പത്തനംതിട്ട: കളക്ടറേറ്റ് റോഡിലൂടെ ഇനി അപകട ഭീതിയില്ലാതെ നടക്കാം. റോഡിന്റെ ഇരുവശവും കൈയേറിയുളള വാഹന പാർക്കിംഗ് ഒഴിവായി. നടപ്പാത കാറുകൾ കൈയടക്കി, കഷ്ടമാണ് കളക്ടറേറ്റ് യാത്ര എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം കേരളകൗമുദി നൽകിയ വാർത്തയെ തുടർന്നാണ് പാർക്കിംഗ് ഒഴിവാക്കാൻ ജില്ലാ ഭരണകൂടം നടപടിയെടുത്തത്. നടപ്പാത കൈയേറി കാറുകൾ പാർക്ക് ചെയ്യുന്നതു കാരണം കളക്ടറേറ്റിലേക്ക് ആളുകൾക്ക് നടന്നു പോകാൻ കഴിയില്ലായിരുന്നു. കാറുകൾക്ക് നടുവിലൂടെ വേണമായിരുന്നു കളക്ടറേറ്റിലേക്ക് നടന്നു പോകാൻ. ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി കളക്ടറേറ്റിലെത്തുന്ന ജീവനക്കാരും എത്തുന്ന വാഹ്നങ്ങൾ വീതി കുറഞ്ഞ കളക്ടറേറ്റ് റോഡിന്റെ വശങ്ങളിലായിരുന്നു പാർക്ക് ചെയ്തിരുന്നത്. അടിയന്തര സാഹചര്യങ്ങളിൽ കളക്ടറേറ്റിലെത്താൻ അഗ്നിരക്ഷാ സേനയുടേതടക്കം മറ്റു വാഹനങ്ങൾക്ക് കഴിയുമായിരുന്നില്ല.