കൊച്ചി: സർക്കാരിനെതിരെ വിമർശനവുമായി തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്. കേരളത്തിലേത് സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണെന്ന് ഉമാ തോമസ് പറഞ്ഞു. നടി ആക്രമിക്കപ്പെട്ട കേസ് മുൻനിർത്തിയാണ് ഉമയുടെ പരാമർശം.
'നടിക്ക് നീതി കിട്ടാൻ പി.ടി തോമസ് നടത്തിയ പോരാട്ടം തുടരും. ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു. തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യും'- ഉമാ തോമസ് കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തിയ കേസിൽ സർക്കാരിനും വിചാരണക്കോടതിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇരയായ നടി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകിയിട്ടുണ്ട്. കേസിലെ തുടരന്വേഷണം ഭരണ - രാഷ്ട്രീയ നേതൃത്വം അട്ടിമറിക്കുന്നെന്നും ദൃശ്യങ്ങളടങ്ങിയെ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി കൈകാര്യം ചെയ്തെന്ന ഫോറൻസിക് റിപ്പോർട്ടിൽ വിചാരണക്കോടതി നടപടിയെടുത്തില്ലെന്നുമാണ് ആരോപണം. തുടരന്വേഷണം പൂർത്തിയാക്കാനുള്ള സമയം മേയ് 31ന് അവസാനിക്കാനിരിക്കെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും.