കൊച്ചി: പവിതയുടെ പാരഡിപ്പാട്ട് തരംഗമായി, യു.ഡി.എഫ് ക്യാമ്പ് ആവേശ കൊടുമുടി കയറി. തൃക്കാക്കര മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസിനുവേണ്ടി, പെരുമ്പാവൂർ ചേരാനെല്ലൂർ ഗവ. എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി പവിത കൃഷ്ണ ആലപിച്ച പാരഡിപ്പാട്ടാണ് ഇപ്പോൾ തൃക്കാക്കരയിൽ തരംഗമായിരിക്കുന്നത്. പി.ടി. തോമസ്, പി.ടി. തോമസ് ജയിച്ചിരുന്നൊരു നാടാണ്, തൃക്കാക്കരയിൽ പി.ടി എന്നാൽ വിജയത്തിന്റെ ചൂസാണ് ... യു.ഡി.എഫിൻ പെൺകരുത്തിൽ വിജയം നേടാൻ എത്തുന്നു.. ആ ഉമയാണിത്... ആഹാ... ഉമ തോമസ്.
ഒറ്റദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്ന പാരഡിപ്പാട്ട് സൈബർ ലോകത്തും വൈറലാണ്.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പാട്ടും പാട്ടുകാരിയും ഒപ്പം തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമ തോമസും സൈബർലോകത്ത് വൈറലായത്. പോസ്റ്റുചെയ്ത് 24 മണിക്കൂറിനകം 2,10,000 പേർ വീഡിയോ കണ്ടു. 2200 ലേറെപേർ ഷെയറും ചെയ്തു. ഇന്നലെ വൈകിട്ട് കാക്കനാട് ജംഗ്ഷനിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ പവിത നേരിട്ടെത്തിയും പാട്ടുപാടി. പെരുമ്പാവൂർ ഷിബുദാസ് ആണ് ഗാനം രചിച്ചത്. നാലാം ക്ലാസ് മുതൽ സംഗീതം പഠിക്കുന്ന പവിതയുടെ ആലാപനമികവാണ് പാട്ടിനെ ഇത്രവേഗം വൈറലാക്കിയത്. സ്വയം തൊഴിൽ സംരംഭകനായ പെരുമ്പാവൂർ പിച്ചമ്പള്ളി ബിബിൻ കൃഷ്ണ-ആര്യ ദമ്പതികളുടെ മകളാണ് പവിത.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |