SignIn
Kerala Kaumudi Online
Friday, 29 March 2024 2.29 PM IST

കുരുന്നുകൾക്ക് നേരെ കൂർത്ത വിരലുകൾ

pocso

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ വ‌ർദ്ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങൾ പകൽ വെളിച്ചത്തിൽ പോലും നമ്മുടെ കുട്ടികൾ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന സത്യത്തിന് നേരെ വിരൽ ചൂണ്ടുന്നു. കഴിഞ്ഞവർഷം മാത്രം 3500ലേറെ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് പോക്സോ കേസുകൾ കൈകാര്യം ചെയ്യാൻ നിലവിൽ പ്രത്യേക കോടതികളുണ്ട്. പക്ഷേ, അതീവ ഗൗരവമായി കൈകാര്യം ചെയ്യേണ്ട ഇത്തരം കേസുകൾ മറ്റു കേസുകളുടെ കൂട്ടത്തിലാണ് പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നത്. ഇതിന് മാറ്റം വരികയാണ്. പോക്സോ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുകയാണ്. ഓരാേ ജില്ലയിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേകടീം ഇനി പോക്സോ കേസുകൾ അന്വേഷിക്കും. സാധാരണ ക്രമസമാധാന പരിപാലനത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെ പോക്സോ കേസുകൾ അന്വേഷിക്കുന്നത് തെളിവ് ശേഖരണവും കുറ്റപത്രം സമർപ്പിക്കലും വൈകാൻ കാരണമാകുന്നു. നിരവധി ജോലികൾക്കിടയിൽ ഒന്നു മാത്രമായി പോക്സോ കേസുകളും മാറുമ്പോൾ കുട്ടികൾക്കെതിരായ അതിക്രമങ്ങളെ അതിന്റെ ഗൗരവത്തിൽ കൈകാര്യം ചെയ്യാൻ കഴിയാതെ പോകുന്നു. തെളിവുകൾ നശിപ്പിക്കപ്പെടാനും പ്രതികൾ മുങ്ങുന്നതിനും കുറ്റപത്രം സമർപ്പിക്കലും ശിക്ഷയും വൈകുന്നതിനുമൊക്കെ ഇൗ ലാഘവത്വം ഇടയാക്കുന്നുണ്ട്. ഇതൊക്കെ മനസിലാക്കിയാകണം സംസ്ഥാന സർക്കാർ പോക്സോ കേസന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കുന്നത്. സംസ്ഥാനത്തെ 44 സ്റ്റേഷൻ ഹൗസ് ഒാഫീസർമാരെ ക്രമസമാധാന ചുമതലയിൽ നിന്നൊഴിവാക്കി പോക്സോ കേസുകളുടെ ചുമതലയേൽപ്പിക്കുന്നതായാണ് അറിയുന്നത്. ഇനി മുതൽ പോക്സോ രജിസ്റ്റർ ചെയ്താൽ അത് അന്വേഷിക്കുന്നത് പ്രത്യേക ടീമായിരിക്കും. കുട്ടികൾ ഇരകളാകുന്ന കേസുകളിൽ മൊഴിയെടുക്കാനും വിവിധ ഏജൻസികളുമായി യോജിച്ച് നടപടികൾ വേഗത്തിലാക്കാനും സ്പെഷ്യൽ പൊലീസ് ജുവനൈൽ യൂണിറ്റ് രൂപീകരിക്കണമെന്ന സുപ്രീം കോടതി നിർദേശത്തെ തുടർന്നാണ് പ്രത്യേകസംഘം രൂപീകരിക്കുന്നത്. ശാസ്ത്രീയ തെളിവുകൾ സമാഹരിച്ച് തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം നൽകാൻ നടപടികൾ ഉൗർജ്ജിതപ്പെടുത്താനാണ് തീരുമാനം.

നീണ്ടുപോകുന്ന

അന്വേഷണങ്ങൾ

പ്രതികളെന്ന് തെളിയുന്നവർക്ക് വളരെ വേഗത്തിൽ ശിക്ഷവിധിച്ച് ജയിലുകളിലേക്ക് അയയ്‌ക്കുന്നതിൽ പോക്സോ കോടതികളിൽ പൊതുവേ കാലതാമസം ഉണ്ടാകാറില്ല.

ഇക്കഴിഞ്ഞ ഫെബ്രുവരി മുതൽ മേയ് പതിനഞ്ചിനകം പത്തനംതിട്ട ജില്ലയിൽ പോക്സോ നിയമപ്രകാരം എട്ടുപ്രതികളെയാണ് ശിക്ഷിച്ചത്. കേസുകളിൽ ഏറെയും ബന്ധുക്കൾ കുട്ടികളെ പീഡനത്തിനിരയാക്കിയവയാണ്. പതിനഞ്ച് വയസിൽ താഴെയുള്ള പെൺകുട്ടികളെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് ഇരകളാക്കുകയും ഗർഭിണികളാക്കുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. നിലവിൽ ജില്ലയിൽ മുന്നൂറിലേറെ പോക്സോ കേസുകൾ അന്വേഷണത്തിലുണ്ടെന്നാണ് വിവരം. പോക്സോ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണെന്നാണ് പൊലീസിന്റെ കണക്ക്. കുട്ടികൾക്കെതിരെ അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന കണ്ടെത്തലിലാണ് പോക്സോ കേസുകൾ അന്വേഷിക്കാൻ പ്രത്യേക പൊലീസിനെയും ശിക്ഷ വേഗത്തിൽ ഉറപ്പാക്കാൻ പ്രത്യേക കോടതിയും രൂപവത്‌കരിച്ചത്. പോക്സോ കേസുകൾ ഒരു വർഷത്തിനകം അന്വേഷിച്ച് തീർപ്പാക്കണമെന്നാണ് നിലവിലെ നിയമം.

മാരക ലഹരികൾക്കും മയക്കുമരുന്നുകൾക്കും അടിമപ്പെടുന്നവർ പോക്സോ കേസുകളിൽ പ്രതികളായുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചതിന് പതിനൊന്ന് വർഷം മുതൽ അറുപത് വർഷം വരെ ശിക്ഷ വിധിക്കപ്പെട്ട കേസുകൾ പത്തനംതിട്ടയിലുണ്ട്. ശിക്ഷ ഇത്രത്തോളം കഠിനവും ശക്തവുമായാലും കുറ്റകൃത്യങ്ങൾ കുറയുന്നില്ലെന്നതിന് ഉദാഹരണങ്ങളാണ് കേസുകളിലെ വർദ്ധന.

വനിതാ, ശിശുസംരക്ഷണ നിയമങ്ങൾ ഏറെയുണ്ടെങ്കിലും ക്രൂരമായ മനസുകളെ മാറ്റിയെടുക്കാൻ ഇതൊന്നും പര്യാപ്തമല്ലെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. പെൺകുട്ടികളെ ചതിയിൽ കുടുക്കി ഫോട്ടോകൾ ഇന്റർനെറ്റിലൂടെയും മൊബൈൽ ഫോണുകളിലൂടെയും പ്രചരിപ്പിച്ച് അപമാനിക്കുന്നവർ സമൂഹത്തിൽ ഒരു പോറലുമേൽക്കാതെ വിലസിനട‌ക്കുന്നു. പീഡനക്കേസുകളിൽ പ്രതികളാകുന്നവർക്ക് ലഭിക്കുന്ന രാഷ്ട്രീയ സംരക്ഷണം കാരണം അവരെ തുറന്നുകാട്ടാൻ പൊതുസമൂഹത്തിനു കഴിയാതെ വരുന്നു.

ബോധവത്‌കരണം

ശക്തമാക്കണം

കുട്ടികൾക്കു വേണ്ടിയുള്ള ശക്തമായ നിയമങ്ങൾ ചില കേസുകളിൽ നിരപരാധികളെ കുടുക്കാനുള്ള ആയുധമാക്കുന്ന പ്രവണതയും ഉണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സംരക്ഷണം പ്രത്യേകം കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ഓരോരുത്തരുടെയും മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ബോധവത്‌കരണം അനിവാര്യമാണെന്നും അഭിപ്രായങ്ങൾ ഉയരുന്നു. കുട്ടികളെ ഉപദ്രഹിക്കുന്ന ഇത്തരം മാനസികവൈകല്യത്തിന് നിയമത്തിലൂടെ മാത്രം ചികിത്സ നൽകാൻ കഴിയില്ല. ഇത്തരം മനോവൈകൃതമുള്ളവരെ കണ്ടെത്തി കൃത്യസമയത്ത് ചികിത്സിക്കാനും കുട്ടികളെ സംരക്ഷിക്കാൻ പൊതുബോധം ഉണർത്താനും കുടുംബമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള സാമൂഹികാവബോധം നിലനിറുത്താനുമുള്ള നടപടികളാണ് ആവശ്യം. കുട്ടികൾ ഇരകളാക്കപ്പെടുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ മാത്രം നിയമത്തിന്റെ വടിയെടുക്കുന്നതിൽ യാതൊരർത്ഥവുമില്ല. നിയമനടപടികളും ബോധവത്‌കരണവും മനോരോഗ ചികിത്സയും ശക്തമാക്കി വേണം വികലമനസുകളെ നേരിടാൻ. ഒരിക്കൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങി അതേ കുറ്റകൃത്യം ചെയ്യുന്നവരുണ്ട്. പ്രതിയുടെ മനോവൈകല്യം തിരിച്ചറിയപ്പെടാതെ പോകുന്നതാണ് ഇതിന് കാരണം. ശിക്ഷാകാലയളവിൽ തന്നെ പ്രതിയുടെ മനോനില സൂക്ഷ്‌മമായി പരിശോധിച്ച് ചികിത്സ ആവശ്യമെങ്കിൽ അതുറപ്പാക്കുകയാണ് കുറ്രകൃത്യങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനുള്ള പ്രതിവിധി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASES UNDER POCSO
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.