തൃശൂർ : ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന സർക്കാരിന്റെ തൊഴിലാളി വിരുദ്ധ ജനദ്രോഹ നയങ്ങൾക്കെതിരെ കളക്ടറേറ്റ് പടിക്കൽ നടന്ന ധർണ്ണ ടി.എൻ.പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി അദ്ധ്യക്ഷത വഹിച്ചു. ടി.എം.കൃഷ്ണൻ, ആന്റണി കുറ്റൂക്കാരൻ, സോമൻ മൂത്രത്തിക്കര, എ.ടി.ജോസ്, റിഷി പൽപ്പു, വി.എ.ഷംസുദ്ദീൻ, ജയകുമാർ.കെ, മേരി ജോളി, ജെയ്സൺ മാളിയേക്കൽ, കെ.കെ.പ്രകാശൻ, തോമസ് മാസ്റ്റർ, കൗൺസിലർമാരായ കെ.രാമനാഥൻ, ശ്രീലാൽ ശ്രീധർ എന്നിവർ സംസാരിച്ചു.
ചിത്രപ്രദർശനം നാളെ മുതൽ
തൃശൂർ: കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന 70 ഓളം ചിത്രങ്ങളുടെ പ്രദർശനം നാളെ മുതൽ 30 വരെ ലളിത കലാ അക്കാഡമിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് കാലത്ത് നടത്തിയ ചിത്രകലാ ക്യാമ്പിൽ വരച്ച ചിത്രങ്ങളാണ് പ്രദർശനത്തിന് തയ്യാറായത്. ഉണർവ് 2022 എന്ന പേരിൽ നടക്കുന്ന ചിത്രപ്രദർശനത്തിൽ ഏഴ് വനിതകൾ അടക്കം 35 ചിത്രകാരന്മാരുടെ പെയിന്റിംഗുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 27ന് രാവിലെ 11ന് തൃശൂർ ഫൈൻ ആർട്സ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.മനോജ് കണ്ണൻ ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്യും.
നവജാത ശിശുരോഗ വിദഗ്ദ്ധരുടെ അന്താരാഷ്ട്രസമ്മേളനം
തൃശൂർ: നവജാത ശിശുരോഗ വിദഗ്ദ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ഇന്ന് മുതൽ 29 വരെ തൃശൂരിൽ നടക്കും. ഇന്ത്യൻ അക്കാഡമി ഒഫ് പീഡിയാട്രിക്സ് തൃശൂർ ശാഖ, നാഷണൽ നിയോനേറ്റോളജി ഫോറം കേരള ശാഖ, തൃശൂർ നിയോനേറ്റോളജി ഫോറം എന്നിവർ സംയുക്തമായി ആതിഥേയരാകുന്ന സമ്മേളനത്തിൽ യുണിസെഫ് പ്രതിനിധികളും പങ്കെടുക്കും.
ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി 1500 ഓളം വിദഗ്ദ്ധർ സമ്മേളനത്തിൽ പങ്കെടുക്കും. 150ലേറെ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും. അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ഗവേഷണങ്ങളുടെയും മറ്റും ഗുണങ്ങൾ കുട്ടികളിലേക്കെത്താൻ വേണ്ട നയരൂപീകരണ ചർച്ചകൾക്ക് സമ്മേളനം വേദിയാവും. ഈ രംഗത്തെ അതികായരായ പ്രൊഫ.പീറ്റർ ഡേവിസ് ( ആസ്ത്രേലിയ), പ്രൊഫ.സീതാ ശങ്കരൻ ( യു.എസ്.എ) തുടങ്ങിയവർ പങ്കെടുക്കും. സമ്മേളനം നവജാത ശിശുരോഗ വിദഗ്ദ്ധൻ പ്രൊഫ.മെഹെർബാൻ സിംഗ് ഉദ്ഘാടനം ചെയ്യും. ഡോ.രമേഷ് കുമാർ, ഡോ.നവീൻ ബജാജ്, ഡോ.എം.വിജയകുമാർ, ഡോ.ടി.വി.രവി, ഡോ.കെ.ഇ.എലിസബത്ത്, ഡോ.സച്ചിദാനന്ദ കമ്മത്ത് സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |