അരലക്ഷം പേർ പങ്കെടുക്കുന്ന യുവജന റാലിയും സമ്മേളനവും 28ന് ആലപ്പുഴയിൽ
ചേർത്തല: സംഘടിത മതശക്തികളുടെ കൂട്ടായ്മയിൽ മൂലാധാരമായ വോട്ടുബാങ്ക് രാഷ്ട്രീയം പിന്നാക്ക വിഭാഗങ്ങൾക്ക് അധികാരാവകാശം ഇല്ലാതാക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ 28ന് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന യുവജ്വാല വിജയിപ്പിക്കുന്നതിനായി നടത്തിയ ജില്ലയിലെ യൂണിയൻ ഭാരവാഹികളുടെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്കക്കാർ സമസ്തമേഖലയിലും തഴയപ്പെടുന്നു. രാജ്യം സ്വതന്ത്രമായി 75 വർഷം പിന്നിടുമ്പോഴും പിന്നാക്കക്കാർക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ല. രാഷ്ട്രീയ,വിദ്യാഭ്യാസ നീതി അകലങ്ങളിലാണ്. അധികാരവും സമ്പത്തും ഭൂമിയും ഒരു വിഭാഗം കൈവശപ്പെടുത്തി. അവർക്ക് മുന്നിൽ രാഷ്ട്രീയക്കാർ ഓച്ഛാനിച്ച് നിൽക്കുന്നു. മതം കൊണ്ട് സമ്പത്തും അധികാരവും കൈവശപ്പെടുത്തുന്നവർക്ക് മതേതരത്വം ചെപ്പടി വിദ്യ മാത്രമാണ്. പിന്നാക്കക്കാർ ഭിക്ഷാംദേഹികളായി അലയുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതസമന്വയ ദർശനം ലോകത്തിന് പ്രദാനം ചെയ്ത ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച എസ്.എൻ.ഡി.പി.യോഗത്തിന്റെ സംഘടിത ശക്തി വിളിച്ചോതുന്ന മഹാസംഗമമായി യുവജ്വാല മാറുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
യോഗം കൗൺസിലർമാരായ പി.ടി.മന്മഥൻ, പി.എസ്.എൻ.ബാബു, സന്ദീപ് പച്ചയിൽ എന്നിവർ സംസാരിച്ചു. അര ലക്ഷം പേരെ യുവജ്വാലയിൽ പങ്കെടുപ്പിക്കാനും യൂണിയനുകളിൽ കുടുംബ സംഗമങ്ങളും ബൈക്ക് റാലികളും വിപുലമായ പ്രചരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ക്യാപ്ഷൻ: എസ്.എൻ.ഡി.പി.യോഗം യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതിയുടെ നേതൃത്വത്തിൽ 28-ന് ആലപ്പുഴയിൽ സംഘടിപ്പിക്കുന്ന യുവജ്വാല വിജയിപ്പിക്കുന്നതിനായി ജില്ലയിലെ എസ്.എൻ.ഡി.പി.യൂണിയൻ ഭാരവാഹികളുടെ നേതൃസംഗമം എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രറട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു