SignIn
Kerala Kaumudi Online
Friday, 26 April 2024 2.46 AM IST

നിരത്തിലെ നിലവിളികൾ

road-accident

കണ്ണൂർ- തളിപ്പറമ്പ് ദേശീയപാതയിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റി അമിതവേഗതയിൽ വന്ന ലോറി ബൈക്കിലിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചത് കരളലിയിക്കുന്ന കാഴ്ചയായിരുന്നു. തൊട്ടടുത്ത കടയിൽ ജോലി ചെയ്യുകയായിരുന്ന യുവതിയും സഹപ്രവർത്തകരും അപകടം നടന്ന സ്ഥലത്തെ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞു ചെന്നു. ആ കാഴ്ച കണ്ട യുവതി കുഴ‌ഞ്ഞ് വീണു.

താങ്ങിയെടുത്ത സഹപ്രവർത്തകരോട് നിലവിളികൾക്കിടയിൽ യുവതി പറഞ്ഞു, എന്റെ അച്ഛനാണ്. മകൻ കൂടെയുണ്ടോ എന്നു തിരക്കാനും അവർ സഹപ്രവർത്തകരോട് പറഞ്ഞു. ഒരു കൊച്ചുകുട്ടിയും അപകടത്തിൽപെട്ടിട്ടുണ്ടെന്ന് അറിഞ്ഞതോടെ നിലയ്‌ക്കാത്ത നിലവിളി. അപകടത്തിൽ അച്ഛനെയും മകനെയും ആ യുവതിക്ക് നഷ്ടമായി.

റോഡപകടത്തിൽ ഉറ്റവർ നഷ്ടപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാൾ മാത്രമാണ് ഈ യുവതി. ഇങ്ങനെ നിരവധിപേർ ഒരു ദിവസം മരിക്കുന്നു. അപകടത്തിൽപെട്ട് ജീവിക്കുന്ന രക്തസാക്ഷികളായവർ എണ്ണിയാലൊടുങ്ങുന്നില്ല.

ഉറങ്ങിയും മദ്യപിച്ചുമുള്ള ഡ്രൈവിംഗിൽ ജീവൻ നഷ്ടപ്പെടുന്നവരും ഏറെ. അപകടങ്ങളുണ്ടാകുമ്പോൾ പതിവ് ബോധവത് കരണവും പരിശോധനയുമായി അധികൃതർ ഇറങ്ങും. കോടികളുടെ ഫണ്ട് ഉപയോഗിക്കാതെ കിടക്കുമ്പോഴും റോഡ് സുരക്ഷാ അതോറിറ്റി നോക്കുകുത്തിയായി മാറുന്നതും ദുരന്തങ്ങളുടെ ആഘാതം വർദ്ധിപ്പിക്കുന്നു.

ശരാശരി പ്രതിദിനം നൂറു അപകടങ്ങളുണ്ടാകുമ്പോൾ കുറഞ്ഞത് 12 പേർ സംസ്ഥാനത്ത് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ അധികവും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്. ഇതിൽ പകുതിയിലേറെയും കൗമാരക്കാരും യുവാക്കളുമാണ്.

അഞ്ചു സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ സ്പീഡ്. ഒന്നുകൂടി കൈ തിരിച്ചാൽ 125 കിലോമീറ്റർ. നിരത്തിൽ ഭീതി വിതച്ച് പുതുതലമുറ ബൈക്കുകളിൽ പായുന്ന കൗമാരക്കാരും കുട്ടി ഡ്രൈവർമാരും മരണത്തെ പുൽകുകയാണ്. 25,000 രൂപ പിഴയും രക്ഷിതാവിനെ മൂന്നുവർഷംവരെ ജയിലിൽ അടയ്ക്കാനും വ്യവസ്ഥയുണ്ടെങ്കിലും ഇതൊന്നും ഇവിടെ നടപ്പാകാറില്ല. വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഒരുവർഷത്തേക്ക് റദ്ദും ചെയ്യും. രജിസ്‌ട്രേഷൻ പുതുക്കിക്കിട്ടാൻ ഒരുവർഷത്തിനുശേഷം പുതിയ അപേക്ഷ നൽകണം. 25 വയസ്സ് പൂർത്തിയായാലേ ഡ്രൈവിങ് ലൈസൻസ് ലഭിക്കുകയുള്ളൂ. ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല. വാഹനം ഓടിച്ച് കേസിൽപ്പെട്ട കുട്ടിയുടെ പേര് നാഷണൽ വെബ്‌സൈറ്റിലും രേഖപ്പെടുത്തും.

റോഡ് സുരക്ഷയ്ക്ക് സുരക്ഷാതത്വങ്ങൾ ഉൾക്കൊള്ളിച്ച് നിർമിച്ച റോഡും അനുബന്ധ സംവിധാനങ്ങളും മെച്ചപ്പെട്ട ബോധവത്ക്കരണവും അപകടം ഉണ്ടായാൽ കാലതാമസമില്ലാതെ പ്രതികരിക്കുന്ന ജീവൻരക്ഷാ സംവിധാനങ്ങളും വേണം. ഈ ഘടകങ്ങൾ അവയുടെ പൂർണ പ്രവർത്തനക്ഷമതയിലാകുമ്പോൾ അപകടങ്ങളും അപകടമരണങ്ങളും കുറയ്ക്കാൻ കഴിയും.

കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യൻ റോഡ്‌സ് കോൺഗ്രസിന്റെ നിർദേശങ്ങൾ ഉൾക്കൊള്ളുന്ന, സാങ്കേതിക സുരക്ഷാസംവിധാനങ്ങൾ ഉൾക്കൊള്ളിച്ച റോഡുകൾ സമീപഭാവിയിൽ നിർമിക്കുക എന്നത് അസാദ്ധ്യമാണ്. ഇന്ത്യൻ റോഡ്‌സ് കോൺഗ്രസ് മാനദണ്ഡം അനുസരിച്ച് റോഡുകളും അനുബന്ധ സംവിധാനങ്ങളും നിർമിക്കാനാവശ്യമായ സ്ഥലം ജനനിബിഡമായ കേരളം പോലൊരു സംസ്ഥാനത്ത് കണ്ടെത്തുക പ്രയാസമാണ്. വിശാലമായ റോഡുകൾ നിർമിക്കാൻവേണ്ട സ്ഥല സൗകര്യവും ഇവിടെ ലഭ്യമല്ല.

അമിത വേഗതയും അമിതാവേശവും മത്സരങ്ങളുമാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. അശാസ്ത്രീയമായ റോഡ് വികസനം,​ റോഡ് സംസ്‌കാരം വളർത്താൻ ഉതകുന്നതരത്തിൽ തുടർച്ചയായ റോഡ് സുരക്ഷാ ബോധവത്ക്കരണങ്ങൾ എന്നിവയുണ്ടെങ്കിൽ ചെറിയ തോതിലെങ്കിലും റോഡപകടങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം.

റോഡ് സുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി വിദ്യാർത്ഥികളിൽ ബോധവത്കരണം നടത്തിയാൽ ഒരു പരിധി വരെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുമെന്ന് റോഡ് ആക്‌സിഡന്റ് ആക്ഷൻ ഫോറം (റാഫ്) സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എം. അബ്ദു പറഞ്ഞു.

വാഹന വർദ്ധനയ്‌ക്ക് അനുസരിച്ചുള്ള ശാസ്ത്രീയമായ റോഡു വികസനം, അപകട മേഖലകളും ബ്ലാക്ക് സ്‌പോട്ടുകളും കേന്ദ്രീകരിച്ചുള്ള ട്രാഫിക് പരിഷ്‌കരണം, ആവശ്യമായ ഇടങ്ങളിൽ സൈൻ ബോർഡുകൾ,ട്രാഫിക് സിഗ്‌നൽ ലൈറ്റുകൾ, സീബ്രാ ലൈനുകൾ എന്നിവ സ്ഥാപിക്കൽ, നിയമ ലംഘനങ്ങൾക്കെതിരെ കർശനമായ നടപടി കൈക്കൊള്ളൽ, റോഡ് സുരക്ഷാ മേഖലയിലെ സന്നദ്ധ സംഘടനാ പ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി കൊണ്ടുള്ള ട്രാഫിക് റഗുലേറ്ററി കമ്മിറ്റി പുന: സംഘടിപ്പിച്ച് കാര്യക്ഷമമാക്കൽ, ഡ്രൈവർമാർക്ക് റോഡ് സുരക്ഷാ ബോധവൽക്കരണം കാര്യക്ഷമമാക്കൽ എന്നിവ നടപ്പാക്കുന്നതോടെ റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കാനും നിയന്ത്രിക്കാനും കഴിയും.

റോഡപകടങ്ങളിൽപെടുന്നവരെ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും സർട്ടിഫിക്കറ്റും പ്രഖ്യാപിച്ച തമിഴ് നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സമൂഹമാദ്ധ്യമങ്ങളിൽ അഭിനന്ദന വർഷമായിരുന്നു. സ്റ്റാലിന്റെ ട്വീറ്റ് ദേശവ്യത്യാസമില്ലാതെ നാട് ഏറ്റെടുത്തു. .ഇതേ മാതൃകയിൽ കേരളത്തിലും പാരിതോഷികം പ്രഖ്യാപിക്കണമെന്ന ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നപ്പോൾ നമ്മുടെ സർക്കാരും ഉണർന്നു പ്രവർത്തിച്ചു. അപകടത്തിൽപ്പെടുന്നവരെ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകാൻ തത്വത്തിൽ തീരുമാനമായെങ്കിലും നടപ്പായില്ല.

അപകടം കേരളത്തിൽ ( പ്രതിദിന ശരാശരി)​

100 അപകടം

12മരണം

150പേർക്ക് പരിക്ക്

2021ൽ മരണം 5200

31,687 പേർക്ക് പരിക്ക്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KANNUR DIARY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.