തിരുവനന്തപുരം: ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മുതിർന്നയാളുടെ തോളിലിരുന്ന് കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പ്രതികരിച്ച് ശശി തരൂർ എം.പി. വിദ്വേഷ പ്രസംഗവും മറ്റുളളവരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യവും ഏത് രാഷ്ട്രീയ പാർട്ടിയുടേതായാലും ഏത് സമുദായത്തിന്റേതായാലും അത് അപലപനീയമാണെന്ന് തരൂർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് മുദ്രാവാക്യങ്ങളെ അപലപിക്കുന്നതായും സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അതേസമയം പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും സോഷ്യൽ മീഡിയയിലടക്കം വിമർശനം വ്യാപകമാവുകയും ചെയ്തോടെയാണ് അന്വേഷണം ആരംഭിച്ചത്. രണ്ടുദിവസം മുമ്പുനടന്ന റാലിക്കിടെ ഒരു ചെറിയ ആൺകുട്ടിയാണ് മുദ്രാവാക്യം മുഴക്കിയത്. ആയിരക്കണക്കിനുപേരാണ് ഈ റാലിയിൽ പങ്കെടുത്തത്. റാലിയിൽ പങ്കെടുത്ത ഒരാളുടെ തോളിലിരുന്നാണ്' അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളൂ നിന്റെയൊക്കെ കാലൻമാർ വരുന്നുണ്ട്' എന്നു തുടങ്ങുന്ന വിവിധ മതവിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയത്.
കുട്ടി മുദ്രാവാക്യം വിളിച്ച കാര്യം എസ്ഡിപിഐ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇതെന്നാണ് അവർ പറയുന്നത്. ഇരട്ടക്കൊലപാതകങ്ങൾ നടന്ന ജില്ലയാണ് ആലപ്പുഴ. അതിനാൽ കനത്ത ജാഗ്രതയാണ് പൊലീസ് പുലർത്തുന്നത്.
ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ:
വിദ്വേഷ പ്രസംഗങ്ങളും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങളും, അതേത് രാഷ്ട്രീയ പാർട്ടിയുടേതായാലും, ഏത് സമുദായത്തിൽ നിന്നുള്ളവരിൽ നിന്നായാലും, അത്യന്തം അപലപനീയമാണ്. വർഗീയതയെ എതിർക്കുക എന്നാൽ എല്ലാ കോണുകളിൽ നിന്നുമുള്ള വർഗീയതയെ എതിർക്കുക എന്നതാണ്.
ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ടിന്റെ റാലിയിൽ ഉയർന്ന് കേട്ട വർഗീയ പരമാർശവും ഭീഷണിയുടെ സ്വരവുമുള്ള മുദ്രാവാക്യങ്ങളെ അസന്നിഗ്ദ്ധമായി അപലപിക്കുന്നു.
ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായി നടപടി വേണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പടുന്നു.