SignIn
Kerala Kaumudi Online
Tuesday, 23 April 2024 8.18 PM IST

കല്ലായിപ്പുഴ നവീകരണം നാളെ നാളെ നീളെ നീളെ.... നീക്കുമോ ആ മണ്ണും ചെളിയും

kallayi
മണലും മാലിന്യവും അടിഞ്ഞുകൂടി കല്ലായിപ്പുഴയുടെ ഒഴുക്ക് നിലച്ചനിലയിൽ

കോഴിക്കോട്: ഒറ്റമഴയിൽ നഗരവും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലാവുമ്പോൾ കല്ലായിപ്പുഴ നവീകരണവും കൈയേറ്റം ഒഴിപ്പിക്കലും ജലരേഖയാവുന്നു. ചെളിയും മണ്ണും മാലിന്യങ്ങളും അടിഞ്ഞുകൂടി കല്ലായി അഴിമുഖം വെള്ളം കാണാതെ വരണ്ടിരിക്കുമ്പോൾ നടപടിയെടുക്കേണ്ടവർക്കൊന്നും കുലുക്കമില്ല. മഴക്കാല പൂർവ ശുചീകരണത്തിന്റെ പേരിൽ മന്ത്രിമാരും ജനപ്രതിനിധികളും യോഗം ചേർന്ന് തീരുമാനമെടുത്ത് പോവുമ്പോഴും നഗരത്തിലെ വെള്ളക്കെട്ടിന്റെ കാതലായ പ്രശ്‌നം പരിഹാരം കാണാതെ നീളുകയാണ്.
നഗരത്തിലെ വെള്ളപ്പൊക്ക ഭീഷണിക്ക് പ്രധാന കാരണം കല്ലായിപ്പുഴയിലെ കൈയേറ്റവും മാലിന്യങ്ങളും ചെളിയും അടിഞ്ഞുകൂടിയതാണ്. പുഴയിലേക്ക് ഒഴുകിയെത്തേണ്ട വഴികളിലെല്ലാം വൻ കൈയേറ്റങ്ങൾ നടന്ന് പുഴ തന്നെ കുപ്പിക്കഴുത്ത് പോലെ ചുരുങ്ങിയിരിക്കുന്നു. നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരിക്കുന്ന സമയത്തും കല്ലായിപ്പുഴ അറബിക്കടലുമായി യോജിക്കുന്ന കല്ലായി അഴിമുഖത്ത് പുഴയിൽ വെള്ളം ഒഴുകിയെത്താതെ വരണ്ടുകിടക്കുന്ന കാഴ്ചയാണ്. റവന്യൂവകുപ്പിന്റെ നേതൃത്വത്തിൽ പുഴ നവീകരണത്തിന് നേരത്തെ റിവർ മാനേജ്‌മെന്റ് ഫണ്ടിൽ നിന്ന് നാലു കോടി 90 ലക്ഷം രൂപ അനുവദിക്കുകയും പ്രവൃത്തി ഉദ്ഘാടനം ഡോ.എം.കെ.മുനീർ മന്ത്രിയായിരിക്കെ ആർഭാടമായി നടക്കുകയും ചെയ്തു. എന്നാൽ കല്ലായിപ്പുഴയുടെ നവീകരണ പ്രവൃത്തി മാത്രം നടന്നില്ല. നാലു കോടി 90 ലക്ഷം രൂപ എവിടെപ്പോയെന്ന് അറിയില്ല. പുതിയ ഏഴ് കോടി 90 ലക്ഷം കോഴിക്കോട് കോർപ്പറേഷൻ ഫണ്ടാണ്. പുഴ നവീകരണ പ്രവൃത്തിക്ക് തുരങ്കം വെയ്ക്കുന്നത് പുഴ കൈയേറിയവരാണെന്നാണ് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി പ്രവർത്തകർ പറയുന്നത്. കൈയേറ്റ പ്രദേശങ്ങളിൽ നിർമ്മിച്ച കെട്ടിടങ്ങൾ പുഴയിൽ നവീകരണ പ്രവൃത്തി നടന്നാൽ ഇല്ലാതാവും. ഉന്നത തലങ്ങളിൽ ഇവർക്കുള്ള ബന്ധങ്ങളാണ് കാലാകാലങ്ങളായി കൈയേറ്റം ഒഴിപ്പിക്കുന്നതിന് തടസമായി നിൽക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. കാലവർഷത്തിന് മുമ്പെങ്കിലും കല്ലായി അഴിമുഖത്തെ ചെളിയും മണ്ണും നീക്കി വൃത്തിയാക്കുന്നില്ലെങ്കിൽ നഗരം ഇത്തവണയും പ്രളയത്തിൽ മുങ്ങുമെന്ന് ഉറപ്പ്.

'വെള്ളപ്പൊക്ക ഭീഷണിക്ക് കാരണം പുഴ കൈയേറ്റം '

കോഴിക്കോട്: ജലസ്രോതസുകളായ പുഴകളും, പുഴ തീരങ്ങളും കൈയേറിയും, മണ്ണിട്ട് നികത്തിയും മാലിന്യങ്ങൾ തള്ളിയും സ്വകാര്യ വ്യക്തികൾ കൈവശപ്പെടുത്തുന്നത് കാരണം കോഴിക്കോട് ജില്ല ഭയാനകമായ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് വിവിധ പുഴ സംരക്ഷണ സമിതികളുടെ കൂട്ടായ്മയായ കോഴിക്കോട് ജില്ലാ പുഴ സംരക്ഷണ ഏകോപന സമിതി യോഗം. പുഴകൾ ഒഴുകിയിരുന്ന സ്ഥലങ്ങൾ ഒരോ വർഷവും കൈയേറി പുഴതന്നെ ഇല്ലാതായിട്ടും, റവന്യൂ, ഇറിഗേഷൻ വകുപ്പൊ, കോർപ്പറേഷൻ, മുനിസിപ്പൽ, പഞ്ചായത്ത് അധികാരികളോ, നിയമ നടപടി സ്വീകരിക്കാത്തതും , കൈയേറ്റങ്ങൾ കണ്ടെത്തുന്നതിന് സർവേ നടപടികൾക്ക് തീരുമാനമെടുത്തിട്ടും സർവേ ആരംഭിക്കാത്തതും സ്വകാര്യ വ്യക്തികൾക്ക് പുഴകൾ വീണ്ടും കൈയേറാനുള്ള പ്രചോദനമാവുകയാണെന്നും യോഗം ആരോപിച്ചു.

ജില്ലയിൽ കല്ലായിപ്പുഴ, മാംമ്പുഴ , കോരപ്പുഴ , പൂന്നൂർപുഴ, ഇരുവഞ്ഞിപ്പുഴ, തുടങ്ങിയ പുഴകളിലും, പുഴത്തീരങ്ങളിലും വൻ കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. വർഷകാലം ആരംഭിക്കുന്നതിന് മുമ്പ് പെയ്ത മഴയിലെ വെള്ളം പോലും ഒഴുകിപ്പോകാൻ കഴിയാതെ ജില്ലയിലുണ്ടായ വെള്ളപ്പൊക്കം അധികാരികൾ ഗൗരവമായി ഉൾക്കൊണ്ട് മാലിന്യം തള്ളുന്നതും, പുഴ കൈയേറ്റം തടയുന്നതിനും സർവേ നടത്തി, പുഴ സംരക്ഷണത്തിന് ജില്ലാ തലത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

പുഴസംരക്ഷണത്തിൽ അധികാരികൾ കാണിക്കുന്ന അനാസ്ഥക്കെതിരെ ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് കനോലി കനാലിന്റെ തീരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാനും തീരുമാനിച്ചു. പ്രസിഡന്റ് ടി.കെ.എ അസീസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, എം.സി.സുധീഷ്, എസ്.കെ.കുഞ്ഞിമോൻ , പ്രദീമ്പ് മാമ്പറ്റ , പി.പി. ഉമ്മർകോയ കെ.കെ.മുഹമ്മത്, അനൂപ് അർജുൻ ,എം ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.