SignIn
Kerala Kaumudi Online
Friday, 29 March 2024 5.50 PM IST

റോഡുകൾക്കും വേണം നിശ്ചിത കലണ്ടർ

road

മഴക്കാലം തുടങ്ങുന്നതിനു തൊട്ടുമുൻപ് സംസ്ഥാനത്ത് റോഡുകൾ വെട്ടിപ്പൊളിക്കുകയും അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ ആഴ്ചകളോ മാസങ്ങളോ കിടക്കുന്നതും പതിവു കാഴ്ചയാണ്. ജനം പരാതിപ്പെട്ടാൽ മഴ കാരണം പണി മുടങ്ങുന്നെന്നാണ് അധികൃതർ പറയാറുള്ളത്. കേരളത്തിൽ മഴക്കാലം അപ്രതീക്ഷിതമല്ല. കൃത്യമായ സമയവും കാലവുമുണ്ടതിന്. അതു പരിഗണിക്കാതെ റോഡിൽ പണിക്കിറങ്ങുന്നതാണ് ജനത്തെ ദുരിതത്തിലാക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ റോഡുകളെല്ലാം കുഴിച്ചുമറിച്ചിട്ട് രണ്ടുമാസത്തോളമായി. മികച്ച റോഡുകൾ പോലും റീടാറിംഗിനായി പുതിയ സങ്കേതപ്രകാരം മില്ലിംഗ് നടത്തിയിട്ടിരിക്കുകയാണ്. ഇനി അവ ടാർ ചെയ്യണമെങ്കിൽ മഴ മാറണം. സാമാന്യത്തിലധികം ദീർഘമായ വേനൽമഴയെയാണ് അധികൃതർ പഴിക്കുന്നത്.

തിരുവനന്തപുരത്തു മാത്രമല്ല മിക്ക പട്ടണങ്ങളിലും കുണ്ടുംകുഴിയും കാരണം റോഡ് ഗതാഗതം വളരെ ക്ളേശകരമാണ്. റോഡുകളിലെ കുഴികളുടെ കണക്കെടുപ്പു മാത്രമേ നടന്നുള്ളൂ. അവ അടയ്ക്കാനുള്ള പദ്ധതിയിട്ടു വന്നപ്പോഴേക്കും ശക്തമായ മഴയും തുടങ്ങി. മഴക്കാലം തീരുന്നതുവരെ കാത്തിരുന്നാൽ റോഡ് യാത്രതന്നെ അസാദ്ധ്യമാകും വിധത്തിലാണ് പല റോഡുകളുടെയും അവസ്ഥ. ഇതിന് അടിയന്തര പരിഹാരമുണ്ടാക്കാൻ മരാമത്തുവകുപ്പ് നടപടിയെടുക്കണം. കുറഞ്ഞപക്ഷം കുഴികൾ മൂടാനുള്ള കരുണയെങ്കിലും കാണിക്കണം. വാഹനബാഹുല്യത്താൽ വീർപ്പുമുട്ടുന്നവയാണ് സംസ്ഥാനത്തെ എല്ലാ റോഡുകളും. റോഡുകളുടെ ദുർഘടാവസ്ഥ കാരണം നഷ്ടമാകുന്ന ഇന്ധനത്തിന്റെ കണക്ക് ആരും പരിഗണിക്കുന്നില്ല. അടുത്തയാഴ്ച വിദ്യാലയങ്ങൾ കൂടി തുറക്കുന്നതോടെ ഗതാഗതം പാരമ്യത്തിലെത്തും.

അടുത്തടുത്ത് രണ്ടു മഴക്കാലങ്ങളെ നേരിടേണ്ടിവരുന്ന സംസ്ഥാനത്തിന് റോഡ് പ്രവൃത്തികൾക്കായി പൊതുകലണ്ടർ ഉണ്ടാക്കാം. ബഡ്‌ജറ്റ് വിഹിതം ലഭിച്ചുതുടങ്ങുമ്പോഴാണ് കാലവർഷത്തിന്റെ തുടക്കം. ഫെബ്രുവരിയിലോ മാർച്ച് ആദ്യമോ ബഡ്‌ജറ്റ് അവതരിപ്പിച്ചാലും വകുപ്പുകൾക്കുള്ള വിഹിതം അനുവദിക്കാൻ മാസങ്ങൾ കഴിയണം. മാർച്ച് സാമ്പത്തികവർഷ അവസാനമായതിനാൽ ജനുവരി മുതൽ മൂന്നുമാസം ഓടിപ്പിടിച്ചുള്ള പണികളാണ്. അതിനിടെ എന്തെങ്കിലും തടസമുണ്ടായാൽ എല്ലാം അവതാളത്തിലാവും. തുലാവർഷാവസാനത്തോടെ തുടങ്ങുംവിധം അറ്റകുറ്റപ്പണിയും ടാറിംഗും മറ്റും ആരംഭിക്കാൻ കഴിഞ്ഞാൽ കാലവർഷമെത്തും മുൻപേ പൂർത്തിയാക്കാനാകും. ഓരോ ജില്ലയിലും പ്രധാന മരാമത്തുദ്യോഗസ്ഥന്മാരുടെ ചുമതലയിലാകണം റോഡ് സംരക്ഷണ പ്രവൃത്തികൾ. നഗര റോഡുകളുടെ സംരക്ഷണത്തിന് പ്രത്യേകം ഏർപ്പാടുകൾ വേണം. ഓരോ വകുപ്പും തോന്നും പോലെ റോഡുകൾ വെട്ടിക്കുഴിക്കുന്നത് പൂർണമായി തടയണം. റോഡുകളിൽ വെള്ളക്കെട്ടുണ്ടാകാത്ത തരത്തിലാകണം നിർമ്മാണം. ആറുമാസത്തോളം മഴയെ നേരിടേണ്ടിവരുന്ന നമ്മുടെ റോഡുകൾക്ക് അതിനെ അതിജീവിക്കാനുള്ള ഉറപ്പും ബലവും അത്യന്താപേക്ഷിതമാണ്.

ഭംഗിയും വെടിപ്പും ഉറപ്പുമുള്ള നിരത്തുകളാണ് ഏതുരാജ്യത്തും വികസനത്തിന്റെ അടിസ്ഥാനഘടകം. പതിറ്റാണ്ടുകൾക്കു മുമ്പ് രൂപംകൊണ്ട റോഡുകൾ ആധുനിക ഗതാഗതസങ്കല്പങ്ങൾക്ക് തീരെ ഇണങ്ങുന്നവയല്ല. മികവാർന്ന വലിയ നിരത്തുകൾ വന്നാലേ നാട് പുരോഗതി പ്രാപിക്കൂ. അനാസ്ഥയും സ്വാർത്ഥതാത്‌പര്യങ്ങളും കാരണമാണ് ദേശീയപാത വികസനം പോലും പതിറ്റാണ്ടുകൾ ഒരിഞ്ചു മുന്നോട്ടുപോകാതെ കിടന്നത്. ജനങ്ങളുടെ സുകൃതം കൊണ്ട് ഇപ്പോൾ ദേശീയപാത വികസനത്തിന് ജീവൻവച്ചിട്ടുണ്ട്. അതിനൊപ്പം നഗരങ്ങളിൽ വേണ്ടിടത്തെല്ലാം മേൽപ്പാലങ്ങളുടെയും അടിപ്പാതകളുടെയും ശൃംഖലതന്നെ ഉണ്ടായാലേ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകൂ. ഇനി സർക്കാരിന്റെ അടിയന്തരശ്രദ്ധ പതിയേണ്ടത് ഈ വിഷയത്തിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MAINTENANCE OF ROADS
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.