SignIn
Kerala Kaumudi Online
Thursday, 07 July 2022 3.25 PM IST

ഹൈദരാബാദിലെ വ്യാജ ഏറ്റുമുട്ടൽ

photo

ഹൈദരാബാദിൽ വെറ്ററിനറി ഡോക്‌ടറായ യുവതിയെ കൂട്ട മാനഭംഗത്തിനിരയാക്കിയശേഷം കത്തിച്ച് കൊലപ്പെടുത്തിയ നാലുപ്രതികളെ പൊലീസ് വെടിവച്ച് കൊന്നത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് സുപ്രീംകോടതി നിയോഗിച്ച അന്വേഷണ കമ്മിഷൻ കണ്ടെത്തിയിരിക്കുന്നു. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പ്രതികൾക്ക് നേരെ പൊലീസ് ബോധപൂർവം വെടിവച്ചെന്നാണ് ജസ്റ്റിസ് സിർപുർകർ കമ്മിഷന്റെ കണ്ടെത്തൽ. ഇതിലുൾപ്പെട്ട 10 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് തുടരണമെന്നും കമ്മിഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന തെലങ്കാന സർക്കാരിന്റെ ആവശ്യം തള്ളിയാണ് റിപ്പോർട്ട് പരസ്യമാക്കാൻ കമ്മിഷനെ കോടതി അനുവദിച്ചത്. റിപ്പോർട്ടിന്മേലുള്ള തുടർനടപടിക്ക് തെലങ്കാന ഹൈക്കോടതിയെ സുപ്രീംകോടതി ചുമതലപ്പെടുത്തി.

ഹൈദരാബാദിൽ നടന്ന സംഭവം രാജ്യമാകെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഭരണകൂടത്തിനും പൊലീസിനുമെതിരെ വിരൽചൂണ്ടി ജനം തെരുവിലിറങ്ങി . യുവഡോക്ടറുടെ കത്തിക്കരിഞ്ഞ മൃതദേഹം 2019 നവംബർ 28നു പുലർച്ചെയാണ് ഹൈദരാബാദ് - ബംഗളൂരു ദേശീയപാതയിലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. നാല് പ്രതികളാണ് പിറ്റേദിവസം പിടിയിലായത്. പ്രതികളായ ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ളീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരെ ഡിസംബർ ആറിനാണ് തെളിവെടുപ്പിന് കൊണ്ടുപോയി യുവതി പീഡനത്തിനിരയായ അതേസ്ഥലത്ത് വെടിവച്ചു കൊന്നത്. പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേറ്റു കൊല്ലപ്പെട്ടെന്നാണ് പൊലീസ് വിശദീകരിച്ചത്. അന്നുതന്നെ ഇത് വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് തെലങ്കാനയിലും പുറത്തുമുള്ള പലപ്രമുഖരും മാദ്ധ്യമങ്ങളും ആരോപിച്ചിരുന്നെങ്കിലും സർക്കാരും പൊലീസ് മേധാവികളും നിഷേധിച്ചു. യഥാർത്ഥ പ്രതികളാണോ കൊല്ലപ്പെട്ടതെന്ന സംശയവും ഉയർന്നു. ഇരകൾക്കെന്ന പോലെ പ്രതികൾക്കും നീതി ഉറപ്പാക്കുന്നതാണ് ഭരണഘടനയും നിയമസംഹിതകളും. പ്രതികളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്താനുള്ള അവകാശം പൊലീസിനാണെങ്കിലും യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി ശിക്ഷവിധിക്കാനുള്ള അവകാശം കോടതികൾക്ക് മാത്രമാണ്. നിരപരാധിയാണെങ്കിൽ അത് തെളിയിക്കാൻ പ്രതിക്കും കുറ്റവാളിയാണെങ്കിൽ തെളിവ് സഹിതം തെളിയിക്കാൻ പ്രോസിക്യൂഷനും അവസരം നൽകാനാണ് കോടതിയിൽ വിചാരണ നടത്തുന്നത്. ഇതിൽ തീർപ്പ് കല്പിക്കാനുള്ള അധികാരം കോടതിക്ക് മാത്രമാണ് ഭരണഘടന നൽകിയിട്ടുള്ളത്. സമൂഹത്തിന്റെ സുസ്ഥിര നിലനില്പിന് ഇത് അനിവാര്യമാണ്. പൊലീസ് പലപ്പോഴും പ്രവർത്തിക്കുന്നത് ഭരണകൂടത്തിന്റെ ഇച്ഛയ്ക്കനുസരിച്ചാണ്. കോടതി അങ്ങനെയല്ല. മുമ്പും വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അരങ്ങേറിയിട്ടുണ്ട്. പൊലീസ് മാത്രമല്ല രാഷ്ട്രീയരംഗത്തെ പ്രമുഖരും അതിനുപിന്നിൽ പ്രവർത്തിച്ചിരുന്നതായി കേസുകൾ വന്നിട്ടുണ്ട്. അതിനാൽ കുറ്റക്കാരെന്ന് തെളിഞ്ഞാൽ പൊലീസ് ഉദ്യോഗസ്ഥരെ മാതൃകാപരമായി ശിക്ഷിക്കണം. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ അത് പ്രേരണയായേക്കാം.

ഇത്തരം സംഭവങ്ങളിൽ വിചാരണയും നീതിനടപ്പാക്കലും വർഷങ്ങളോളം നീളുന്നതാണ് ജനരോഷം ആളിക്കത്തിക്കുന്നത്. മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരസംഭവങ്ങളിലെ അന്വേഷണവും കേസ് നടത്തിപ്പും വിധിയും ഒരുവർഷത്തിനപ്പുറം നീളരുതെന്ന നിർദ്ദേശവും സുപ്രീംകോടതിയിൽ നിന്നുണ്ടാകണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HYDERABAD FAKE ENCOUNTER
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.