ബ്രസ്സൽസ്: മങ്കിപോക്സിന് ക്വാറന്റൈൻ നിർബന്ധമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ബെൽജിയം. 21 ദിവസമാണ് ക്വാറന്റൈൻ ഏർപ്പെടുത്തിയത്. ശനിയാഴ്ച രാജ്യത്ത് നാലാം കേസും റിപ്പോർട്ട് ചെയ്തതോടെയാണിത്. സ്കോട്ട്ലൻഡിലും മങ്കിപോക്സ് സ്ഥിരീകരിച്ചു. ലോകത്താകെ 93 കേസുകൾ സ്ഥിരീകരിച്ചെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, പാശ്ചാത്യരാജ്യങ്ങളിൽ പടരുന്ന മങ്കിപോക്സിന് മാദ്ധ്യമങ്ങൾ കറുത്ത വംശജരുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് കെനിയ ആസ്ഥാനമായുള്ള ആഫ്രിക്കൻ മാദ്ധ്യമപ്രവർത്തക സംഘടനയായ ഫോറിൻ പ്രസ് അസോസിയേഷൻ ആഫ്രിക്ക. ഇത് വംശീയ വിവേചനത്തിന് ആക്കം കൂട്ടും. കറുപ്പിനെ ശിക്ഷിക്കപ്പെടേണ്ടതായി ചിത്രീകരിച്ച് 'വെളുപ്പിന്റേെ വിശുദ്ധി'യെ നിലനിറുത്താനാണോ ഈ ശ്രമമെന്നും എഫ്.പി.പി.എ ചോദിച്ചു. യൂറോപ്പിലും അമേരിക്കയിലും പൊട്ടിപ്പുറപ്പെട്ട രോഗത്തെ സൂചിപ്പിക്കാൻ അവിടുത്തെ ആശുപത്രികളുടെ ചിത്രങ്ങളോ ഇലക്ട്രോണിക് ഉപകരണങ്ങളോ ഉപയോഗിച്ചുകൂടേയെന്നും, വാർത്ത ചിത്രീകരണത്തിൽ വർണവിവേചനം പാടില്ലെന്നും എഫ്.പി.പി.എ വ്യക്തമാക്കി.