കൊല്ലം: നിത്യതയിലേക്ക് യാത്രയാക്കാൻ വിസ്മയെ അവസാനമായി വീട്ടിലെത്തിച്ചപ്പോൾ ത്രിവിക്രമൻ നായർ ശപഥമെടുത്തു, 'മകൾക്ക് നീതി കിട്ടിയിട്ടേ ഇനി താടിയെടുക്കൂ'. ഇന്ന് കിരൺകുമാറിന് ശിക്ഷ വിധിക്കുന്നതോടെ ത്രിവിക്രമൻ നായരുടെ മനസിന് അല്പം ആശ്വാസമാകും. അതിനുശേഷം അദ്ദേഹം താടിയെടുക്കും.
മകളുടെ മരണശേഷം ത്രിവിക്രമൻ നായർ കാര്യമായി വീടിന് പുറത്തിറങ്ങിയിട്ടില്ല. കേസിന്റെ വിചാരണയിൽ പങ്കെടുക്കാൻ കോടതിയിലേക്കാണ് വല്ലപ്പോഴും പോയിരുന്നത്. ക്ലീൻ ഷേവായിരുന്ന ത്രിവിക്രമൻ നായർ താടി നീട്ടി വളർത്തിയതോടെ പലർക്കും തിരിച്ചറിയാനും കഴിഞ്ഞില്ല.
വിതുമ്പലോടെ അമ്മ
അമ്മ സരിത, മകളെക്കുറിച്ചോർത്ത് കരയാത്ത ദിവസങ്ങളില്ല. കിരൺകുമാർ കുറ്റക്കാരനാണെന്ന വിധി ടി.വിയിൽ കണ്ടപ്പോഴും സരിതയുടെ ഉള്ളെരിയുകയായിരുന്നു. 'എന്റെ മകൾക്ക് സംഭവിച്ചത് പോലെ മറ്റാർക്കും സംഭവിക്കരുതെന്ന് പറയുന്നതിനിടയിൽ കണ്ഠമിടറി. കിരണിന് പരാമവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷ. വിസ്മയയെപ്പോലെ ഒത്തിരി പെൺകുട്ടികളുണ്ട്. അവർക്ക് കൂടിയുള്ള വിധിയാണിത്"- സരിത വിതുമ്പലോടെ പറഞ്ഞു.