SignIn
Kerala Kaumudi Online
Thursday, 25 April 2024 3.28 PM IST

ജനദ്രോഹത്തിന്റെ കൈയൊപ്പുള്ള വകുപ്പുകൾ

department

ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവുമായിരിക്കണം ഏതൊരു സർക്കാർ വകുപ്പിന്റെയും പ്രഥമ ഉത്തരവാദിത്തം. നിയമത്തിന്റെ സാങ്കേതികത്വത്തിൽ തൂങ്ങി എങ്ങനെ ജനങ്ങളെ ദ്രോഹിക്കാമെന്നല്ല ചിന്തിക്കേണ്ടത്. ഇടുക്കിയിൽ ജനങ്ങളെ ദ്രോഹിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രണ്ട് വകുപ്പുകളായി റവന്യൂവും വനംവകുപ്പും മാറിയിട്ടുണ്ട്.

2019 ആഗസ്റ്റ് മുതൽ ഇറങ്ങിത്തുടങ്ങിയ റവന്യൂവകുപ്പ് വിവിധ ഭൂവിനിയോഗ ഉത്തരവുകളാണ് ഇടുക്കിയിലെ സാധാരണക്കാരുടെ അതിജീവനത്തിന് വെല്ലുവിളിയുയർത്തുന്നത്. കൃഷിക്കും വീട് വയ്ക്കാനുമല്ലാതെ ജില്ലയിലെ പട്ടയഭൂമി മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കാനാവാത്ത സ്ഥിതിയാണിപ്പോൾ. ഉപജീവനത്തിന് ആവശ്യമായ ചെറിയ കെട്ടിടങ്ങൾക്കു പോലും റവന്യൂ വകുപ്പിന്റെ അനുമതി ലഭിക്കില്ല. വാണിജ്യ ആവശ്യങ്ങൾക്കായുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും നിലച്ചമട്ടാണ്. പുതിയ കെട്ടിട നിർമാണത്തിനൊന്നും അനുമതി ലഭിക്കാത്ത സ്ഥിതിയാണ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിടനിർമാണത്തിന് വില്ലേജ് ഓഫീസറുടെ എൻ.ഒ.സി ലഭിക്കുന്നില്ല. വാണിജ്യ സാമ്പത്തിക മേഖലയെ ഉത്തരവ് കാര്യമായി ബാധിച്ചു. ഇതിനെല്ലാം പുറമേയാണ് കഴിഞ്ഞയാഴ്ച ഏലമലക്കാടുകൾ വനഭൂമിയാണെന്ന് കാട്ടി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പള്ളിവാസൽ വില്ലേജിൽ സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുന്ന രണ്ടേക്കർ ഏറ്റെടുത്തുകൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേവികുളം താലൂക്കിലെ പള്ളിവാസൽ വില്ലേജിൽ സ്വകാര്യ വക്തികൾ കൈവശം വച്ചിരിക്കുന്ന രണ്ട് ഏക്കർ മൂന്ന് സെന്റ് ഏലം കുത്തകപാട്ട ഭൂമി തിരിച്ചുപിടിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 1897ലെ തിരുവിതാംകൂർ ഗസറ്റിൽ പ്രസിദ്ധീകരിച്ച രാജവിളംബരത്തിൽ ട്രാവൻകൂർ ഫോറസ്റ്റ് റഗുലേഷനിൽ സി.എച്ച്.ആർ സംരക്ഷിത വനമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നത്. വിവാദമായതോടെ സർക്കാർ ഉത്തരവ് പിൻവലിച്ച് തലയൂരി.

ഇങ്ങനെ ജനവിരുദ്ധ ഉത്തരവുകളിറക്കി റവന്യൂ വകുപ്പ് മുന്നേറുമ്പോൾ വനംവകുപ്പും മത്സരിച്ച് ഒപ്പമുണ്ട്. വന്യജീവി ആക്രമണത്താൽ പൊറുതിമുട്ടിയ കർഷകർക്ക് കൈത്താങ്ങാകാൻ വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് മാത്രമല്ല മലയോരമേഖലയുടെ വികസനത്തിന് തുരങ്കം വയ്ക്കാൻ നിരന്തരം ശ്രമിക്കുന്നുമുണ്ടെന്നാണ് ആക്ഷേപം. ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം ഭാഗത്ത് നിർമാണം പൂർത്തിയാകുന്ന എൻ.സി.സിയുടെ രാജ്യത്തെ തന്നെ ഏക എയർസ്ട്രിപ്പിന് ചില പരിസ്ഥിതി സംഘടനകൾക്കൊപ്പം ചേർന്ന് ഇടങ്കോലിടാൻ ശ്രമിക്കുന്നതിൽ വനംവകുപ്പ് മുൻപന്തിയിലാണ്. മഞ്ചുമല വില്ലേജിൽ റവന്യൂ വകുപ്പ് അനുവദിച്ച സ്ഥലത്ത് 2017 മേയ് 21നാണ് എയർസ്ട്രിപ്പിന്റെ നിർമാണം ആരംഭിച്ചത്. 650 മീറ്റർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യാനുള്ള 1200 ചതുരശ്ര അടിയുള്ള ഹാങ്ങർ, കമാൻഡിങ് ഓഫീസറുടെ ഓഫീസ്, ടെക്‌നിക്കൽ റൂം, കേഡറ്റുകൾക്കുള്ള താമസസൗകര്യം എന്നിവയുടെ നിർമാണം പൂർത്തിയായിരുന്നു. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 11.5 ഏക്കർ ഭൂമി കൂടി എൻ.സി.സി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വനംവകുപ്പ് ഇതിന് തടസവാദം ഉന്നയിച്ചു. നിർമാണം ഏകദേശം പൂർത്തിയായതിനെ തുടർന്ന് ഏപ്രിൽ എട്ടിന് എൻ.സി.സിയുടെ നേതൃത്വത്തിൽ എയർസ്ട്രപ്പിൽ പരീക്ഷണ പറക്കൽ നടത്തി. എന്നാൽ അഞ്ച് തവണ താഴ്ന്നു പറന്നിട്ടും വിമാനം റൺവേയിൽ ഇറക്കാനായില്ല. റൺവേയുടെ നീളക്കുറവും എയർസ്ട്രിപ്പിന്റെ അറ്റത്തുള്ള മൺതിട്ടയുമാണ് വിമാനത്തിന്റെ ലാൻഡിംഗിന് തടസമായത്. വിമാനത്താവളത്തിന് സമീപത്തെ മൺതിട്ട നീക്കം ചെയ്താൽ മാത്രമേ വിമാനം സുരക്ഷിതമായി ഇറക്കാനാകൂവെന്നാണ് എൻ.സി.സി ഡയറക്ടർ അറിയിച്ചത്. നേരത്തെ സ്ഥലമേറ്റെടുക്കുന്നതിന് വനംവകുപ്പ് അനുമതി നൽകിയിരുന്നെങ്കിൽ ഈ മൺതിട്ട നീക്കുകയും റൺവേയ്ക്ക് അൽപ്പം കൂടി നീളം കൂട്ടുകയും ചെയ്യാമായിരുന്നു. വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ്പ് നിർമിക്കുന്നതെന്നാണ് ഇവരുടെ വാദം. എന്നാൽ കേവലം എൻ.സി.സി കേഡറ്റുകൾക്ക് പരിശീലനം നൽകുന്ന ഒരു എയർസ്ട്രിപ്പിനപ്പുറം ദുരന്തനിവാരണത്തിനും ടൂറിസത്തിനുമടക്കം ഉപയോഗിക്കാവുന്ന ഒരു പദ്ധതിയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നതെന്ന മറുവശം ഇവർ കാണുന്നില്ല.

ദേശീയ ദുരന്തമായി ഒരു പാത

വനംവകുപ്പിന്റെ ധാ‍ർഷ്ട്യത്തിന് മറ്റൊരു ഉത്തമ ഉദാഹരണമാണ് ജില്ലയിലെ ദേശീയപാതാ വികസനം. നഷ്ടപരിഹാരത്തുക നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് മരംമുറിക്കാൻ അനുമതി നൽകാത്തതിനെ തുടർന്ന് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള ഭാഗത്തിന്റെ വികസനം വഴിമുട്ടി നിൽക്കുകയാണ്. മൂന്നാർ മുതൽ ബോഡിമെട്ട് വരെയുള്ള 42.98 കിലോ മീറ്രർ പാതയുടെ വികസനം 92 ശതമാനവും പൂർത്തിയായി. എന്നാൽ വനമേഖലയിലുള്ള 3.3 കി.മി ഭാഗത്തെ മരങ്ങൾ വെട്ടിമാറ്റി റോഡിന് വീതി കൂട്ടുന്നതിനാണ് വനംവകുപ്പ് തടസം നിൽക്കുന്നത്. ദേവികുളം ബ്ലോക്ക് ഓഫീസ് മുതൽ ടൗൺ വരെയുള്ള 2.7 കിലോമീറ്റർ, ഗ്യാപ് റോഡിന്റെ ഭാഗത്ത് 80 മീറ്രർ, പൂപ്പാറ മുതൽ മൂലത്തറ വരെ 500 മീറ്റർ എന്നിങ്ങനെയാണ് സ്ഥലം വിട്ടുനൽകേണ്ടത്. എന്നാൽ സ്ഥലം വിട്ടുനൽകാൻ 30 കോടി രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. ദേശീയപാതാ അധികൃതരും വനംവകുപ്പുമായി നടത്തിയ ചർച്ചയിൽ തുക 8.48 കോടിയായി കുറയ്ക്കാൻ ഏകദേശ ധാരണയായി. ചിന്നക്കനാലിൽ റവന്യൂ വകുപ്പ് പകരം ഭൂമി നൽകാനും തീരുമാനിച്ചു. ഇതനുസരിച്ച് 8.48 കോടി രൂപ അനുവദിച്ചു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും മരങ്ങൾ മുറിക്കാനുള്ള അനുമതി നൽകാത്തതിനാൽ തുടർപണികൾ നടത്താൻ കഴിയാത്ത അവസ്ഥയിലാണ് ദേശീയപാതാ അധികൃതരും കരാറുകാരനും. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ മാർച്ചിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന് നിർദേശം നൽകിയെങ്കിലും വനംവകുപ്പിന്റെ തടസംമൂലം പണികൾ പൂർത്തിയാക്കാനായില്ല.

വൈകിപ്പിച്ചത് രണ്ട് വർഷം

2017 സെപ്തംബറിലാണ് ദേശീയപാതാവികസനം ആരംഭിച്ചത്. 2019 ആഗസ്റ്റിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാറിലെ നിബന്ധന. എന്നാൽ, വനംവകുപ്പിന്റെ മാത്രം ഉടക്ക് കാരണം രണ്ട് വർഷത്തോളമാണ് പദ്ധതി വൈകിയത്. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് ഗ്യാപ്പ് റോഡ് മുതൽ പൂപ്പാറ വരെയുള്ള 25 കിലോ മീറ്ററിലെ ഏലപട്ടയ മേഖലയിലെ നിർമാണത്തിന് വനംവകുപ്പ് തടസം നിന്നതിനെ തുടർന്ന് ഒരു വർഷത്തോളം നിർമാണം നിലച്ചിരുന്നു. തുടർന്ന് മന്ത്രിസഭ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. അതിന് ശേഷമാണ് ഇപ്പോഴുള്ള 3.3 കിലോമീറ്ററിലെ തടസം. പണമടച്ചിട്ടും സ്ഥലം വിട്ടുനൽകാതെ വനംവകുപ്പ് ക്ഷമ പരീക്ഷിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IDUKKI DIARY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.