കൊച്ചി: സംസ്ഥാനത്ത് ഇന്നലെ വീണ്ടും സ്വർണവില ഉയർന്നു. തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണവില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയുടെ വർദ്ധനയാണ് ഉണ്ടായത്. ഇതോടെ ഒരുപവൻ സ്വർണത്തിന്റെ വില 38,320 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ചൊവ്വാഴ്ച 480 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന് വർദ്ധിച്ചത്. മേയ് ആദ്യവാരത്തിൽ ഇടിഞ്ഞുകൊണ്ടിരുന്ന സ്വർണവില മേയ് പകുതിയായപ്പോൾ ഉയർന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയിൽ 1,320 രൂപയുടെ വർദ്ധനയാണ് സ്വർണവിലയിൽ ഉണ്ടായത്.