കൊച്ചി: ബധിര വനിതകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തുന്നതിനായി കർമ്മപദ്ധതികൾക്ക് രൂപം നൽകി ഡഫ് വിമൻസ് ഫോറം സംസ്ഥാനസമ്മേളനം. പ്രത്യേക കുടുംബശ്രീ യൂണിറ്റുകളും സൊസൈറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചു. അന്തർ ദേശീയ വനിതാദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമവും അഞ്ചാമത് സംസ്ഥാന സമ്മേളനവും ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബധിരസമൂഹത്തിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സഹായം ലഭ്യമാക്കുന്നതിന് ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സമ്മേളന നഗരിയിൽ ഒരുക്കിയ വിവിധ ഉത്പന്നങ്ങളുടെ പ്രദർശന, വിപണന സ്റ്റാളുകളുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും പി.വി. ശ്രീനിജിൻ എം.എൽ.എ നിർവഹിച്ചു. മകളുടെ പിറന്നാൾ സമ്മാനമായി സമ്മേളനത്തിന്റെ ഉച്ച ഭക്ഷണ ഫണ്ടിലേക്കായി അരലക്ഷം രൂപയും എം.എൽ.എ കൈമാറി. ഇന്നലെ ശില്പശാലയും സാംസ്കാരിക സമ്മേളനവുമാണ് നടന്നത്.
ഓൾ കേരള അസോസിയേഷൻ ഒഫ് ഡഫ് ചെയർമാൻ നിസാർ ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡഫ് വിമൻസ് ഫോറം സംസ്ഥാന പ്രസിഡന്റ് രശ്മി മോഹൻ, വൈസ് ചെയർപേഴ്സൺ വിദ്യ സതീഷ്, ജനറൽ സെക്രട്ടറി അമീന .ടി, ട്രഷറർ ഹസീന ടി.എ, ജോർജ് ഇടപ്പരത്തി, റെജി ഇല്ലിക്കപ്പറമ്പിൽ, ഷംസു കെ. എം എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം ഇന്നു വൈകിട്ട് മൂന്നിന് മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
കൂട്ടുകാരന്റെ ശബ്ദമായി നിസാർ ഇബ്രാഹിം
ഉറ്റചങ്ങാതിയായ നിസാർ മൊയ്തീന് ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ പെട്ടെന്ന് ശബ്ദം നഷ്ടമായത് സഹപാഠിയായ നിസാർ ഇബ്രാഹിമിനെ മാനസികമായി തകർത്തു. അന്നുമുതൽ നിസാർ കൂട്ടുകാരന്റെ നാവായി മാറി. സഹപാഠിയെ പൊതുസമൂഹത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യവുമായി 1979ൽ ആൾ കേരള അസോസിയേഷൻ ഒഫ് ദി ഡഫ് എന്ന സംഘടന രൂപീകരിക്കുന്നതിനു മുന്നിട്ടിറങ്ങി. കാക്കനാട് കളക്ടറേറ്റിൽ ഡെപ്യൂട്ടി തഹസിൽദാരായി പ്രവർത്തിക്കുന്ന നിസാർ മൊയ്തീന് സ്തുത്യർഹമായ സേവനത്തിന് കഴിഞ്ഞ വർഷം സർക്കാരിന്റെ പുരസ്കാരം ലഭിച്ചിരുന്നു. കുന്നത്തുനാട് പഞ്ചായത്ത് അംഗമാണ് നിസാർ ഇബ്രാഹിം. അഞ്ചു വർഷം മുമ്പാണ് ബധിരവനിതകൾക്ക് വേണ്ടിയുള്ള സംഘടന നിലവിൽ വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |