SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.00 PM IST

ഫീസ് കൊള്ള തടഞ്ഞ് കേരളം

medical-education

വിദ്യാർത്ഥികളെ പിഴിഞ്ഞ് കോടികൾ കീശയിലാക്കാനുള്ള സ്വാശ്രയ മെഡിക്കൽ ലോബിയുടെ തന്ത്രത്തിന് കേരളം നേരത്തേ തടയിട്ടതിനുള്ള അംഗീകാരമാണ് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ്. സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ ഫീസ് കൊള്ള തടയാൻ സുപ്രീംകോടതി ഉത്തരവിലൂടെ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങളിൽ ഭൂരിഭാഗവും കേരളത്തിൽ നടപ്പാക്കിയവയാണ്. സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വ് ​പ്ര​കാ​രം​ ​രൂ​പം​കൊ​ണ്ട​ ​ഫീ​സ് ​നി​ർ​ണ​യ​സ​മി​തി​ ​നി​ശ്ച​യി​ക്കു​ന്ന​ ​ഫീ​സാ​ണ് കേരളത്തിൽ ​ഈ​ടാ​ക്കുന്നത്. ട്യൂഷൻ ഫീസ്, ലാബ്, ലൈബ്രറി, ഇന്റർനെറ്റ്, യൂണിഫോം അടക്കമുള്ള ചെലവുകളടങ്ങിയ സ്പെഷ്യൽ ഫീസ്, മെസ്, റെന്റ് എന്നിവയുൾപ്പെട്ട ഹോസ്റ്റൽ ഫീസ് എന്നിവയെല്ലാം സമിതി നിശ്ചയിക്കുകയും അത് സർക്കാർ അംഗീകരിച്ച് ഉത്തരവിറക്കുകയും ചെയ്യും. കോളേജുകൾ സമർപ്പിക്കുന്ന വരവ്, ചെലവ് കണക്കുകൾ പരിശോധിച്ചാണ് ആരോഗ്യ സെക്രട്ടറി, മെഡിക്കൽ കമ്മിഷൻ പ്രതിനിധി, ചാർട്ടേർഡ് അക്കൗണ്ടന്റ്, സ്വതന്ത്രഅംഗം എന്നിവരടങ്ങിയ സമിതി ഫീസ് നിശ്ചയിക്കുന്നത്. അധിക ഫീസ് ആവശ്യപ്പെട്ടെന്ന് കമ്മിറ്റിക്ക് ഇ-മെയിൽ അയച്ചാൽ പരാതിയായി കണക്കാക്കി നടപടികളെടുക്കുന്നുമുണ്ട്. 6,55,500 രൂപയാണ് കഴിഞ്ഞ വർഷത്തെ ശരാശരി ഫീസ്. 46,583 മുതൽ 86,600 വരെ സ്‌പെഷ്യൽ ഫീസും നിശ്ചയിച്ചിട്ടുണ്ട്. ഫീസ് അപര്യാപ്തമെന്നു ചൂണ്ടിക്കാട്ടി മ​റ്റു മാനേജ്‌മെന്റുകൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി നിർദേശാനുസരണമുള്ള പരിശോധനകൾ സമിതി നടത്തുന്നുണ്ട്.

കേരളത്തിൽ മെഡിക്കൽ ഫീസ് നിർണയം, പ്രവേശനം, ഫീസടയ്ക്കൽ എല്ലാം സർക്കാർ നിയന്ത്രണത്തിലാണ്.

നേരത്തേ, പകുതി സീറ്റു വീതം മാനേജ്മെന്റിനും സർക്കാരിനും പ്രവേശനം നടത്താമായിരുന്നപ്പോൾ കോളേജുകൾ ലക്ഷങ്ങൾ തലവരിയായി ഈടാക്കിയിരുന്നു. നിലവിൽ 15 ശതമാനം എൻ.ആർ.ഐ ക്വോട്ടയടക്കം മുഴുവൻ സീറ്റുകളിലും എൻട്രൻസ് കമ്മിഷണറാണ് നീറ്റ് റാങ്ക് പരിഗണിച്ച് അലോട്ട്മെന്റ് നടത്തുന്നത്.

ഹൈക്കോടതി ജഡ്ജിയായിരുന്ന, കൊല്ലം മയ്യനാട് സ്വദേശി ജസ്റ്റിസ് ആർ.രാജേന്ദ്രബാബു അദ്ധ്യക്ഷനായ സമിതിയാണ് ഫീസ് നിശ്ചയിക്കുന്നത്. സുപ്രീംകോടതി ഉത്തരവിട്ടതുപോലെ, മുഴുവൻ ഫീസും പണമായി കോളേജുകളിൽ അടയ്ക്കേണ്ടെന്നത് കേരളത്തിൽ നേരത്തേ നടപ്പായതാണ്. സ്വാശ്രയകോളേജുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർ നാലിലൊന്ന് തുക എൻട്രൻസ് കമ്മിഷണറുടെ പേരിലെടുത്ത ഡ്രാഫ്റ്റായി നൽകണം. കോളേജിൽ ബാക്കി അടയ്ക്കേണ്ട തുക എത്രയാണെന്ന് അലോട്ട്മെന്റ് മെമ്മോയിൽ രേഖപ്പെടുത്തും. ഇതിൽ കൂടുതൽ ഫീസ് അടയ്ക്കേണ്ടതില്ല. പ്രവേശനം പൂർത്തിയായ ശേഷം ആദ്യം അടച്ച തുക കോളേജുകൾക്ക് എൻട്രൻസ് കമ്മിഷണർ കൈമാറും. അവസാനഘട്ടത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് (സ്ട്രേ വേക്കൻസി) അലോട്ട്മെന്റിനുള്ളവരുടെ നീറ്റ് റാങ്ക് പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിലുണ്ട്. ഇതും കേരളത്തിൽ നടപ്പാക്കിയിട്ടുണ്ട്.

ജസ്റ്റിസ് രാജേന്ദ്രബാബു സമിതി നിശ്ചയിച്ച ഫീസ് പോരെന്നും മെരിറ്റ് സീറ്റിൽ 22ലക്ഷം വരെയും എ​ൻ.​ആ​ർ.​ഐ​ ​സീ​റ്റി​ൽ​ 30​-​ 34​ല​ക്ഷ​വു​മാ​ണ് ​മാ​നേ​ജ്മെ​ന്റു​ക​ൾ​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എന്നാൽ വിദ്യാർത്ഥികളെ കൊള്ളയടിക്കാനുള്ള സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുടെ നീക്കം അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. കുറഞ്ഞ ഫീസു വാങ്ങി കോളേജിന്റെ നടത്തിപ്പിനും ഭാവിയിലേക്കുള്ള വികസനത്തിനുമുള്ള ചെലവ് കണ്ടെത്താനാവില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം. എന്നാൽ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളം, കോളേജ് നടത്തിപ്പ്, ഭാവിയിലെ വികസനത്തിനുവേണ്ടിയുള്ള അധികത്തുക എന്നിവയെല്ലാം കണക്കാക്കിയാണ് ഫീസ് നിർണയിക്കുന്നതെന്ന് സർക്കാർ പറയുന്നു. എല്ലാ കോളേജുകൾക്കും പത്ത്ശതമാനം വാർഷിക വർദ്ധനവും അനുവദിക്കുന്നുണ്ട്. ഫീസ്‌ നിർണയിക്കാൻ കോളേജുകൾ നൽകിയ രേഖകളിൽ നേരത്തേ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. പ്രിൻസിപ്പലിന് ആഡംബരകാർ വാങ്ങിയതിന്റെയും അഞ്ചുകോടി ആദായനികുതി പിഴയടച്ചതിന്റെയും വക്കീൽ ഫീസിന്റെയും കണക്കുകൾ കോളേജിന്റെ ചെലവായി കാണിച്ച് ഫീസ് വർദ്ധന ആവശ്യപ്പെട്ടിരുന്നു. ഒരു കോളേജ് സേവനപ്രവർത്തനങ്ങൾക്കായി 19.20 കോടി രൂപ കൊടുത്തെന്ന കണക്കും ഹാജരാക്കിയിരുന്നു. കോളേജുകളുടെ വരവ്-ചെലവും ഭൂമി വിലയുമടക്കം ഏഴ് ഘടകങ്ങൾ പരിഗണിച്ചാണ് ഫീസ് നിർണയം. നോട്ടീസ്‌ നൽകി, കണക്കുകൾ പരിശോധിച്ച്, ഹിയറിംഗ് നടത്തി പഴുതടച്ച രീതിയിലാണ് ഫീസ് നിശ്ചയിക്കുക.

ഫീസ് കൂടിയാൽ ഗുണംകുറയും

മെഡിക്കൽ പഠനത്തിനുള്ള ഫീസ് അനിയന്ത്രിതമായി കൂടിയാൽ ദോഷം പലതാണ്. ഉയർന്ന റാങ്കുള്ള മിടുക്കരായ വിദ്യാർത്ഥികൾ അലോട്ട്‌മെന്റിൽ പങ്കെടുക്കാതെ മാറിനിൽക്കും. റാങ്കിൽ താഴെയുള്ള സമ്പന്നരായ വിദ്യാർത്ഥികൾക്ക് അവസരമൊരുങ്ങും. പണമൊഴുക്കും കോഴക്കളിയും തടയാൻ 100 ശതമാനം സീറ്റിലും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. സമർത്ഥർ പിന്മാറുന്നതോടെ കോഴക്കളിക്ക് വഴിയൊരുങ്ങും. പഠനനിലവാരത്തിൽ പിന്നോട്ടുള്ളവർ ഡോക്ടർമാരാവുന്നത് ആരോഗ്യമേഖലയ്ക്ക് ഗുണകരമാവില്ല. മുടക്കിയ കോടികൾ തിരിച്ചുപിടിക്കാനുള്ള മത്സരം രോഗികളുടെ കീശചോർത്തും. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാക്കും. അതിനാലാണ് സ്വാശ്രയ മെഡിക്കൽ ഫീസ് നിയന്ത്രിച്ചു നിറുത്താനും മാനേജ്മെന്റുകളുടെ കൊള്ളയടി തടയാനുമുള്ള സർക്കാരിന്റെ നടപടികൾ കൈയടി നേടുന്നത്.

മൂക്കുകയറിടാൻ

സുപ്രീംകോടതി

സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് തലവരിപ്പണം ആവശ്യപ്പെട്ടാൽ വിദ്യാർത്ഥികൾക്ക് പരാതിപ്പെടാൻ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള വെബ്‌പോർട്ടൽ വൈകാതെ സജ്ജമാക്കും.

വെബ്‌പോർട്ടലിന് സുപ്രീംകോടതി മേൽനോട്ടം വഹിക്കും. പ്രവേശന ഫീസും മറ്റും പണമായി ആവശ്യപ്പെട്ടാലും വെബ്‌പോർട്ടലിൽ പരാതിപ്പെടാം. വെബ്പോർട്ടലിനെക്കുറിച്ച് പ്രവേശന സമയത്ത് മാദ്ധ്യമങ്ങളിലൂടെ ഇംഗ്ളീഷിലും പ്രാദേശിക ഭാഷകളിലും പരസ്യത്തിലൂടെ പ്രചാരണം നൽകണം. കൗൺസിലിംഗ് വേളയിൽ ലഘുലേഖകളും വിതരണം ചെയ്യണം. കേന്ദ്ര ഐടി മന്ത്രാലയത്തിന് കീഴിലെ നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനാണ്(എൻ.ഐ.സി) വെബ്സൈറ്റ് തയ്യാറാക്കാനും പരിപാലിക്കാനുമുള്ള ചുമതല.

ഫീസ് നിർണയ സമിതികൾ നിശ്ചയിക്കുന്ന ഫീസ് വർദ്ധിപ്പിക്കാനും അധിക പണം വാങ്ങാനും കോളേജ് മാനേജ്മെന്റുകൾക്ക് അധികാരമില്ല. തലവരിപ്പണം വാങ്ങുന്നത് തടയാൻ ഫീസ് പണമായി വാങ്ങുന്നതിനും നിരോധനമുണ്ട്. മെഡിക്കൽ, ഡെന്റൽ പ്രവേശന നടപടികൾ കൗൺസലിംഗിന് രണ്ടാഴ്ച മുൻപ് പൂർത്തിയാക്കിയെന്ന് ദേശീയ മെഡിക്കൽ കമ്മിഷനും ദന്തൽ കൗൺസിലും ഉറപ്പാക്കണം. അവസാന ഘട്ടത്തിലെ ഒഴിവുകൾ(സ്ട്രേ വേക്കൻസി) പൂർണമായും നീറ്റ് റാങ്കിന്റെ അടിസ്ഥാനത്തിൽ യോഗ്യത നോക്കിയാകണം. പ്രവേശനം ലഭിക്കുന്നവരുടെ റാങ്കുകൾ പരസ്യപ്പെടുത്തണം. കർണാടകയിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ പ്രവേശനം നേടിയ മലയാളികൾ അടക്കം വിദ്യാർത്ഥികൾ ഫീസ് വിഷയത്തിൽ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി ഇടപെടൽ. സ്വാശ്രയ മെഡിക്കൽ കോളേജ് പ്രവേശന നടപടികൾ സുതാര്യമാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. അമിക്കസ് ക്യൂറി സമർപ്പിച്ച ശുപാർശകൾ അംഗീകരിച്ചാണ് സുപ്രീംകോടതി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MEDICAL FEE
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.