ഭൂവനേശ്വർ: ഇന്ത്യൻ വനിതാ ലീഗ് ഫുട്ബാളിലെ ചാമ്പ്യന്മാരെ ഇന്നറിയാം. നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയും തമിഴ്നാട്ടിൽ നിന്നുള്ള സേതു എഫ്.സിയുമാണ് കിരീടത്തിനായി പൊരുതുന്നത്. ലീഗിൽ കളിച്ച എല്ലാ മത്സരത്തിലും ജയിച്ച ഗോകുലം എഫ്.സിയും സേതു എഫ്.സിയും പോയിന്റ് നിലയിൽ ഒപ്പത്തിനൊപ്പമാണ്. ഇരു ടീമുകൾക്കും പത്ത് മത്സരത്തിൽ നിന്ന് 30 പോയിന്റാണുള്ളത്. എന്നാൽ ഗോൾ ശരാശരിയിൽ മുന്നിലായതിനാൽ ഗോകുലത്തിന് ഇന്ന് സമനില പിടിച്ചാലും കിരീടത്തിലെത്താം.
പത്ത് മത്സരങ്ങളിൽ മൂന്ന് ഗോളുകൾ മാത്രമാണ് ഗോകുലം കേരള വഴങ്ങിയത്.കഴിഞ്ഞ മത്സരത്തിൽ സ്പോർട്സ് ഒഡിഷയെ ഗോകുലം കേരള 7-1 നാണ് തോൽപ്പിച്ചത്. മുന്നേറ്റത്തിൽ എൽഷദായ് അചെംഗ്പോ, മനീഷ കല്യാൺ, ജ്യോതി തുടങ്ങിയ താരങ്ങളുടെ മികച്ച ഫോമാണ് ഗോകുലത്തിന്റെ കരുത്ത്. മധ്യനിരയിൽ കഷ്മീന,സമീക്ഷ, പ്രതിരോധത്തിൽ ഡാലിമ ചിബ്ബർ, റിതു റാണി, രഞ്ജന ചാനു, ആശലത ദേവി തുടങ്ങിയവരിലാണ് പ്രതീക്ഷ. രാത്രി 7.30ന് കലിംഗ സ്റ്റേഡിയത്തിലാണ് കിരീടപ്പോരാട്ടം നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |