വിതുര : വിതുര വലിയവേങ്കാട്ട് വൈദ്യുത വേലിയിൽ നിന്നു ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. നെയ്യാറ്റിൻകര ചായ്ക്കോട്ടുകോണം മരുതത്തൂർ വലിയമാവറത്തല വീട്ടിൽ ഗംഗാധരൻെറ മകൻ ശെൽവരാജ് (57) ആണ് മരിച്ചത്. വലിയവേങ്കാട് ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീർ മുഹമ്മദിന്റെ പുരയിടത്തിൽ പന്നിയെ തുരത്താൻ സ്ഥാപിച്ചിരുന്ന വൈദ്യുത വേലിയിൽ നിന്ന്ഷോക്കേറ്റതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം.
അതേസമയം, ശെൽവരാജ് എന്തിനാണ് വിതുരയിൽ എത്തിയതെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു. വിതുരയിൽ ബന്ധുക്കളൊന്നുമില്ലെന്നാണ് ശെൽവരാജിന്റെ ബന്ധുക്കൾ പറയുന്നത്. കൃഷിപ്പണിക്കാരനാണ് ഇയാൾ. കളരിയും നടത്തുന്നുണ്ട്. മരണത്തിൽ ദുരൂഹതയുണ്ട്. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് വിതുര സി.ഐ. എസ്. ശ്രീജിത്തും എസ്.ഐ വിനോദ്കുമാറും അറിയിച്ചു.
കമ്പിയിൽ തട്ടിക്കിടന്ന മൃതദേഹത്തിൽ പൊള്ളലേറ്റപാടുകളുണ്ടായിരുന്നു. നഗ്നമായാണ് മൃതദേഹം കിടന്നിരുന്നത്. ധരിച്ചിരുന്ന പാന്റും,ഷർട്ടും ഊരി തലയിൽ കെട്ടിയിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സമീപവാസികൾ മൃതദേഹം കണ്ടത്. വിതുര പൊലീസ് പരിശോധന നടത്തിയെങ്കിലും ആളെ തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. നസീറിന്റെ വീട് സി.കുര്യൻ (71) എന്നയാൾക്ക് മൂന്ന് വർഷമായി വാടകയ്ക്ക് നൽകിയിരിക്കുകയാണ്. കുര്യനെ പൊലീസ് അറസ്റ്റുചെയ്തു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കുര്യന്റെ പേരിൽ കേസെടുത്തിരിക്കുന്നത്. പ്രദേശത്ത് കാട്ടുമൃഗശല്യം രൂക്ഷമാണെന്നും,വന്യമൃഗങ്ങളെ തുരത്താനാണ് വൈദ്യുതവേലി സ്ഥാപിച്ചതെന്നും, രാത്രിയിൽ കമ്പിയിൽ വൈദ്യുതി കടത്തിവിടാറുണ്ടെന്നും കുര്യൻ സമ്മതിച്ചു.കുര്യനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.ശെൽവരാജിൻെറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.പാറശ്ശാല വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. ജയയാണ് ശെൽവരാജിന്റെ ഭാര്യ. മകൾ:രോഹിണി.