വാഷിംഗ്ടൺ: ഗവേഷകർ ബഹിരാകാശ നടത്തത്തിന് ഉപയോഗിക്കുന്ന വസ്ത്രത്തിനുള്ളിൽ വെള്ളം കണ്ടെത്തിയതിനെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നടത്താൻ പദ്ധതിയിട്ടിരുന്ന ബഹിരാകാശ നടത്തങ്ങൾ ഒഴിവാക്കി. എന്നാൽ, അടിയന്തരാവശ്യങ്ങൾക്കുള്ള ബഹിരാകാശ നടത്തം ഒഴിവാക്കില്ല.യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഗവേഷകനായ മത്തിയാസ് മോറർ ധരിച്ച വസ്ത്രത്തിനുള്ളിലാണ് വെള്ളം കണ്ടെത്തിയത്. ഹെൽമെറ്റിന്റെ ഉള്ളിൽ 20 മുതൽ 25 സെന്റിമീറ്റർ വരുന്ന വെള്ളത്തിന്റെ വളരെ നേർത്ത പാളിയാണ് കണ്ടെതെന്ന് മോറർ പറഞ്ഞു. വസ്ത്രത്തിനുള്ളിൽ താപനില ക്രമീകരിക്കുന്നതിനായി ശേഖരിച്ച വെള്ളമാണ് ചോർന്നത്. ബഹിരാകാശ വസ്ത്രത്തിനുള്ളിൽ ചിലപ്പോൾ കുറച്ച് വെള്ളം ഉണ്ടാവാറുണ്ടെങ്കിലും സാധാരണയുണ്ടാവുന്നതിനേക്കാൾ കൂടുതൽ വെള്ളം കണ്ടതാണ് പ്രശ്നമായത്.
എക്സ്ട്രാവെഹിക്കുലാർ മൊബിലിറ്റി യൂണിറ്റ് (ഇ.എം.യു) എന്നറിയപ്പെടുന്ന ബഹിരാകാശ വസ്ത്രങ്ങൾ കൂടുതൽ പരിശോധനയ്ക്കായി ജൂലായിൽ ഭൂമിയിലേക്ക് അയക്കും. ഇതേ തുടർന്ന് കുറച്ച് മാസത്തേക്ക് ഗവേഷകർക്ക് ബഹിരാകാശ നിലയത്തിന് പുറത്തുള്ള ജോലികൾ ചെയ്യാൻ സാധിക്കില്ല.
അതേസമയം അടുത്തിടെ ബഹിരാകാശ നിലയത്തിലെത്തിയ സ്പേസ് എക്സ് ക്രൂ 4 ലും ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലും കൂടുതൽ ഹെൽമെറ്റ് അബ്സോർബ്ഷൻ പാഡുകൾ നിലയത്തിൽ എത്തിച്ചിട്ടുണ്ട്. അടിയന്തിര ആവശ്യങ്ങൾക്കായി നിലയത്തിന് പുറത്തിറങ്ങേണ്ടി വന്നാൽ ഈ പാഡുകൾ ഉപയോഗിക്കാം.
2013 ജൂലായിൽ സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് യൂറോപ്യൻസഞ്ചാരിയായ ലുക പാർമിറ്റാനയുടെ മുഖം മുഴുവൻ വെള്ളം മൂടുന്ന അവസ്ഥയുണ്ടായി. തുടർന്ന് അദ്ദേഹം നിലയത്തിനുള്ളിലേക്ക് മടങ്ങി.