SignIn
Kerala Kaumudi Online
Thursday, 25 April 2024 3.02 PM IST

മരുന്ന് ക്ഷാമം പരിഹരിക്കണം

medicine

മഴക്കാലത്താണ് രോഗങ്ങളും പകർച്ചവ്യാധികളും കൂടുന്നത്. കാലവർഷം എത്തും മുൻപുതന്നെ കേരളത്തിൽ എല്ലാ ദിവസവും മഴയാണ്. ഒരാഴ്ച കഴിയുമ്പോൾ സ്കൂളുകളും തുറക്കും. ഈ സാഹചര്യത്തിൽ ആശുപത്രികൾ സർവസജ്ജമായിരിക്കേണ്ടതാണ്. എന്നാൽ മിക്ക സർക്കാർ ആശുപത്രികളിലും മരുന്നുക്ഷാമം രൂക്ഷമാണെന്നാണ് വാർത്തകൾ. ഇതുമൂലം സാധാരണക്കാരാണ് ബുദ്ധിമുട്ടുന്നത്. സർക്കാർ ആശുപത്രിയിൽ നിന്ന് ചികിത്സയോടൊപ്പം സൗജന്യമായി മരുന്നും ലഭിക്കാറുള്ളത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വലിയ ആശ്വാസമാണ്.

മരുന്ന് വാങ്ങാനുള്ള ടെൻഡർ നടപടികൾ വൈകിയതാണ് ക്ഷാമത്തിനിടയാക്കിയത്. 2022 - 23 വർഷത്തേക്കുള്ള ടെൻഡർ നടപടി മാർച്ചിൽ പൂർത്തിയാക്കേണ്ടത് ഇതുവരെ എങ്ങുമെത്തിയിട്ടില്ല. നടപടി പൂർത്തിയാവാൻ ഒരുമാസത്തിലേറെ എടുക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതിനാൽ കാലവർഷക്കാലത്ത് ആശുപത്രികളിൽ മരുന്ന് ക്ഷാമം കൂടുതൽ രൂക്ഷമായേക്കാം. കഴിഞ്ഞ തിങ്കളാഴ്ചാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ടെൻഡർ നിരക്ക് അന്തിമമാക്കിയത്. അതുതന്നെ 50 കോടി വിറ്റുവരവുള്ള കമ്പനികൾ മാത്രം ടെൻഡറിൽ പങ്കെടുത്താൽ മതിയെന്ന വ്യവസ്ഥയോടെ ആയിരുന്നു. അതിനാൽ 25 ഉം 30 ഉം കോടി വരെ വിറ്റുവരവുള്ള കമ്പനികൾക്ക് മാറിനിൽക്കേണ്ടിവന്നു. ഇങ്ങനെ വന്നപ്പോൾ വൻകിട കമ്പനികൾ ഏകപക്ഷീയമായ ഉപാധികൾ മുന്നോട്ടുവച്ചതാണ് ടെൻഡർ നടപടികൾ വൈകിച്ചത്. കൂടുതൽ കമ്പനികൾ ടെൻഡറിൽ പങ്കെടുക്കുന്നത് മത്സരം കൂടാനും മരുന്ന് വില കുറയാനും ഇടയാക്കും. ഇതാണ് ഇത്തവണ ഇല്ലാതായത്. വലിയ കമ്പനികളുമായി സർക്കാർ ഇനി കരാർ ഒപ്പിടണം. തുടർന്ന് നിരതദ്ര‌‌വ്യം കെട്ടിവയ്ക്കണം. പിന്നീട് വേണം പർച്ചേസ് ഓർഡർ നൽകാൻ. ഈ സാഹചര്യത്തിൽ മരുന്നെത്താൻ അടുത്ത മാസം അവസാനമാകും. ഇതിനിടെ കോർപ്പറേഷൻ മരുന്ന് ക്ഷാമം പരിഹരിക്കാനുള്ള ഇടക്കാല നടപടികൾ എടുത്തുവരുന്നതായാണ് പറയുന്നത്. മരുന്ന് ആവശ്യത്തിലധികം സ്റ്റോക്കുള്ളിടത്തുനിന്ന് ക്ഷാമം നേരിടുന്ന ആശുപത്രികളിലേക്ക് മാറ്റാനുള്ള നടപടികളും ഉണ്ടാകണം.

ആശുപത്രികളോട് ചേർന്നുള്ള ഫാർമസികളിൽ പലയിടത്തും മരുന്നില്ല. പ്രമേഹ, രക്തസമ്മർദ്ദ മരുന്നുകൾക്കും ആന്റിബയോട്ടിക്കുകൾക്കുമാണ് പ്രധാനമായും ക്ഷാമം അനുഭവപ്പെടുന്നത്. അതേസമയം മരുന്നുകൾ തീരുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള സോഫ്‌റ്റ്‌വെയറിൽ ഓരോ സ്ഥാപനവും സ്റ്റോക്ക് വിവരങ്ങൾ യഥാസമയം രേഖപ്പെടുത്താത്തതാണ് ക്ഷാമം രൂക്ഷമാക്കുന്നതെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. ഇക്കാര്യം ശ്രദ്ധിച്ച് വീഴ്ചവരുത്തന്നവരെ ശിക്ഷിക്കേണ്ടത് ആരോഗ്യവകുപ്പാണ്. ഇതൊന്നും സമയത്ത് ഉത്തരവാദപ്പെട്ടവർ ചെയ്യുന്നില്ലെന്നതാണ് പ്രശ്നങ്ങൾ രൂക്ഷമാക്കുന്നത്. എന്തായാലും സംസ്ഥാനത്തെ സാധാരണക്കാരെ ബാധിക്കുന്ന ഗുരുതരമായ പ്രശ്നമെന്ന നിലയിൽ ആരോഗ്യമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകേണ്ടതാണ്.

മരുന്ന് ക്ഷാമം മുന്നിൽക്കണ്ട് പ്രായമായവർക്ക് നൽകിവരുന്ന ജീവിതശൈലീരോഗ മരുന്നിന്റെ വിതരണം നിറുത്തിവച്ചത് ഉടൻ പുനരാരംഭിക്കാനും നടപടിയുണ്ടാകണം. മഴക്കാലത്ത് ആശുപത്രികൾ തിങ്ങിനിറഞ്ഞ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതുവരെ പരിഹാരമുണ്ടാക്കാൻ കാത്തിരിക്കരുത്. സമയബന്ധിതമായ ആസൂത്രണത്തിന്റെ അഭാവമാണ് മിക്കപ്പോഴുംഇത്തരം പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUG SHORTAGE IN GOVT HOSPITALS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.