തിരുവനന്തപുരം: ബെന്നിച്ചൻ തോമസിനെ വനംവകുപ്പ് മേധാവിയാക്കാനുള്ള നിർദ്ദേശം ഇന്നുചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളത്തായതിനാൽ ഓൺലൈനായാണ് മന്ത്രിസഭായോഗം ചേരുക. ഇപ്പോഴത്തെ വനം മേധാവി പി.കെ. കേശവൻ ഈ മാസം 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.
നിലവിലെ പി.സി.സി.എഫുമാരിൽ ഏറ്റവും സീനിയർ ബെന്നിച്ചൻ തോമസാണ്. പുതിയ മേധാവിയായി അദ്ദേഹത്തെ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള സെർച്ച് കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. മുല്ലപ്പെരിയാർ മരംമുറിക്കേസുമായി ബന്ധപ്പെട്ട് ബെന്നിച്ചൻ തോമസിനെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു.
നിത്യോപയോഗ സാധനങ്ങളുടെയും പച്ചക്കറികളുടെയും വിലക്കയറ്റം തടയാനാവശ്യമായ നടപടികളെക്കുറിച്ചും മന്ത്രിസഭായോഗം ചർച്ച ചെയ്തേക്കും. സന്ധ്യയോടെ തലസ്ഥാനത്തെത്തുന്ന മുഖ്യമന്ത്രി രാത്രിയിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |