കൊച്ചി: നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെയുള്ളത് കള്ളക്കേസാണെന്നും കുടുക്കിയത് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലോബിയാണെന്നുമുള്ള ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. വിജയ് ബാബു താരസംഘടനയായ 'അമ്മ'യുടെ ഭരണസമിതിയിൽ എത്തിയതിന് ശേഷം മലയാള സിനിമയിൽ വലിയ സ്വാധീനമുള്ള നടന് വ്യക്തി വിരോധമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
അതേസമയം, പീഡന കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് പി ഗോപിനാഥിന്റെ ബെഞ്ചാണ് വാദം കേൾക്കുക. വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതിയെ തിരിച്ചെത്തിക്കാൻ എംബസി മുഖേന ശ്രമങ്ങൾ നടക്കുകയാണെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിക്കും.
വിജയ് ബാബു ദുബായിൽ നിന്ന് ജോർജിയയിലേക്ക് കടന്നിരുന്നു. ഇയാളെ കണ്ടെത്താനായി ജോർജിയയിലെ ഇന്ത്യൻ എംബസി മുഖേന അവിടത്തെ വിമാനത്താവളങ്ങൾക്കും, അതിർത്തി ചെക്പോസ്റ്റുകൾക്കും വിവരം കൈമാറിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയെന്നും വീണ്ടും യാത്രയ്ക്കായി എത്തിയാൽ അറിയിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.