SignIn
Kerala Kaumudi Online
Thursday, 07 July 2022 1.29 PM IST

കൊവിഡ് കാലത്തെ പ്രതിസന്ധി ഇനി പഴങ്കഥ; സംസ്ഥാനത്ത് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധന

tourism

തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 72.48 ശതമാനം വളർച്ച നേടിയതായി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഈ വർഷം ആദ്യ പാദത്തിലെത്തിയ സഞ്ചാരികളുടെ കണക്കുകളുടെ അടിസ്ഥാനത്തിലാണിത്. ഇക്കാലയളവിൽ 38 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാനായത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.


കഴിഞ്ഞ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 22 ലക്ഷമായിരുന്നു. 2022ലെ ആദ്യ പാദത്തിൽ 8,11,426 ആഭ്യന്തര വിനോദ സഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്. 6,00,933 സഞ്ചാരികളെത്തിയ തിരുവനന്തപുരം രണ്ടാമതെത്തി. ഇടുക്കി (5,11,947), തൃശൂർ(3,58,052), വയനാട് (3,10,322) എന്നിങ്ങനെ യഥാക്രമം മൂന്നു, നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.


ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ മുൻവർഷത്തേക്കാൾ 16 ലക്ഷം വർധനയുണ്ടായതു കൊവിഡ് പ്രതിസന്ധിയിൽനിന്ന് വിനോദ സഞ്ചാര മേഖല കരകയറുന്നതിന്റെ സൂചനയാണെന്നു മന്ത്രി പറഞ്ഞു. ഒരു ജില്ലയിൽ നിന്ന് മറ്റൊരു ജില്ലയിലേക്ക്, ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക്, ജില്ലയ്ക്കുള്ളിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ എന്നിവരെയാണ് ആഭ്യന്തര വിനോദ സഞ്ചാരികളായി കണക്കാക്കുന്നത്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലും പ്രകടമായ വർധന ഈ വർഷമുണ്ടായി. കഴിഞ്ഞ വർഷത്തെ ആദ്യ പാദത്തിൽ സംസ്ഥാനത്തെത്തിയത് 14,489 സഞ്ചാരികളാണ്, എന്നാൽ ഇത്തവണ 200.55 ശതമാനം വർധനയോടെ സഞ്ചാരികളുടെ എണ്ണം 43,547 ആയി.


ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിലെ വർധനവിനു പിന്നിൽ കഴിഞ്ഞ വർഷം ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടത്തിയ 360 ഡിഗ്രി പ്രചാരണത്തിന്റെ പ്രതിഫലനമുണ്ടെന്നു മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ വിനോദ സഞ്ചാര മേഖലയുടെ വൈവിധ്യവും സുരക്ഷിതത്വവും വ്യക്തമാക്കുന്ന സന്ദേശങ്ങൾ വിവിധ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുവഴി ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വർധനവുണ്ടായി. മുഖ്യധാരാ മാധ്യമങ്ങൾക്ക് പുറമെ സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴിയും വിനോദ സഞ്ചാര അനുഭവങ്ങൾ ഉൾപ്പെടെയുള്ള ഉള്ളടക്കം ജനങ്ങളിലെത്തിച്ചത് നേട്ടമായി.


കഴിഞ്ഞ വർഷം അഹമ്മദാബാദിൽ നടത്തിയ ട്രാവൽ ആൻഡ് ടൂറിസം മേളയിൽ 'എ ചേഞ്ച് ഓഫ് എയർ' എന്ന പേരിലെ ടൂറിസം പവലിയൻ ഒരുക്കിയിരുന്നു. സ്‌പെയിൻ തലസ്ഥാനമായ മാഡ്രിഡിലും ഇറ്റാലിയൻ നഗരമായ മിലാനിലും ബിസിനസ് ടു ബിസിനസ് മീറ്റുകൾ നടത്തിയതും കേരള ടൂറിസത്തിനു ഗുണം ചെയ്തു. മസ്‌കറ്റ്, മനാമ തുടങ്ങിയ നഗരങ്ങളിൽ ബിസിനസ് ടു ബിസിനസ് മീറ്റുകൾ സംഘടിപ്പിച്ചത് യൂറോപ്യൻ, മധ്യ പൂർവേഷ്യൻ വിപണികളിൽ ചുവടുറപ്പിക്കാനും സഞ്ചാരികളുടെ എണ്ണത്തിൽ വളർച്ച നേടാനും സഹായിക്കും. കാരവൻ ടൂറിസം, സാഹസിക ടൂറിസം വകുപ്പ് പുറത്തിറക്കിയ വാട്സാപ്പ് ചാറ്റ് ബോട്ട് 'മായ' യുടെ സേവനം എന്നിവ മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നും മന്ത്രി പറഞ്ഞു.


സംസ്ഥാനത്തെ പുതിയ വിനോദ സഞ്ചാര സ്‌പോട്ടുകൾ കണ്ടെത്താൻ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നു മന്ത്രി പറഞ്ഞു. ഇതുവരെ വിനോദ സഞ്ചാര മേഖലയായി കണക്കാക്കാത്ത സ്ഥലങ്ങൾ കണ്ടെത്തി സഞ്ചാരികളെ ആകർഷിക്കുന്നതിനായി തദ്ദേശ വകുപ്പുമായി ചേർന്ന് പദ്ധതി തയ്യാറാക്കും. ഒരു തദ്ദേശ സ്ഥാപനത്തിനു കീഴിൽ കുറഞ്ഞത് ഒരു സ്ഥലമെങ്കിലും കണ്ടെത്താനാണ് ലക്ഷ്യം. കൂടാതെ പ്രധാന വിനോദ സഞ്ചാര മേഖലകളെ പരിപാലിക്കുന്നതിനായി യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമങ്ങളും നടക്കും. ഇതിനായി യുവജന ക്ഷേമ ബോർഡ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ചു പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DOMESTIC TOURISTS, NUMBER INCREASES, MUHAMMAD RIYAS
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.