മുംബയ് ജയിച്ചു, ബാംഗ്ലൂർ പ്ലേ ഓഫിൽ
മുംബയ്: ഔദ്യോഗിക ലോഗോയ്ക്ക് പോലും നീലം നിറം നൽകി മുംബയ് ഇന്ത്യൻസിന് പരിപൂർണ പിന്തുണ പ്രഖ്യാപിച്ച ബാംഗ്ലൂരിന്റെ ആവശ്യം രോഹിത് ശർമ്മയും സംഘവും നിറവേറ്റി.
ഐ.പി.എല്ലിൽ ഇന്നലെ നടന്ന നിർണായക മത്സരത്തിൽ മുംബയ് ഇന്ത്യൻസിനോട് 5 വിക്കറ്റിന് തോറ്റ ഡൽഹി ക്യാപിറ്റൽസ് പ്ലേ ഓഫ് കാണാതെ പുറത്തായി. അതേസമയം ഡൽഹി തോറ്രതോടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് ഉറപ്പിച്ചു.
ജയിച്ചാൽ മാത്രമേ പ്ലേ ഓഫിൽ കടക്കാനാകൂവെന്ന നിലയിൽ മുംബയ്യെ നേരിടാനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തത്. മറുപടിക്കിറങ്ങിയ മുംബയ് അവസാന ഓവറിലെ ആദ്യ പന്തിൽ വിജയലക്ഷ്യത്തിലെത്തി (160/5).
ഇഷാൻ കിഷനാണ് (35 പന്തിൽ 48) മുംബയുടെ ടോപ് സ്കോറർ. പ്രതിസന്ധി ഘട്ടത്തിലെത്തി അതിവേഗം 4 സിക്സും 2 ഫോറും അടക്കം 11 പന്തിൽ 34 റൺസ് അടിച്ചെടുത്ത ടിം ഡേവിഡാണ് മുംബയുടെ ജയമുറുപ്പിച്ചത്. ഡെവാൾഡ് ബ്രെവിസ് (37), തിലക് വർമ്മ (21) എന്നിവരും തിളങ്ങി. ഡൽഹിക്കായി നോർട്ട്ജെയും ഷർദ്ദുളും ഡൽഹിക്കായി 2 വിക്കറ്റ് വീതം നേടി.
നേരത്തേ ഡൽഹിയുടെ തുടക്കം തകർച്ചയോടെയായിരുന്നു. 8.4 ഓവറിൽ ഡൽഹി 50ൽ എത്തിയപ്പോൾ പ്രിഥ്വി ഷാ (24), ഡേവിഡ് വാർണർ (5), മിച്ചൽ മാർഷ് (0), സർഫ്രാസ് ഖാൻ (10) എന്നിവർ ഡഗൗട്ടിൽ തിരിച്ചെത്തിക്കഴിഞ്ഞിരുന്നു. റോവ്മാൻ പവലും (34 പന്തിൽ 43), ക്യാപ്ടൻ റിഷഭ് പന്തുമാണ് (39) വലിയ തകർച്ചയിൽ നിന്ന് ഡൽഹിയെ കരകയറ്റിയത്. അഞ്ചാം വിക്കറ്റിൽ 44 പന്തിൽ ഇരുവരും കൂട്ടിച്ചേർത്ത 75 റൺസാണ് ഡൽഹി ഇന്നിംഗ്സിന്റെ നട്ടെല്ലായത്. അക്സർ പട്ടേൽ 10 പന്തിൽ 19 റൺസുമായി പുറത്താകാതെ നിന്നു. മുംബയ്ക്കായി ബുംറ മൂന്നും രമൺദീപ് രണ്ട് വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |