തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രമാണ് ദ ഗ്രേ മാൻ. ചിത്രത്തിന്റെ ട്രെയിലർ ഉടനെ റിലീസാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ക്യാരക്‌ടർ പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. ഇതിൽ ധനുഷിനെ കാണാത്തതോടെ ആരാധകർ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഒടുവിൽ ധനുഷിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിടുകയായിരുന്നു.
റൂസോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാരക്‌ടർ പോസ്റ്റർ ഇവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പുറത്ത് വിട്ടത്. റയാൻ ഗോസ്ലിങ്, ക്രിസ് ഇവാൻസ്, അന ഡെ ആർമസ് എന്നിവരുടെ കാരക്റ്റർ പോസ്റ്ററുകളാണ് ആദ്യം പുറത്തുവിട്ടത്.
റയാൻ ഗോസ്ലിങ്ങിനെ ദ അൺ കാച്ചബിൾ എന്നാണ് വിശേഷിപ്പിച്ചത്. ക്യാപ്റ്റൻ അമേരിക്കയായി തിളങ്ങിയ ക്രിസ് ഇവാൻസിനെ ദ അൺ സ്റ്റോപ്പബിൾ എന്നും അനയെ അൺ ട്രേയ്‌സബിൾ എന്നുമാണ് പോസ്റ്ററിൽ വിശേഷിപ്പിച്ചിരുന്നത്.
ചിത്രത്തിലുള്ള ധനുഷിനെ പോസ്റ്റർ സീരീസിൽ ഉൾപ്പെടുത്താതിരുന്നതോടെ ആരാധകർ തങ്ങളുടെ കടുത്ത പ്രതിഷേധമാണ് അറിയിച്ചത്. പോസ്റ്ററുകൾക്ക് കമന്റായി ധനുഷ് എവിടെയെന്ന ചോദ്യവും ആരാധകർ ഉന്നയിച്ചു. ഇതോടെയാണ് മൂന്നുമണിക്കൂറുകൾക്ക് ശേഷം ധനുഷിന്റെ പോസ്റ്റർ എത്തിയത്. ലീതൽ ഫോഴ്‌സ് എന്നായിരുന്നു താരത്തിന്റെ വിശേഷണം.