SignIn
Kerala Kaumudi Online
Friday, 19 April 2024 4.58 PM IST

കാലവർഷം; രോഗങ്ങളും ദുരന്തങ്ങളും നേരിടാൻ ജില്ല സജ്ജം

mansoon-diseases

പാലക്കാട്: മഴക്കാലരോഗങ്ങളും ദുരന്തങ്ങളും നേരിടാൻ ജില്ലയിലെ വിവിധ വകുപ്പുകളുടെ മുന്നൊരുക്കം സജീവം. മഴ മുന്നിൽക്കണ്ട് താലൂക്കുതല ഇൻസിഡന്റ് റെസ്‌പോൺസ് ടീം അടിയന്തരമായി പ്രവർത്തനക്ഷമമാക്കണമെന്ന് തഹസിൽദാർമാരോട് ജില്ലാ കളക്ടർ നിർദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങളും മഴക്കാലപൂർവ്വ ശുചീകരണവും സംബന്ധിച്ച യോഗത്തിലാണ് നിർദ്ദേശം നൽകിയത്. മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി താലൂക്കുതലത്തിൽ മുഴുവൻ സമയ കൺട്രോൾറൂം പ്രവർത്തന സജ്ജമാക്കി. ജില്ലയിലെ പ്രധാന അണക്കെട്ടുകളുടെ ജലനിരപ്പ് 30 ശതമാനത്തിൽ താഴെയാണോ എന്ന് നിരന്തരം നിരീക്ഷിച്ചു വരുന്നുണ്ട്. പുഴയിലും നദികളിലും അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്ത് സ്വാഭാവിക നീരൊഴുക്ക് ഉറപ്പുവരുത്താൻ ഇറിഗേഷൻ വകുപ്പും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളുടെ പങ്കാളിത്തത്തോടെ പ്രവർത്തിക്കും. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ നിയന്ത്രിക്കാനും അടിയന്തര സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുമായി ബന്ധപ്പെടുവാനും ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്

ജില്ലയിൽ മഴക്കാലരോഗങ്ങളായ ടൈഫോയ്ഡ്, എലിപ്പനി, കോളറ, ഡെങ്കിപ്പനി, എന്നിവക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് തുടക്കമിട്ടു. ഐ.ഇ.സിയും (ഇൻഫർമേഷൻ എജ്യുക്കേഷൻ കമ്മിഷൻ) ആരോഗ്യവകുപ്പുമായി ചേർന്ന് തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി വീടുകളിൽ മഴക്കാലരോഗങ്ങൾ, വായുജന്യ രോഗങ്ങൾ, കൊതുക് ജന്യരോഗങ്ങളായ ഡെങ്കിപ്പനി, ചിക്കൻ ഗുനിയ എന്നിവ സംബന്ധിച്ച് ബോധവത്കരണം നൽകും. കാലവർഷത്തിന് മുന്നോടിയായി ആശുപത്രികളിലും പരിസരങ്ങളിലും ശുചിത്വം ഉറപ്പുവരുത്തുന്നതിന് വാരാചരണം നടത്തും.

എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം'

എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, ആശാ പ്രവർത്തകർ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിൽ ജില്ലയിൽ കാമ്പെയിൻ ആരംഭിച്ചു. പെരിങ്ങോട്ടുകുറിശ്ശിയിൽ തക്കാളിപ്പനി ബാധിച്ച പ്രദേശങ്ങളിൽ സിറം സാംപ്ലിംഗ് നടത്തി കുട്ടികളെയും മുതിർന്നവരെയും നിരീക്ഷിച്ചു വരുന്നതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പ്ലാന്റേഷൻ, വർക്ക്‌ഷോപ്പുകൾ കേന്ദ്രീകരിച്ച് ക്ലോറിനേഷൻ, ഉറവിട നശീകരണം തുടങ്ങിയ പ്രതിരോധ പ്രവർത്തനങ്ങളും നടന്നുവരുന്നുണ്ട്.

ശുചിത്വം പാലിക്കണം

മഴയിൽ ശുചിത്വം പാലിക്കണമെന്നും ജില്ലാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു. രോഗങ്ങൾ പൊട്ടിപ്പുറപ്പെടാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. മാലിന്യം വലിച്ചെറിയാതെ ഉറവിടത്തിൽ സംസ്‌കരിക്കുക. പറമ്പിലെയും പൊതുസ്ഥലങ്ങളിലെയും കൊതുക് വളരാൻ ഇടയുള്ള വസ്തുക്കൾ നശിപ്പിക്കണം. പനി ബാധിതർ നാലുദിവസംവരെ സമ്പൂർണ വിശ്രമം എടുക്കണം. കട്ടിയുള്ള ഉപ്പിലിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ എന്നീ പാനീയങ്ങൾ ധാരാളം കുടിക്കണം. വേദനസംഹാരികളായ ഇബുപ്രൊഫെൻ, അസ്പിരിൻ എന്നിവ ഒഴിവാക്കണം. തുടർച്ചയായി ഛർദ്ദി, വയറുവേദന ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, തണുത്ത് മരവിക്കുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ആശുപത്രിയിൽ എത്തിച്ച് വിദഗ്‌ദ്ധചികിത്സ ലഭ്യമാക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, MANSOON DISEASES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.