു കാർട്ടണിൽ ഉൾക്കൊള്ളിക്കുമായിരുന്ന കമ്പനിക്ക് വലിപ്പം 30 ഗ്രാം കുറച്ചതിനാൽ, ഒരു കാർട്ടണിൽ 100 പാക്കറ്റുകൾ ഉൾക്കൊള്ളാൻ കഴിയും എന്നത് തന്നെ ഉദാഹരണമാണ്. ഇതിന് പുറമേ കമ്പനികൾ ഭാരം കുറഞ്ഞ പാക്കേജിംഗും അവതരിപ്പിച്ചിട്ടുണ്ട്. ബാഹ്യ പാക്കേജിംഗ് ഭാരം കുറഞ്ഞതോ റീസൈക്കിൾ ചെയ്ത ഉൽപ്പന്നങ്ങളാണ് ഇതിനായി ഉപയോഗിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |