SignIn
Kerala Kaumudi Online
Wednesday, 06 July 2022 6.35 PM IST

ചങ്ങല പൊട്ടിയ ചിന്താപ്രവാഹം

vivadavela

ചങ്ങല പൊട്ടിയ നായയുടെ അവസ്ഥ ഇന്ന് കേരള രാഷ്ട്രീയത്തിലെ മുഖ്യചർച്ചയാണ്.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനാണ് ഇതിന് കാരണക്കാരൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ വച്ച് ഒരു പ്രാദേശിക സ്വകാര്യ ചാനലിനോട് പ്രതികരിക്കുമ്പോഴാണ് സുധാകരനിൽ നിന്ന് ഈ 'വാമൊഴിവഴക്കം' സംഭവിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൂടുതൽ സമയം ചെലവിടുന്നതിനെ പരിഹസിച്ചായിരുന്നു സുധാകരന്റെ പ്രതികരണം. കേരളത്തിലെ ഒരു പ്രധാനപ്പെട്ട രാഷ്ട്രീയപാർട്ടിയുടെ മുൻനിര നേതാവെന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുപ്പ് പ്രചാ രണത്തിനായി മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നതിനെ കുറ്റപ്പെടുത്താനാവില്ല. സുധാകരൻ അങ്ങനെ കുറ്റപ്പെടുത്തുന്നെങ്കിൽ സുധാകരനെയും കുറ്റപ്പെടുത്തേണ്ടി വരുമെന്ന് സാമാന്യയുക്തി വച്ച് നമുക്ക് ചിന്തിക്കാം. പക്ഷേ ഇത് രാഷ്ട്രീയമാണല്ലോ. ആർക്കും ആരെയും കുറ്റപ്പെടുത്താം. വിമർശിക്കാം. രാഷ്ട്രീയപാർട്ടികൾ പരസ്പരം വിമർശിക്കുന്നതിന് യാതൊരു ഔചിത്യബോധവും കാട്ടാറില്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കാലത്ത്. എത്രയോ ഉദാഹരണങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് നമ്മുടെ മുന്നിലുണ്ട്. പരനാറി, പൂതന എന്നിവയൊക്കെ ഉദാഹരണങ്ങളാണ്.

മറ്റൊരു തരത്തിൽ നോക്കിയാൽ ചങ്ങല പൊട്ടിയ നായയുടെ കഥ കേരളരാഷ്ട്രീയത്തിലെ വലിയ ചർച്ചാവിഷയമായി മാറിയതിന് കാരണവും തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് തന്നെ. സ്ഥാനാർത്ഥിയെയോ മറ്റേതെങ്കിലും ഉന്നത നേതാവിനെയോ അധിക്ഷേപിച്ചു, അപഹസിച്ചു എന്നുള്ള 'ഇരവാദ'ങ്ങൾ ഏറ്റവുമധികം മാർക്കറ്റ് ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പ് കാലങ്ങളിലാണ്. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പദപ്രയോഗവും അതിനെ ചൊല്ലിയുണ്ടായ വിവാദങ്ങളും കേസും കുണ്ടാമണ്ടിയുമെല്ലാം കാണിക്കുന്നത് തൃക്കാക്കരയിലെ പോരിന്റെ കാഠിന്യം തന്നെയാണ്. തൃക്കാക്കരയിലെ പോര് വെറുമൊരു പോരല്ല. പിന്നെയോ?

ഉപതിരഞ്ഞെടുപ്പും

സ്ഥാനാർത്ഥികളും

തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനദിവസം മുതൽ പോര് അതിന്റെ മൂർദ്ധന്യത്തിലായെന്നത് വല്ലാത്തൊരു സവിശേഷതയായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഇടതുമുന്നണിയേക്കാൾ വേഗത്തിൽ ഉമ തോമസിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് കോൺഗ്രസുകാരെ പോലും ഞെട്ടിച്ചത് കോൺഗ്രസ് പാർട്ടിയാണ്. ഇടതുമുന്നണിയും വിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം അവർ അത്യന്തം നാടകീയമാക്കി. അതിഗംഭീരമായ ക്ലൈമാക്സ് ആയിരുന്നു. സി.പി.എമ്മിന്റെ പ്രാദേശികനേതാവായ അരുൺകുമാർ സ്ഥാനാർത്ഥിയാകുമെന്നുറപ്പിച്ച് അണികൾ പലേടത്തും നടത്തിയ ചുവരെഴുത്തുകൾ മായ്പിച്ചാണ് സി.പി.എം സ്ഥാനാർത്ഥിയായി ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ. ജോ ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സീറോ മലബാർ സഭയുടെ നിയന്ത്രണത്തിലുള്ള എറണാകുളത്തെ ലിസി ആശുപത്രിയിൽ ചികിത്സകന്റെ വേഷം അഴിച്ചുവയ്ക്കാതെ ജോ ജോസഫ് തിരഞ്ഞെടുപ്പ് ഗോദയിലേക്ക് മാസ് എൻട്രിയായി.

സഭയുടെ സ്ഥാനാർത്ഥിയാണ് ഡോക്ടറെന്ന് പല കോണുകളിൽ സി.പി.എമ്മിനെതിരെ ആക്ഷേപമായും അല്ലാതെയും ആളുകൾ അടക്കം പറഞ്ഞു. പ്രതിപക്ഷം സ്ഥാനാർത്ഥിനിർണയത്തിൽ ദുരൂഹത ആരോപിച്ചു. അത് കറങ്ങിക്കറങ്ങി മണ്ഡലത്തിൽ ഒരു ചക്രവാതച്ചുഴി പോലെ മേഘാവൃതമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടിരുന്നു.

സഭയ്ക്ക് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയേ ഇല്ലെന്ന് സീറോ മലബാർ സഭ ആണയിട്ടു. മറ്റ് സഭകളും അങ്ങനെ ക്രൈസ്തവസഭയുടെ മേലങ്കിയുള്ള സ്ഥാനാർത്ഥിയില്ലെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ യോഗത്തിൽ വച്ച് മുഖ്യമന്ത്രി തീർപ്പ് കല്പിച്ചു.

ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥി തന്നെ. ഏത് സഭയെന്ന് ചിരിച്ചുകൊണ്ട് അദ്ദേഹം സദസ്സിനെ നോക്കി ചോദിച്ചു. സദസ്സ് കാത് കൂർപ്പിച്ചിരുന്നു. മുഖ്യമന്ത്രി ട്രോളാൻ പോവുകയാണെന്ന് അവർ ചിന്തിച്ചില്ല. അദ്ദേഹത്തിന്റെ ആ ചിരി കണ്ടപ്പോഴാണ് സംഗതി ട്രോളാണെന്ന് മനസ്സിലായത്. മുഖ്യമന്ത്രി പറഞ്ഞു. സ്ഥാനാർത്ഥി സഭയുടേത് തന്നെ. അത് ക്രൈസ്തവസഭയല്ല നിയമസഭയാണതേ. അതായത്, ഇടതുമുന്നണി സ്ഥാനാർത്ഥി ജോ ജോസഫ് തിരഞ്ഞെടുപ്പിൽ വിജയിച്ച് നിയമസഭയിലേക്കെത്താൻ പോകുന്നുവെന്ന അർത്ഥത്തിൽ നിയമസഭയുടെ സ്ഥാനാർത്ഥിയാണ്.

തൃക്കാക്കരയിൽ വിജയിച്ച് നിയമസഭയിൽ അംഗബലം നൂറ് തികയ്ക്കുമെന്നാണ് ഇടതുമുന്നണി പറയുന്നത്. അത് നടക്കില്ലെന്ന് യു.ഡി.എഫും.

'സൗഭാഗ്യ'ത്തിലെ

ഇരവാദം

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനപ്രസംഗത്തിൽ നടത്തിയ ഒരു പദപ്രയോഗവും ഇരവാദത്തിന് മണ്ഡലത്തിൽ ആയുധമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൈവിട്ടുപോയ അബദ്ധം തിരുത്താനുള്ള സൗഭാഗ്യം തൃക്കാക്കരക്കാർക്ക് കൈവന്നിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആ യോഗത്തിൽ പറഞ്ഞു. അത് സാധാരണ പ്രസംഗങ്ങളിൽ രാഷ്ട്രീയനേതാക്കളുടെ ഒരു രീതിയാണ്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് യോഗങ്ങളിൽ എതിർമുന്നണികളെ ആക്രമിക്കാൻ ഇത്തരത്തിലുള്ള രാസായുധങ്ങൾ ഏത് നേതാവും പ്രയോഗിക്കാറുണ്ട്. ഒരു പ്രസംഗത്തിന്റെ ആവേശതാളം മുറിയാതിരിക്കാൻ സ്വാഭാവികമായി വന്നുപോകുന്ന വാക് പ്രയോഗങ്ങളായി ഇവയെയൊക്കെ കാണുകയെന്ന സ്പോർട്സ്മാൻ സ്പിരിറ്റൊന്നും സാധാരണയായി തിരഞ്ഞെടുപ്പ് വേളകളിൽ രാഷ്ട്രീയ നേതൃത്വങ്ങൾ കാണിക്കാറില്ല.

അതുകൊണ്ട് മുഖ്യമന്ത്രിയുടെ സൗഭാഗ്യ പരാമർശം അന്തരിച്ച പി.ടി. തോമസിനെ അവഹേളിക്കുന്നതായി എന്ന ആക്ഷേപം യു.ഡി.എഫുകാർ ഉയർത്തി. സ്ഥാനാർത്ഥി ഉമ തോമസിന് അനുകൂലമായ സഹതാപതരംഗത്തിന്റെ വെലോസിറ്റി കൂട്ടാൻ അത് വഴിവയ്ക്കുന്നെങ്കിൽ ആകട്ടെയെന്ന് അവർ ചിന്തിച്ചു.

അതിന് തിരിച്ചടി കൊടുക്കാനാണ് കെ. സുധാകരന്റെ ചങ്ങലപൊട്ടിയ നായ പ്രയോഗത്തെ ഇടതുമുന്നണിക്കാർ ഏറ്റെടുത്തതെന്ന് വേണം ചിന്തിക്കാൻ.

കുന്നംകുളം മാപ്പും

ആപ്പും ട്വന്റിട്വന്റിയും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിറുത്താതെ തന്നെ ഏറ്റവും വലിയ താരങ്ങളായി മാറിയിരിക്കുന്നത് ട്വന്റി- ട്വന്റി പാർട്ടിയും ആം ആദ്മി പാർട്ടിയുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ പതിമൂവായിരത്തിൽ പരം വോട്ടുകൾ പിടിച്ചെടുത്തവരാണ് ട്വന്റി ട്വന്റി.

ട്വന്റിട്വന്റി പാർട്ടിയുടെ യഥാർത്ഥ ചാലകശക്തിയായ കിറ്റെക്സ് ഗ്രൂപ്പിനെതിരെ പരിസ്ഥിതിവിഷയത്തിൽ യുദ്ധം ചെയ്തയാളായിരുന്നു അന്തരിച്ച പി.ടി. തോമസ്. കിറ്റെക്സ് സ്ഥാപനം മൂലം കടമ്പ്രയാർ മലിനപ്പെടുന്നുവെന്നാണ് പി.ടി ഉന്നയിച്ച ആക്ഷേപം. നിയമസഭയിലടക്കം ഘോരഘോരം അദ്ദേഹം ശബ്ദമുയർത്തി. ഇടതുപക്ഷക്കാരും ഈ വിഷയത്തിൽ സമാനനിലപാടുകാരായിരുന്നെങ്കിലും പി.ടി. തോമസിനോളം ശൗര്യം അവർ കാട്ടിയില്ല.

തൊട്ടടുത്ത മണ്ഡലമായ കുന്നത്തുനാട് ആണ് ശരിക്കു പറഞ്ഞാൽ ട്വന്റി ട്വന്റിയുടെ ശക്തികേന്ദ്രം. അവിടെ ട്വന്റി ട്വന്റിയുടെ ഒരു പ്രവർത്തകൻ സമീപകാലത്ത് കുത്തേറ്റ് മരിച്ചു. അതിന് പിന്നിൽ സി.പി.എമ്മുകാരാണെന്നാണ് പറയുന്നത്. അതിന്റെ പ്രതികാരം തൃക്കാക്കരയിൽ ട്വന്റി ട്വന്റി വീട്ടുമെന്ന് ചിന്തിക്കുന്നത് ഇപ്പോൾ യു.ഡി.എഫുകാരാണ്.

കുന്നത്തുനാടിന്റെ എം.എൽ.എ ഇടത് സ്വതന്ത്രനായ പി.വി. ശ്രീനിജനാണ്. ശ്രീനിജൻ ട്വന്റി ട്വന്റിയുടെ പ്രഖ്യാപിത ശത്രുവാണ്. ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്‌രിവാൾ വന്നുപോയത് ഇവിടെയാണ്. കേരളവും പിടിക്കും എന്നാണ് കെജ്‌രിവാൾ പ്രഖ്യാപിച്ചുകളഞ്ഞത്. തൃക്കാക്കരയിലെ കൗതുകമെന്ന് പറയുന്നത് ഇപ്പോൾ ട്വന്റി ട്വന്റിയുടെ പിന്തുണയ്ക്കായി യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ മത്സരിക്കുന്നുവെന്നതാണ്.

തൃക്കാക്കരയിൽ സി.പി.എം ട്വന്റി ട്വന്റിയുടെ പിന്തുണ തേടും മുമ്പ് പി.വി. ശ്രീനിജൻ അടക്കമുള്ളവർ മാപ്പ് പറയണമെന്ന് പറഞ്ഞത് കിറ്റെക്സ് ഗ്രൂപ്പ് എം.ഡി സാബു ജേക്കബ് ആണ്. സാബുവിന്റെ കിറ്റെക്സ് കമ്പനിയിൽ അടിക്കടി പരിശോധന നടത്തിച്ചതിന് പിന്നിൽ ശ്രീനിജനാണെന്ന് സാബു കരുതുന്നു. ശ്രീനിജനും സാബുവും ബദ്ധശത്രുക്കളെ പോലെയാണ്. കുന്നത്തുനാട് സംഘർഷം പോലും ഇതിന്റെ ബഹിർസ്ഫരണമായി കരുതുന്നവരുണ്ട്.

എന്നാലിപ്പോൾ ഇടതുമുന്നണി എല്ലാം മറന്ന് ട്വന്റി ട്വന്റിക്ക് പിറകേയുണ്ട്. ശ്രീനിജൻ മാപ്പ് പറയണമെന്ന സാബുവിന്റെ പ്രതികരണത്തെ ശ്രീനിജൻ പരിഹസിച്ചത്, ആരുടെയെങ്കിലും കൈയിൽ കുന്നംകുളം മാപ്പുണ്ടെങ്കിൽ തരണമെന്ന് പറഞ്ഞുകൊണ്ടാണ്. അത് ഫേസ്ബുക് പോസ്റ്റായാണ് ശ്രീനിജൻ ഇട്ടത്. പെട്ടെന്നുതന്നെ ശ്രീനിജന് ഇത് പിൻവലിക്കേണ്ടി വന്നു. കാരണം സി.പി.എം ഇടപെടലായിരുന്നുവെന്ന് വ്യക്തമാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന ട്വന്റി ട്വന്റിയുടെ നിലപാട് യു.ഡി.എഫിന് അനുകൂലമാകുമെന്ന പ്രതീക്ഷ ഉറക്കെ പ്രഖ്യാപിക്കുന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ. മനസ്സാക്ഷിവോട്ടിനാണ് ട്വന്റി ട്വന്റി ഇപ്പോൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ആ മനസ്സാക്ഷിവോട്ടിന് വേണ്ടി മൂന്ന് മുന്നണികളും കാട്ടുന്ന അഭ്യാസങ്ങൾ കാണുമ്പോൾ ചിലരെങ്കിലും ഓർക്കുന്നത് ഹരികൃഷ്ണൻ സിനിമയിൽ ജൂഹി ചൗളയുടെ മനസ്സിലിടം നേടാൻ വേണ്ടി മത്സരിക്കുന്ന മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കളികളാണ്.

ചങ്ങല പൊട്ടിയ

ചിന്തകൾ

അങ്ങനെ തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പ് അത്യാവേശകരമായ ഫിനിഷിംഗ് പോയിന്റിലേക്ക് കടക്കുകയാണ്. ആരെ വരിക്കും തൃക്കാക്കര എന്ന് കേരളം ഉറ്റുനോക്കുന്നുണ്ട്. ഹിന്ദുഭൂരിപക്ഷ മണ്ഡലം. അതിൽ ഈഴവവോട്ടുകൾക്ക് കാര്യമായ സ്വാധീനം. 27 ശതമാനം വരുന്ന ക്രൈസ്തവസ്വാധീനം നിർണായകം. എറണാകുളത്തെ പൂർണമായ നഗരമണ്ഡലമെന്ന പ്രതിച്ഛായ. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മൊത്തം വെള്ളം കയറി അലങ്കോലമായ മണ്ഡലം. റോഡിലെ കുണ്ടും കുഴിയുമടക്കം മുന്നണികൾക്ക് പരസ്പരം ആക്രമിക്കാനുള്ള ആയുധം.

പി.ടി. തോമസിന്റെ മണ്ഡലത്തിൽ കുഴിയടക്കാൻ എന്ത് ചെയ്തെന്ന ചോദ്യത്തിന് തിരുവനന്തപുരത്തെ ശിവൻകുട്ടിയുടെ നേമത്തെ റോഡിന്റെ ചിത്രമൊക്കെ എടുത്തിട്ടാണ് യു.ഡി.എഫുകാർ മറുചോദ്യം ചോദിക്കുന്നത്.

അങ്ങനെ ശരിക്കുപറഞ്ഞാൽ തൃക്കാക്കരയിൽ ഇപ്പോൾ നടക്കുന്നത് ചങ്ങല പൊട്ടിയ ചിന്തകളുടെയും യുക്തികളുടെയും രാഷ്ട്രീയ വാക് ശരങ്ങളുടെയും പരക്കം പാച്ചിൽ തന്നെയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VIVADAVELA, THRIKKAKARA BYELECTION
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.