SignIn
Kerala Kaumudi Online
Saturday, 20 April 2024 2.55 AM IST

ആ കത്തുകളൊന്നും നശിപ്പിക്കേണ്ടിയിരുന്നില്ല,​ അതെല്ലാം നമ്മുടെ ഓർമക്കുറിപ്പുകളായിരുന്നു; അച്ഛൻ അമ്മയ്‌ക്കെഴുതിയ പ്രണയക്കുറിപ്പ് പങ്കിട്ട് അനൂപ് മേനോൻ

anoop-menon

അമ്മയുടെ പിറന്നാൾ ദിനത്തിൽ മനോഹരമായ ഒരു കുറിപ്പ് ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് നടൻ അനൂപ് മേനോൻ. അച്ഛൻ അമ്മയ്‌ക്കെഴുതിയ പിറന്നാൾ കുറിപ്പാണിതെന്നും പരസ്പരം സ്നേഹിക്കുന്ന എല്ലാവർക്കുമായി ഇത് പങ്കുവയ്ക്കുന്നു എന്ന ആമുഖത്തോടെയുമാണ് അനൂപ് മേനോൻ പോസ്റ്റിട്ടിരിക്കുന്നത്.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...

പ്രിയപ്പെട്ടവളെ,

ജന്മദിന ആശസകൾ നേരുന്നതരത്തിൽ,എഴുതേണ്ട വിധത്തിൽ, അകംപൊള്ളയായ ഔപചാരികതയല്ല നമ്മുടെ ബന്ധം. എങ്കിലും, പണ്ട് കൈമാറിയ അനേകം കത്തുകളുടെ മിനുത്ത ഓർമ്മയിലും, അതിന്റെ നിറവിലും നൈർമല്യത്തിലും, ഒരു തോന്നൽ. എഴുതൂ, എഴുതൂ ആരോ പറയുന്നു. വേറെ ആരുമല്ല, എന്റെ മനസ്സ്, ഇനിയും യൗവനം വിടാത്ത ഹൃദയം.

കത്തുകൾ വളർത്തി വലുതാക്കിയതും, അർത്ഥവും, അടുപ്പവും ആഴവും നൽകിയതും കൂടിയാണ് നമ്മുടെ ബന്ധം. ഓരോ കത്തിലൂടെയും നാം പരസ്പരം കണ്ടു. കണ്ണാടിയിൽ എന്നപോലെ, അടുത്തു, അറിഞ്ഞു.നമ്മൾ നമ്മെ വായിച്ചു പഠിച്ചു. രസിച്ചു.

ഓരോ കത്തും നമ്മെ കൂടുതൽ അടുപ്പിച്ചു, അകലങ്ങളെ, അപ്രസക്തങ്ങൾ ആക്കി. പറയാൻ എഴുതാൻ പാടില്ലാത്തതായി ഒന്നും ഇല്ലാതെയായി. അങ്ങനെയും ഒരു കാലം. അല്ലെങ്കിൽ, അത്തരമൊരു കാലത്തെ നാം പണിതൊരുക്കി.

നീയും ഞാനും സൂക്ഷിച്ചു വച്ച കത്തുകൾ, വിവാഹശേഷം കത്തിച്ചു കളഞ്ഞത് ഞാൻ ഓർക്കുന്നു. നനുത്ത വെള്ളക്കടലാസിൽ എഴുതിയ ആ കത്തുകളിലെ, മഷി ഉണങ്ങി മങ്ങിത്തുടങ്ങിയിരുന്നു. എങ്കിലും, തീ വിഴുങ്ങുമ്പോൾ , അക്ഷരങ്ങൾ തിളങ്ങി, അവ നക്ഷത്രങ്ങളായി, മേലോട്ട് പൊങ്ങി പോകുന്നത് നമ്മൾ നോക്കി നിന്നു. ഒരു കാലം ജ്വലിച്ചു നിൽക്കുന്നത്.

ഇന്ന് തോന്നുന്നു, വേണ്ടിയിരുന്നില്ല, അത് നശിപ്പിക്കേണ്ടിയിരുന്നില്ല. അതൊരു പ്രണയകാലത്തിന്റെ ഓർമ്മക്കുറിപ്പുകൾ ആയിരുന്നു. അക്ഷരങ്ങളിൽ ഒതുങ്ങാത്ത ചില അനന്യ വികാരങ്ങളുടെ പകർത്തെഴുത്തു ആയിരുന്നു. ഇന്ന് അതിന്റെ വായനയുടെ അനുഭവതലം എത്ര ആകർഷകം ആയിരിക്കുമായിരുന്നു. ഓർത്തെടുക്കട്ടെ....

അന്ന് താമസിച്ച പേട്ടയിലെ വാടക വീട്ടിൽ നിന്നാണ് ജീവിതം തുന്നികൂട്ടുന്ന അത്ഭുത വിദ്യ നാം പഠിച്ചത്. കത്തെഴുത്തിന്റെ അത്രയും ലാഘവമിയലുന്ന ഒരു അക്ഷീണ യുക്തിയല്ല ജീവിതമെന്നു നാം അറിഞ്ഞത്. ആ വാടകവീട് പഠിപ്പിച്ച പാഠം, മറ്റു ഒരു പള്ളിക്കൂടത്തുനിന്നും നമുക്ക് ലഭിച്ചിട്ടില്ല.

പരിമിതികളെ പരിഭവങ്ങൾ ഏശാതെ കയ്യേൽക്കാനും, അത് പ്രകാശിപ്പിക്കാതെ ഉള്ളിലൊതുക്കുവാനും നിനക്കുള്ള വൈഭവം, പിന്നെ എപ്പോഴോ ആണ് ഞാൻ കണ്ടറിഞ്ഞത്.

പ്രതിസന്ധി ഘട്ടങ്ങളിൽ, ഭീഷണമായ രോഗാതുരതയിൽ, വ്യാപാരസംബന്ധിയായ തകർച്ചയിൽ ഉൾപ്പെടെ നീ പുലർത്തിയ സ്ഥൈര്യം, നീ പ്രകർഷിച്ച ആത്മ വിശ്വാസമൊക്കെ, ഇല്ലായിരുന്നുവെങ്കിൽ, തകർന്നു പോയേനെ നാം. പിടിച്ചു നിൽക്കാൻ കഴിയാതെ. ഇന്ന്, നിന്റെ ജന്മ നാളിൽ നിന്നുകൊണ്ട്, പിറകിൽ പോയ കാലങ്ങളെ, ഓർത്തെടുക്കുമ്പോൾ, പ്രിയപ്പെട്ടവളെ, എനിക്ക് നിന്നോട് സ്നേഹത്തേക്കാൾ ബഹുമാനമാണ് തോന്നുന്നത്.

നമ്മൾ, കുട്ടികളും അവരുടെ കുട്ടികളും എന്താണോ, അതിനു കാരണവും കർമവും നീ തന്നെയാണ്. നീ തന്നെ. മകൻ പറയുന്നത് നീ കേട്ടിട്ടില്ലേ, മാനം നോക്കി നടക്കാനും, അവിടേക്ക് പറന്നെത്താനും പറഞ്ഞത് പപ്പയാണെങ്കിലും, മണ്ണിൽ ചവിട്ടി ഉറച്ചു നിൽക്കാൻ പ്രേരിപ്പിച്ചത്, പരിചയിപ്പിച്ചത് നീയാണെന്ന്.

ഒരുകാലത്തു ആകാശം കണ്ടു മോഹിച്ചു നടന്ന എന്നെയും, തനിച്ചു നിൽക്കാനും തറയിൽ നിൽക്കാനും പരിശീലിപ്പിച്ചത് നീ തന്നെ. എനിക്കായി, എനിക്ക് മാത്രമായി ജനിച്ചവളെ നിനക്ക് മംഗളങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FB POST, ANOOP MENON
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.